2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഒരു ഭ്രൂണഹത്യയുടെ ചുരുളഴിയുന്നു....

ഓണത്തോടനുബന്ധിച്ചാണ്‌ ഈ ഭ്രൂണഹത്യയുടെ തുടക്കം.
സാധനങ്ങളുടെ വിലക്കയറ്റം ഇങ്ങനെയൊരു പാതകത്തിന്‌ കാരണമാകുമെന്ന് അന്നു ഞാന്‍ കരുതിയതല്ല.
അതെന്തായാലും അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം എനിയ്ക്കു തന്നെയാണ്‌.
സംഗതികള്‍ ഇങ്ങനെയൊക്കെയാണ്‌....
പച്ചക്കറികള്‍ക്കും സാധനങ്ങള്‍ക്കും തീ പിടിച്ച വില. പലതിന്റേയും വില രണ്ടും മൂന്നും ഒക്കെ ഇരട്ടിയായിക്കഴിഞ്ഞിരുന്നു. കോഴിമുട്ടയുടെ വലിപ്പമുള്ള ഒരു നാളികേരത്തിനു കൊടുക്കണമായിരുന്നൂ പത്തും പന്ത്രണ്ടും ഉറുപ്പിക. എന്നാലോ അതിനകത്ത്‌ ഒരു മൂന്നു ദോശ തിന്നാനുള്ള സമ്മന്തിയ്ക്ക്‌ വേണ്ട തേങ്ങ കിട്ടുമായിരുന്നില്ല. അത്രയ്ക്കു ചെറുതായിരുന്നൂ ഒരോ നാളികേരവും.
12 രൂപ കൊടുത്ത്‌ ഇത്രയും ചെറിയ നാളികേരം വാങ്ങാനുള്ള എന്റെ വിമുഖതയാണ്‌ സത്യത്തില്‍ പ്രശ്നങ്ങളുടെ തുടക്കം.
എന്റെ അയല്‍വാസി എന്നെപ്പോലെയൊന്നുമല്ല. അദ്ദേഹത്തിന്‌ ധാരാളം തെങ്ങിന്‍തോപ്പുകളും റബ്ബര്‍ എസ്റ്റേറ്റുകളും മറ്റുമുണ്ട്‌. ധാരാളം നാളികേരം കിട്ടും. മൊത്തക്കച്ചവടക്കാരനു വിറ്റുകഴിഞ്ഞാലും വെളിച്ചെണ്ണയ്ക്കു വേണ്ടി മാറ്റി വച്ചാലും അടുക്കളയില്‍ കറിയ്ക്കരയ്ക്കാന്‍ നീക്കിവച്ചാലും അദ്ദേഹത്തിന്‌ പിന്നേയും നാളികേരം മിച്ചം വരും. അതവിടെ അവരുടെ വീട്ടുമുറ്റത്ത്‌ വെയിലും മഴയും കൊണ്ടങ്ങനെ കിടക്കും.
അതു നോക്കി എപ്പോഴും എന്റെ ഭാര്യ പറയും... എത്ര നാളികേരമാ വേണ്ടാതെ കിടക്കുന്നത്‌ എന്ന്...
ആ നാളികേരങ്ങളാണ്‌ എന്നിലെ ചിന്തയെ മാറ്റിമറിച്ചത്‌ എന്നു പറഞ്ഞാല്‍ മതിയല്ലോ.
ഞാനിങ്ങനെ ചിന്തിച്ചു. നാളികേരത്തിനു പൊള്ളുന്ന വില കൊടുക്കേണ്ടി വരുമ്പോള്‍ എത്രയെണ്ണമാണ്‌ വെറുതെ കിടക്കുന്നത്‌. അയല്‍വാസിയോട്‌ കുറച്ചെണ്ണം ചോദിച്ചാലോ. എന്തായാലും കുറച്ച്‌ പൈസ ലാഭിയ്ക്കാം.
അങ്ങനെ ഞാന്‍ അയാളോട്‌ ചോദിക്കുക തന്നെ ചെയ്തു. അയാള്‍ ഉടനെ പെറുക്കിയെടുത്തോളാന്‍ പറയുകയും ചെയ്തു.

ഞാന്‍ പിറ്റേ ദിവസം രാവിലെ നാളികേരം എടുക്കാന്‍ ചാക്കുമായി അയല്‍വാസിയുടെ മുറ്റത്തെത്തുമ്പോള്‍ അയാള്‍ ഓഫീസിലേയ്ക്ക്‌ പോയിക്കഴിഞ്ഞിരുന്നു. കുട്ടികള്‍ സ്കൂളിലും. സുന്ദരിയും ചെറുപ്പക്കാരിയും ആയ അയാളുടെ ഭാര്യ മാത്രമേ അവിടുണ്ടായിരുന്നുള്ളൂ എന്നു ചുരുക്കം. അവളോട്‌ കാര്യങ്ങള്‍ പറഞ്ഞ്‌ പതിനാല്‌ നാളികേരവും ചാക്കിലാക്കി പോരുമ്പോള്‍ ആശ്ചര്യമെന്നു പറയട്ടെ, ഒരു കൊഡാക്ക്‌ കാമറയുമെടുത്ത്‌ അവളും എന്റെ പുറകെ എന്റെ വീട്ടിലേയ്ക്ക്‌ പോന്നു.

മുറ്റത്തെത്തിയപ്പോള്‍ ഞാന്‍ മുഖമുയര്‍ത്തി അവളെ അര്‍ത്ഥഗര്‍ഭമായി ഒന്നു നോക്കി. അതിനു മറുപടിയെന്നോണം 'അപൂര്‍വ്വമായ കുറച്ചു ചിത്രങ്ങള്‍ എടുക്കാനുണ്ടെന്നു' മാത്രം അവള്‍ പറഞ്ഞു. ഞാന്‍ ചാക്ക്‌ മുറ്റത്ത്‌ കൊട്ടി നാളികേരം ഒന്നൊന്നായി പൊളിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എന്തിന്റെയൊക്കെയോ ഫോട്ടോ എടുത്തുകൊണ്ടിരുന്നു. (നാളികേരം പൊളിക്കുന്നതിലാണല്ലോ എന്റെ ശ്രദ്ധ!) വീട്ടിലാണെങ്കില്‍ എന്റെ ഭാര്യ ഉണ്ടായിരുന്നതുമില്ല. അവള്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോയതായിരുന്നു. (ഇനി ഉച്ചയാവാതെ അവളെത്തില്ല.. അത്രയ്ക്കാണ്‌ ചന്തയിലെ തിരക്ക്‌.) അതുകൊണ്ട്‌ ഞാന്‍ അയല്‍ക്കാരിയോട്‌ സംസാരിക്കാനൊന്നും പോയില്ല. ഞാന്‍ നാളികേരം പൊളിച്ചുകൊണ്ടിരുന്നു. അവള്‍ ഫോട്ടോ എടുത്തുകൊണ്ടും. ഓരോ നാളികേരം പൊളിച്ചു തീരുമ്പോഴും ഞാനവളെ ഒന്നു നോക്കും. അവള്‍ എന്നെയും. ഓരോ നാളികേരവും എന്റെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. എന്റെ മുഖത്തെ ഭാവവ്യത്യാസങ്ങള്‍ അവള്‍ക്ക്‌ മനസ്സിലാകുന്നുണ്ടായിരുന്നൂ എന്നു തോന്നുന്നു. അതിനനുസരിച്ച്‌ അവളുടെ മുഖത്തും ഭാവങ്ങള്‍ മാറിക്കൊണ്ടിരുന്നു.

14 നാളികേരവും പൊളിച്ചു തീര്‍ന്നപ്പോള്‍ ഞാനതെല്ലാം പെറുക്കിയെടുത്ത്‌ വീട്ടിനകത്തേയ്ക്ക്‌ കയറി.ഭാര്യ വീട്ടിലുണ്ടെന്ന പ്രതീക്ഷ കൊണ്ടാണോ അതോ ഞാന്‍ അത്തരക്കാരനൊന്നുമല്ലെന്ന വിശ്വാസം കൊണ്ടാണോ എന്നറിയില്ല, അവളും ഒപ്പം കയറി, ഞാനൊന്നും പറഞ്ഞതുമില്ല. വീട്ടിനകത്തു കയറിയ പാടേ ഞാന്‍ കതകടച്ചു. മറ്റൊന്നും കൊണ്ടല്ല കെട്ടോ, അലഞ്ഞു നടക്കുന്ന പട്ടിയും പൂച്ചയും അകത്തു കയറരുതെന്നേ എനിയ്ക്കുണ്ടായിരുന്നുള്ളൂ. ഞാനാണെങ്കില്‍ അപ്പോഴേയ്ക്കും ആകെ വിയര്‍ത്തിരുന്നു, അതുകൊണ്ട്‌ ഞാന്‍ ഷര്‍ട്ടൂരി ഒരു ഹാങ്ങറിലിട്ടു. ജോലി ഇനിയും കിടക്കുന്നതേയുള്ളു. നാളികേരം എല്ലാം വെട്ടണം. അതിന്റെ വെള്ളം ശേഖരിക്കണം.പിന്നീട്‌ അതുകൊണ്ട്‌ ഓണത്തിന്‌ പുതിയ തരം പാനീയം വല്ലതും ഉണ്ടാക്കണം എന്നൊക്കെയായിരുന്നു എന്റെ മനസ്സില്‍. അകത്തുകയറിയ അയല്‍ക്കാരിയാണെങ്കില്‍, ഭാര്യയെക്കാണഞ്ഞിട്ടോ എന്തോ, നിലാവ്‌ കണ്ട കോഴിയെപ്പൊലെ നില്‍ക്കുകയാണ്‌.

ഞാന്‍ ഒരു വെട്ടുകത്തിയും ഒരു പാത്രവും കൊണ്ടുവന്നു വച്ചു. അതിലിടയ്ക്ക്‌ അവളൊന്ന് തല ചൊറിഞ്ഞു. അപ്പോള്‍ ഞാനറിഞ്ഞു അവളും നല്ലപോലെ വിയര്‍ത്തിരിയ്ക്കുന്നു എന്ന്. അവളുടെ ബ്ലൗസിന്റെ കക്ഷം ആകെ നനഞ്ഞിരുന്നു.
ഞാന്‍ നാളികേരവും വെട്ടുകത്തിയും കയ്യിലെടുത്തു. അവളുടെ കയ്യില്‍ അപ്പോഴും കാമറ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഞാന്‍ നാളികേരം ഓരോന്നായി വെട്ടി.. വെള്ളം പാത്രത്തില്‍ പിടിച്ചു.

ഒന്ന്.. രണ്ട്‌... മൂന്ന്...... ആറ്‌........... പതിനൊന്ന്...... പതിനാല്‌.

അപ്പോഴേയ്ക്കും സംഭവിക്കാനുള്ളത്‌ സംഭവിച്ച്‌ കഴിഞ്ഞിരുന്നു.... എന്നിട്ടോ? ... ഒന്നും സംഭവിക്കാത്ത മട്ടില്‍ അവള്‍ വാതില്‍ തുറന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

പിന്നീടാണ്‌ എനിയ്ക്കല്‍പ്പം വെളിവുണ്ടായത്‌. ഈശ്വരാ, അത്‌ വെറുമൊരു സ്റ്റില്‍ കാമറയല്ല വീഡിയോ കാമറ കൂടിയാണ്‌. എന്തൊക്കെയാണാവോ ഈ നേരം കൊണ്ട്‌ അതില്‍ പകര്‍ന്നത്‌?

ഞാനാകെ തളര്‍ന്നു പോയി... ഞാന്‍ പതുക്കെ അവിടെ ഇരുന്നു... അല്‌പനേരം കൊണ്ട്‌ അറിയാതെ ഞാന്‍ ഉറങ്ങിപ്പോവുകയും ചെയ്തു. പിന്നീട്‌ ഭാര്യ വന്നു വിളിക്കുമ്പോഴാണ്‌ ഞാന്‍ ഉണരുന്നത്‌....

***************
ഇനി ചെറിയൊരു മുഖവുര.... ഞാന്‍ ഈയിടെ മോഡേണ്‍ ആര്‍ട്ടിനെക്കുറിച്ച്‌ ഒരു ലേഖനം വായിക്കുകയുണ്ടായി. മോഡേണ്‍ ആര്‍ട്ട്‌ എന്താണ്‌ എന്നു പറഞ്ഞു കൊണ്ടാണ്‌ ആ ലേഖനം തുടങ്ങുന്നത്‌. അതുപോലെ കൊലപാതകം എന്താണ്‌, ഭ്രൂണഹത്യ എന്താണ്‌ എന്നൊക്കെ പറഞ്ഞുകൊണ്ട്‌ ഞാന്‍ തുടങ്ങട്ടെ. അപ്പോള്‍ കാര്യങ്ങള്‍ക്ക്‌ ഒരു വ്യക്തതയുണ്ടാകും.

ജീവനുള്ള ഒരു വസ്തുവിനെ അതിന്റെ മൂര്‍ത്തമായ അവസ്ഥയില്‍ ജീവന്‍ നഷ്ടപ്പെടത്തക്കവിധം നശിപ്പിക്കുന്നതിനെയാണ്‌ ഞാന്‍ കൊലപാതകം എന്നു വിവക്ഷിക്കുന്നത്‌. ജീവനുള്ള ഒരു വസ്തു അതിന്റെ വളര്‍ച്ചയിലെ ഏറ്റവും പ്രാഥമികമായ ഘട്ടത്തില്‍, ആദ്യരൂപം പോലും എടുക്കുന്നതിനു മുമ്പ്‌, സൂര്യപ്രകാശം കാണുന്നതിനു മുമ്പ്‌, അതെവിടെയാണോ ജന്മ മെടുത്തത്‌ അവിടെ വച്ചു തന്നെ നശിപ്പിക്കപ്പെടുന്നതാണ്‌ സാമാന്യമായി പറഞ്ഞാല്‍ ഭ്രൂണഹത്യ. (അങ്ങനെയല്ലേ?)

*******************
ഇനി നമുക്കു കഥയിലേയ്ക്ക്‌ കടക്കാം

ഓണം കഴിഞ്ഞു.......... ദിവസങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുവീണു............. വാരാന്ത്യം മറ്റൊരു വാരത്തിനു വഴിമാറി.......... സ്കൂളുകള്‍ തുറന്നു.....
ഒരു നട്ടുച്ച......... ഞാന്‍ ഊണു കഴിഞ്ഞു മയങ്ങാന്‍ കിടക്കുകയാണ്‌.
കുറച്ചു ദിവസങ്ങളായി രാത്രിയില്‍ ഉറക്കം ശരിയാവാറില്ല... എപ്പോഴാണ്‌, എങ്ങനെയാണ്‌ 'ബോംബ്‌" പൊട്ടുക എന്നറിയില്ലല്ലൊ. ഞാന്‍ കിടന്ന തക്കം നോക്കി ഭാര്യ അയല്‍ക്കാരിയുടെ വീട്ടിലേയ്ക്ക്‌ പോയി.. അവര്‍ക്കും വേണമല്ലോ സമയം പോകാനൊരു മാര്‍ഗ്ഗം. പക്ഷേ അന്നെന്തോ, പതിവിനു വിപരീതമായി അവള്‍ ഉടനെ തിരിച്ചു പോന്നു. അവളുടെ കയ്യില്‍ അയല്‍ക്കാരിയുടെ കാമറയും ഉണ്ടായിരുന്നു. വന്ന പാടെ അവള്‍ കാമറ എന്നെ ഏല്‍പ്പിക്കുകയും ഓണത്തോടനുബന്ധിച്ച്‌ നടന്ന ഭ്രൂണഹത്യയുടെ കാര്യവും അതില്‍ എന്റെ പങ്കും വളരെ ഗദ്ഗദത്തോടേ അവതരിപ്പിക്കുകയും ചെയ്തു. സത്യത്തില്‍ ഞങ്ങള്‍ തമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ എഴുതാനാവില്ല. (ഒരു ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തൊക്കെ പറയും!) എനിയ്ക്കിപ്പോള്‍ ചെയ്യാവുന്നത്‌ ഇത്ര മാത്രം.

ആ കാമറയില്‍ നിന്നും സഭ്യമായ ചില ചിത്രങ്ങള്‍ കാണിക്കുക .... ഇതൊക്കെ നോക്കുന്നത്‌ അത്ര മോശമല്ല എന്ന് നിങ്ങള്‍ക്ക്‌ തോന്നുന്നെങ്കില്‍ നോക്കാം. അല്ലെങ്കില്‍ വിടാം. വേണമെന്നുള്ളവര്‍ ഇവിടെ കിക്കിളിയാക്കിയാല്‍ മതി. അപ്പോഴേ ഭ്രൂണഹത്യയുടെ ഒരു രൂപം പിടി കിട്ടൂ.... പിന്നെ ഒരു കാര്യം. ഞാനീ കൊലപാതകവും ഭ്രൂണഹത്യയുമൊക്കെ ഇവിടെ ഇങ്ങനെ പരസ്യമായി പറയുന്നത്‌ ഇത്‌ ഭൂലോകമല്ല, ബൂലോകമാണ്‌ എന്ന തിരിച്ചറിവുകൊണ്ടും പാപികളെ സഹിക്കാനും പൊറുക്കാനും ഉള്ള ഹൃദയവിശാലത അവര്‍ക്കുണ്ടെന്ന അറിവ്‌ എനിക്കുള്ളതുകൊണ്ടും ആണ്‌. എല്ലാം മാപ്പാക്കാനും തീര്‍പ്പാക്കാനും അഭ്യര്‍ത്ഥിച്ചു കൊണ്ട്‌ നിര്‍ത്തട്ടെ.

ഒരു കൂട്ടക്കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍

ഓണാഘോഷത്തിനിടയില്‍ നടന്ന ഒരു കൂട്ടക്കൊലപാതകത്തിന്റെ കാര്യമാണ്‌ ചിത്രങ്ങളിലൂടെ ഇവിടെ കൊടുത്തിരിക്കുന്നത്‌. കൊലപാതകമാണോ അതോ ഭ്രൂണഹത്യയാണോ എന്നൊക്കെ നിങ്ങള്‍ തന്നെ തീരുമാനിക്കുക.
ഇത്‌ ഒരു അവതരണഗാനം... അല്ല... സോറി... അവതരണചിത്രം മാത്രം...
വിടരും മുമ്പേ പൊലിഞ്ഞ 14 ജന്മങ്ങള്‍ (എല്ലാം മുളച്ചതായിരുന്നു, പക്ഷേ തൊണ്ട്‌ നീക്കം ചെയ്ത കാരണം അവ അകാലത്തില്‍ പൊലിഞ്ഞു.) ജീവന്റെ തുടിപ്പുകള്‍ കാണുന്നുണ്ടോ?
പാവം, ഇവനായിരുന്നു അവരില്‍ മൂത്തവന്‍.
ഇവനും അകാലത്തില്‍ പൊലിഞ്ഞവന്‍ തന്നെ
........... ഇനിയും മറ്റൊരുവന്‍ ............
ഇവനും രക്തസാക്ഷികളിലൊരുവന്‍ തന്നെ.
ഇതിന്‌ മുള വരാന്‍ തുടങ്ങുന്നതേയുള്ളു.
കഷ്ടം, ഇത്‌ പൂര്‍ണ്ണ വളര്‍ച്ച എത്തിയതായിരുന്നു. എന്നിട്ട്‌ ....
ദാരുണം ഈ ദൃശ്യം - ഉടല്‍ വേര്‍പെട്ട ഒരു മുള
കഷ്ടം ... ഈ ജീവന്‍
ഭ്രൂണഹത്യയ്ക്കു ശേഷം ബന്ധപ്പെട്ടവര്‍ കണ്ടെടുത്ത അവശിഷ്ടങ്ങള്‍
പൊലിഞ്ഞ ഒരു ജീവന്‍
ഭ്രൂണഹത്യയുടെ ഒരു ദൃശ്യം
ഇതാ മറ്റൊരു രക്തസാക്ഷി
കൊന്നാല്‍ പാപം തിന്നാല്‍ തീരും - ഞാനിതെല്ലാം ചവച്ച്‌ ചവച്ച്‌ തിന്നു.
........ ബാക്കിയായ നാളികേരം കൊപ്രയുണ്ടാക്കാന്‍ വെയിലത്തു വച്ചപ്പോള്‍ ...........


2008, സെപ്റ്റംബർ 20, ശനിയാഴ്‌ച

ഭ്രൂണഹത്യ

ഭ്രൂണഹത്യ നടത്തുക, എനിയ്ക്കൊട്ടും ഇഷ്ടമുള്ള കാര്യമായിരുന്നില്ല.
പക്ഷെ അങ്ങനെയൊരു പാതകവും ഈ മഹാപാപിയ്ക്ക്‌ ചെയ്യേണ്ടി വന്നു.
അതും വിശ്വസ്തയായ ഭാര്യ വേലി ചാടാത്ത ഭര്‍ത്താവെന്ന് എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ്‌ കൊടുത്ത ഈ ഞാന്‍.
സംഭവം പറയാം.. കേട്ടോളൂ.
പത്തു പതിനഞ്ചു കൊല്ലം മുമ്പാണ്‌. പ്രേയസി ഗര്‍ഭിണിയായിരിക്കുന്ന കാലം.
ഗര്‍ഭാധാനം നടന്നിട്ട്‌ അധികമൊന്നുമായിട്ടില്ല. ഒരു രണ്ട്‌ മാസം... കൂടിയാല്‍ മൂന്ന്.
അന്നും ഇന്നത്തെപ്പോലെ പ്രതിമാസ ചെക്കപ്പ്‌ പതിവായിരുന്നു. 15 കൊല്ലം എന്നൊക്കെ പറഞ്ഞാല്‍ അത്ര പണ്ടൊന്നുമല്ലല്ലൊ.
അമ്മയുടേയും ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യം മാത്രമല്ല പ്രസൂതികാവിദഗ്‌ധ(ന്റെ)യുടെ സാമ്പത്തിക കാര്യങ്ങളും നടന്നുപോകണമല്ലോ. അപ്പോള്‍ ഈ ചെക്കപ്പുകള്‍ ഒഴിച്ചു കൂടാനാവാത്തതു തന്നെ.പക്ഷേ സങ്കടം അതല്ല. പൂര്‍ണ്ണ ആരോഗ്യവതിയായ ഗര്‍ഭിണി പ്രതിമാസം ചെക്കപ്പിനായി ആശുപത്രിയിലെത്തുമ്പോള്‍ patient ആയിമാറുകയാണ്‌. രോഗി പോലും.. രോഗി.എന്താ, ഗര്‍ഭം രോഗമാണോ? അല്ലാതെ ഗര്‍ഭിണി എങ്ങനെയാണ്‌ രോഗിയാകുന്നത്‌?
ഗര്‍ഭം രോഗമാണെങ്കില്‍ രോഗം വരാതെ നോക്കുകയല്ലേ വേണ്ടത്‌? അല്ലാതെ രോഗം വന്ന് ചികിത്സിക്കുകയാണോ?അതെന്തായാലും ഞങ്ങളും പ്രസൂതികാ വിദഗ്‌ധയെ മുടങ്ങാതെ കണ്ടു കൊണ്ടിരുന്നു.
ഓരോ തവണ ചെല്ലുമ്പോഴും മുന്‍ദിവസങ്ങളിലെ വിശേഷങ്ങള്‍ വള്ളിപുള്ളി വിടാതെ അവര്‍ ചോദിച്ചു മനസ്സിലാക്കും. എന്നിട്ടാണ്‌ അടുത്ത മാസത്തേയ്ക്കുള്ള ജീവിതചര്യയുടെ മാര്‍ഗ്ഗ നിദ്ദേശങ്ങള്‍.

അത്തവണ ചെന്നപ്പോഴും ഉണ്ടായി ഇമ്മാതിരി കാര്യങ്ങളൊക്കെ. ക്ഷീണമുണ്ടോ, തളര്‍ച്ചയുണ്ടോ, ഛര്‍ദ്ദിയുണ്ടോ, ഓക്കാനമുണ്ടോ എന്നിങ്ങനെയുള്ള പതിവു ചോദ്യങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ആഴ്ചയില്‍ ഒന്നു പനിച്ചുവെന്നും അതിനു രണ്ട്‌ %$^&*@#$ ഗുളികകള്‍ സ്വയമേവ കഴിച്ചുവെന്നും പറഞ്ഞതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
"ആ മരുന്നു കഴിച്ചത്‌ ഒട്ടും ശരിയായില്ല." ഗൈനക്കോളജിസ്റ്റ്‌ മൊഴിയുകയാണ്‌... "അത്‌ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.." അവര്‍ പറഞ്ഞു.

ഞങ്ങള്‍ മിണ്ടാതിരുന്നു. അവര്‍ മുന്നിലിരുന്ന പുസ്തകത്തിലൂടെ കണ്ണോടിച്ചു."
എന്നിട്ടവര്‍ പറഞ്ഞു. "ആ മരുന്നു കഴിക്കരുതായിരുന്നു. ശിശു അംഗവൈകല്യത്തോടെ ജനിയ്ക്കാനാണ്‌ സാധ്യത. അതുകൊണ്ട്‌ ഈ ഗര്‍ഭം അബോര്‍ട്ട്‌ ചെയ്യുന്നതാണ്‌ നല്ലത്‌."

എന്റെ വയറൊന്നു കാളി. "ഈശ്വരാ, ഇവരെന്താണ്‌ പറയുന്നത്‌? "
ഞാന്‍ പ്രേയസിയുടെ മുഖത്തേയ്ക്ക്‌ നോക്കി. അവളും വിളറി വെളുത്തിരിക്കയാണ്‌.
ഡോക്റ്റര്‍ പറഞ്ഞു. "നാളെ രാവിലെ ക്ലിനിക്കിലെത്തിക്കോളൂ. നമുക്കതങ്ങോട്ടു കളയാം. പേടിക്കാനൊന്നുമില്ല. ഒരു രണ്ടു മണിക്കൂര്‍ നേരത്തെ സമയം വേണം അത്ര മാത്രം."

വീട്ടിലെത്തിയ ഞങ്ങള്‍ ചിന്തിച്ചു. ഇനി എന്തുവേണം?
വികലംഗനായ കുഞ്ഞ്‌..........ഞങ്ങള്‍ക്ക്‌ ചിന്തിയ്ക്കാന്‍ വയ്യാത്ത കാര്യം. അബോര്‍ഷന്‍................അതും അങ്ങനെത്തന്നെ.
ദൈവം പരീക്ഷിക്കുകയാണോ? അതിനു മാത്രം നമ്മള്‍................
ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി. ഇത്‌ നമ്മുടെ കുഞ്ഞാണ്‌. ഇതിനെ കൊല്ലാന്‍ വയ്യ.
ഇല്ല, അബോര്‍ഷന്‍ വേണ്ട. നമ്മുടെ ഈ കുഞ്ഞ്‌ വളരട്ടെ.
അതിന്റേയും നമ്മുടേയും വിധിപോലെ കാര്യങ്ങള്‍ നടക്കട്ടെ. ഞങ്ങള്‍ പിറ്റേന്ന് ആ ഡോക്റ്ററുടെ ക്ലിനിക്കില്‍ പോയില്ല. പിറ്റേന്നെന്നല്ല, പിന്നീടൊരിക്കലും. ഞങ്ങള്‍ ഡോക്റ്ററെയങ്ങു മാറ്റി.

മാസങ്ങള്‍ പിന്നിട്ടു. കുഞ്ഞ്‌ ക്രമേണ വലുതായി. അമ്മയുടെ ഉദരവും വലുതായിക്കൊണ്ടിരുന്നു. വയറിനക്കത്തെ അനക്കവും. അവസാനം മാസം തികഞ്ഞപ്പോള്‍ ആശുപത്രിയില്‍ വച്ചു പ്രസവം നടന്നു. ആരോഗ്യവാനായ ആണ്‍കുട്ടി!!!!
അവനിപ്പോള്‍ +1 വിദ്യാര്‍ത്ഥിയാണ്‌.
വെറുതെയിരിക്കുമ്പോള്‍ ഞങ്ങള്‍ ചിന്തിയ്ക്കും അന്ന് അബോര്‍ഷന്‍ ചെയ്തിരുന്നുവെങ്കില്‍ നമ്മുടേ ജീവിതത്തില്‍ വരാമായിരുന്ന മാറ്റങ്ങള്‍ എങ്ങനെയൊക്കെ ആകുമായിരുന്നുവെന്ന്.......

അപ്പോള്‍ എന്തായിരുന്നു നമ്മള്‍ പറഞ്ഞു വന്നിരുന്നത്‌?
ഭ്രൂണഹത്യയെക്കുറിച്ച്‌ അല്ലേ? ആ പറയാം... ഒരാഴ്ച്ച തരൂ..
ഇനി type ചെയ്തിട്ടു വേണം. അതല്ലേ ഇപ്പോഴത്തെ ബൂലോകത്തെ നാട്ടുനടപ്പ്‌.

2008, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

കണ്ണു കാണിക്കല്‍

ഞാന്‍ ഈയിടെ ഹരിദ്വാര്‍, ഹൃഷികേശ്‌ എന്നിവിടങ്ങളിലൊക്കെ ഒന്നു കറങ്ങി...
ഒറ്റയ്ക്കല്ല... കുടുംബസമേതം തന്നെ. ....
എന്നു വച്ച്‌ പേടിയ്ക്കേണ്ട കെട്ടോ. ഇതതിന്റെ യാത്രാവിവരണം ഒന്നുമല്ല...
അതൊന്നും എന്റെ കീബോര്‍ഡിന്റെയോ മൗസിന്റെയോ ജോലിയല്ല.
മാത്രമല്ല, കയ്യിലൊരു നല്ല ഡിജിറ്റല്‍ കാമറയില്ലാതെ എന്തു യാത്രാ വിവരണം?
(ഒരു വരി, രണ്ടു ചിത്രം എന്നതല്ലേ പ്രമാണം...) അതുകൊണ്ട്‌ അതങ്ങു വിട്ടു....

ഇത്‌ യാത്രയില്‍ പറ്റിയ ഒരബദ്ധത്തിന്റെ വെളിപ്പെടുത്തലും തുടര്‍സംഭവങ്ങളും മാത്രം....

ഞാന്‍ ഹൃഷികേശില്‍ ഗംഗാനദിക്കരയില്‍ നില്‍ക്കുകയാണ്‌. കൂടെ ഭാര്യയുണ്ട്‌, മകനുണ്ട്‌.........
ഇവിടം വരെ വന്നതല്ലേ. ജീവിതത്തിലെ ഇതുവരെയുള്ള പാപക്കറകളൊക്കെ കഴുകിക്കളയാനുള്ള സുവര്‍ണ്ണാവസരം ഇതാ മുന്നില്‍....
ഗംഗയില്‍ മുങ്ങി പാപത്തെ മുക്കുവാന്‍ എന്റെ മനസ്സ്‌ വെമ്പി.

ഞാന്‍ ഷര്‍ട്ടൂരി....കരയില്‍ വച്ചു. വാച്ച്‌, ബനിയന്‍, മുണ്ട്‌... എല്ലാം ഓരോന്നായി ഊരി അവിടെ വച്ചു. കാവലിനു മകനുണ്ടല്ലൊ.
തോര്‍ത്തെടുത്തു ചുറ്റി.... പുറകെ സഹധര്‍മ്മിണി.

അലൗകികമായ ഒരു സുഖം എനിയ്ക്കു തോന്നി. ഞങ്ങള്‍ കുറച്ചുനേരം വെള്ളത്തില്‍ വെറുതെ നിന്നു.

സൂര്യന്‍ കത്തിജ്വലിക്കുന്നുണ്ടായിരുന്നു. എന്നാലും ഗംഗാജലത്തിന്റെ തണുപ്പ്‌ പറയത്തക്കതു തന്നെയായിരുന്നു. ഗംഗയെ ശിവമൗലിയില്‍ നിന്നും ഇങ്ങു താഴെ ഭാരതത്തിലെ ഈ പവിത്രഭൂമിയിലെത്തിച്ച ഭഗീരഥന്‌ ഞങ്ങള്‍ മനസാ നന്ദി പറഞ്ഞു...

ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കേ ഞാന്‍ പുഴയില്‍ മുങ്ങി.
ഞാന്‍ മുങ്ങിയതും ഭാര്യ എന്നെ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു. എന്നാലും ഞാന്‍ വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിയ ശേഷമാണ്‌ നിവര്‍ന്നത്‌.
അപ്പോഴാണ്‌ അവള്‍ കണ്ണട, കണ്ണട എന്നു പറയുന്നത്‌ ഞാന്‍ ശ്രദ്ധിച്ചത്‌........
എനിക്കെല്ലാം മനസ്സിലായി........ എന്റെ മുഖത്ത്‌ കണ്ണടയുണ്ടായിരുന്നു. അത്‌ ഊരി വയ്ക്കാന്‍ ഞാന്‍ മറക്കുകയും..............
മുങ്ങിയ സ്ഥലത്ത്‌ കുറച്ച്‌ തിരഞ്ഞെങ്കിലും കണ്ണട കിട്ടിയില്ല. ഗംഗാമാതാവ്‌ എന്റെ പാപത്തോടൊപ്പം അതും ഏറ്റുവാങ്ങിക്കഴിഞ്ഞിരുന്നു.........

പിന്നീട്‌ നാട്ടിലെത്തുവോളം വായന വായനോട്ടത്തിനു വഴി മാറിക്കൊടുത്തു എന്നു പറഞ്ഞാല്‍ മതിയല്ലൊ.
നാട്ടിലെത്തി അധികം വൈകാതെ ഞങ്ങള്‍ കണ്ണാശുപത്രിയില്‍ പോയി.........
ഡോക്റ്ററെ കണ്ണു കാണിക്കണം......അതില്‍ക്കവിഞ്ഞ ഒരു ലക്ഷ്യവും എനിക്കില്ലായിരുന്നു.
ടോക്കണ്‍ എടുത്ത പാടേ ഒരു സിസ്റ്റര്‍ എന്റെ കണ്ണൊക്കെ ഒന്നു ടോര്‍ച്ചടിച്ചു പരിശോധിച്ചു.
50 കഴിഞ്ഞവരെ വിശദമായി നോക്കണമത്രെ. അവര്‍ കണ്ണിലെന്തോ ഒഴിച്ചു. എന്നിട്ട്‌ ഇരിക്കാന്‍ പറഞ്ഞു. പിന്നീട്‌ അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ ഒരു സിസ്റ്ററെ കണ്ണു കാണിച്ചു. അവര്‍ പല ലെന്‍സുകള്‍ വച്ച്‌ വച്ച്‌ എന്റെ കാഴ്ചയൊക്കെ നോക്കി. അവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.ഓരോ തവണ ലെന്‍സ്‌ മാറ്റുമ്പോഴും അവരെന്നെക്കൊണ്ട്‌ വായിപ്പിയ്ക്കും. ഞാന്‍ അനുസരണയുള്ള സ്ക്കൂള്‍ കുട്ടിയെപ്പോലെ അതു വായിക്കും.
...ക...ച....ട....ത....പ.....ങ...
ഞ....ണ....ന....മ...
1....2....3....6....9...
പിന്നീട്‌ ഞാന്‍ ഡോക്റ്ററെ കണ്ണു കാണിച്ചു. അവിടെയും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഡോക്റ്റര്‍ വിളിച്ചപ്പോള്‍ ഞാന്‍ അവരുടെ അടുത്തു പോയിരുന്നു. പേരു പോലെ അവരുടെ മുഖവും സുന്ദരമാണ്‌. പോരാത്തതിനു ചെറുപ്പവും.
ഫയലിലും സിസ്റ്റര്‍ എഴുതിയ കണ്ണടക്കുറിപ്പിലും അവര്‍ നോക്കുന്നതിനിടയില്‍ ഞാനവരെ വിശദമായൊന്നു നോക്കുകയും ചെയ്തു.
"കുക്കാണല്ലേ?" ഫയലില്‍ നിന്നു കണ്ണെടുക്കാതെ ഡോക്റ്റര്‍ എന്നോട്‌ ചോദിച്ചു.
ഞാന്‍ അത്ഭുതപ്പെട്ടു പോയി..
ഇതെങ്ങനെ അവര്‍ കണ്ടുപിടിച്ചു....
"അതെ.." ഞാന്‍ പറഞ്ഞു.. "ആട്ടെ, ഡോക്റ്റര്‍ക്കിതെങ്ങനെ മനസ്സിലായി?" ഞാന്‍ ആരാഞ്ഞു...

"ആള്‍രൂപന്‍, ഫയലില്‍ ആള്‍രൂപനെന്ന പേരു കണ്ടപ്പോഴേ ഞാന്‍ താങ്കളെ ശ്രദ്ധിച്ചു...ഞാന്‍ താങ്കളുടെ പാചകക്കുറിപ്പ്‌ ബ്ലോഗില്‍ വായിച്ചിരുന്നു... അത്‌ വായിച്ചാല്‍ താങ്കളൊരു കുക്കാണെന്നു മനസ്സിലാക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നും വരില്ല..." അവര്‍ പറഞ്ഞു...

എന്റെ ആശ്ചര്യത്തിന്‌ അതിരില്ലായിരുന്നു.
"അപ്പോള്‍ മേഡം ഏത്‌ പാചകക്കുറിപ്പാണ്‌ വായിച്ചത്‌?" എന്റെ കൗതുകം അണ പൊട്ടി...
"അതോ, റംസാന്‍ പ്രമാണിച്ച്‌ താങ്കള്‍ ഒരു കുറിപ്പെഴുതിയിരുന്നില്ലേ?, അതു തന്നെ" അവര്‍ പറഞ്ഞു...
"ഞാന്‍ ഓണത്തിനും ഒരു പാചകവിധി എഴുതിയിരുന്നു...ഡോക്റ്റര്‍ അതു വായിച്ചുവോ?" ഞാന്‍
ചോദിച്ചു
'ഇല്ല, ഓണത്തിന്‌ മാവേലി വരാത്തതു കാരണം ഞാനതു വായിച്ചില്ല" അവര്‍ വിശദമാക്കി.

"അപ്പോള്‍ മേഡം ബ്ലോഗൊക്കെ വായിക്കാറുണ്ടല്ലേ?" ഞാന്‍ പതുക്കെ ചോദിച്ചു.
"പിന്നെന്താ, വായിക്കുക മാത്രമല്ലാ, എഴുതുകയും ചെയ്യാറുണ്ട്‌.." അവര്‍ പറഞ്ഞു...

എന്റെ ഉന്മേഷത്തിനതിരില്ലായിരുന്നു.. ആദ്യമായാണ്‌ ഒരു ബ്ലോഗറെ നേരിട്ടു കാണുന്നത്‌...

"അപ്പോള്‍ ഡോക്റ്ററുടെ ബ്ലോഗിലെ പേരും പോസ്റ്റിന്റെ പേരും ഒന്നു പറയുമോ?, ഞാന്‍ ഒരു പക്ഷേ വായിച്ചിരിക്കും..." ഞാന്‍ അവരുടെ മുഖത്തേയ്ക്ക്‌ ഉറ്റുനോക്കി.

പക്ഷെ അപ്പോഴേയ്ക്കും അവറെ ഒരു നേഴ്‌സ്‌ എങ്ങോട്ടോ വിളിച്ചു കൊണ്ടു പോയി. പിന്നീട്‌ ഒരു വയസ്സിയാണ്‌ എന്റെ കണ്ണു നോക്കിയത്‌. അവരെയും ഞാന്‍ കണ്ണു കാണിച്ചു. അവര്‍ എനിക്ക്‌ കണ്ണടയ്ക്ക്‌ കുറിച്ചു തരികയും ചെയ്തു.

ഭാര്യക്കും കണ്ണട മാറ്റാനുണ്ടായിരുന്നു. അവളും കണ്ണു കാണിക്കുകയും കണ്ണടയ്ക്ക്‌ എഴുതി വാങ്ങുകയും ചെയ്തു.

ഞങ്ങള്‍ അവിടെയുള്ളപ്പോള്‍ ഇതു പോലെ പലരും നേഴ്‌സിനേയും ഡോക്റ്ററേയും കണ്ണു കാണിക്കുകയും കണ്ണടയ്ക്ക്‌ എഴുതിവാങ്ങുകയും ചെയ്യുന്നത്‌ ഞാന്‍ കണ്ടു.

കാര്യങ്ങളെല്ലാം ഭംഗിയായി നടന്നെങ്കിലും വീട്ടിലെത്തുമ്പോഴേയ്ക്കും ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലായിരുന്നു....

എന്താണെന്നോ കാര്യം? ആ ഡോക്റ്ററും നേഴ്‌സുമെല്ലാം എല്ലാരോടും എത്ര സൗമ്യമായിട്ടാണെന്നോ പെരുമാറുന്നത്‌?

ഇതോര്‍ത്തപ്പോള്‍ ഞാന്‍ പണ്ടുണ്ടായ ഒരു സംഭവം ഓര്‍ത്തുപോയി, അതാണ്‌ ചിന്താക്കുഴപ്പത്തിനു കാരണം......
പണ്ടൊരിക്കല്‍ ഞാന്‍ ഒരു പെണ്‍കുട്ടിയെ കണ്ണുകാണിച്ചപ്പോള്‍ നാട്ടുകാര്‍ കൂട്ടത്തോടെ അടിയ്ക്കാനോങ്ങിയ സംഭവം............ അന്ന് ദൈവാധീനം കൊണ്ടാണ്‌ അടി വീഴാതെ ഞാന്‍ രക്ഷപ്പെട്ടത്‌....

കാര്യം പറയണമല്ലൊ... കാലം മാറുകയാണ്‌. ഇന്നിപ്പൊ കണ്ണു കാണിക്കല്‍ ഒരു സംഭവമേയല്ല...അല്ലേ?....

2008, സെപ്റ്റംബർ 17, ബുധനാഴ്‌ച

റംസാന്‍ ചിക്കന്‍ പീരാസ്‌

ഞാന്‍ ഓണത്തോടനുബന്ധിച്ച്‌ തയ്യാറാക്കിയ ഒരു പാചകക്കുറിപ്പിന്‌ വന്‍ പിച്ച സ്വീകരണമാണ്‌ ബൂലോകത്തുനിന്നുണ്ടായത്‌. ഗൂഗിള്‍ബോട്ടിനപ്രാപ്യമായ പ്രസ്തുത പോസ്റ്റിന്‌ "ശതാംശക്കണക്കില്‍" പറഞ്ഞാല്‍ നൂറുകണക്കിന്‌ പ്രതികരണങ്ങളാണ്‌ പിറന്നത്‌.

പക്ഷേ പിന്നീടാണ്‌ ഞാനക്കാര്യം അറിഞ്ഞത്‌. എന്താണെന്നോ? ഈ പാചകവിധി ബൂലോകസൃഷ്ടിക്കു വളരെ മുമ്പു തന്നെ നമ്മുടെ ഗീതടീച്ചര്‍ പരീക്ഷിച്ചതായിരുന്നുവെന്ന്‌. എന്തായാലും ഞാന്‍ അവരുടെ പാചകവിധി മോഷ്ടിച്ചു എന്ന് ഇതുവരെ ബൂലോകത്തില്‍ ആരും ആരോപണമുന്നയിക്കാത്തത്‌ എന്റെ ദൈവാധീനം എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇക്കാര്യത്തില്‍ ടീച്ചറോടുള്ള എന്റെ കടപ്പാട്‌ പ്രകടമാക്കിക്കൊണ്ട്‌ ഞാന്‍ എന്റെ റംസാന്‍ പാചകത്തിലേക്ക്‌ കടക്കട്ടെ.

എന്റെ ഓണം പാചകം കാണാനിടയായ പലരും SMS വഴിയും e-mail വഴിയും അതുപോലൊരു പാചകവിധി റംസാന്‍ പ്രമാണിച്ചും അവതരിപ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നു. റംസാന്‍ ആയതുകൊണ്ട്‌ അതൊരു non-vegetarian ഐറ്റം ആയിരിക്കണമെന്നും അവര്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ പരിപൂര്‍ണ്ണ സസ്യാഹാരിയാണെങ്കിലും സസ്യേതരവും ഈ കൈകളില്‍ ഭദ്രമാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകത്തക്കവിധത്തില്‍ ബൂലോകര്‍ക്കായി ഞാനൊരു മാംസാഹാരം പാകം ചെയ്യുന്ന വിധം ഇവിടെ അവതരിപ്പിക്കുകയാണ്‌.

ഭക്ഷണത്തിന്റെ പേര്‌ .......... റംസാന്‍ ചിക്കന്‍ പീരാസ്‌..........

തെക്കെ മലബാറിലെ പരമ്പരാഗത ഗ്രാമീണ ശൈലിയില്‍ പാകം ചെയ്ത ഈ വിഭവം ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്താനും മുഴുവന്‍ കേരളീയരേയും സംതൃപ്തരാക്കാനും സഹധര്‍മ്മിണിമാരെ പാചകം ചെയ്തു തോല്‍പ്പിക്കാനും പോന്നതണെന്നാണ്‌ ഇത്‌ രുചിച്ചുനോക്കിയ ആള്‍രൂപിയുടെ അഭിപ്രായം. എന്താ നിങ്ങളും ഒന്നു രുചിച്ചു നോക്കുന്നോ?

വേണ്ട സാധനങ്ങള്‍:
--------------------
1. ഹലാല്‍ ചിക്കന്‍ -1 എണ്ണം.
കോഴിവസന്ത വന്നു ചത്തതോ പാമ്പു കടിച്ചതോ പരുന്ത്‌ അമുക്കിക്കൊന്നതോ ആയ കോഴി ഈ പാചകത്തിനു യോജിച്ചതല്ല. അതുകൊണ്ട്‌ ജീവനുള്ള കോഴിയെത്തന്നെ വാങ്ങുക. അതിനെ പിന്നീട്‌ കൊല്ലാം. (അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല, മനുഷ്യനെ കൊല്ലാന്‍ വരെ ഇപ്പോള്‍ വലിയ ബുദ്ധിമുട്ടില്ല, പിന്ന്യാ ഒരു കോഴി?) ഒന്ന്-ഒന്നര മാസം പ്രായമുള്ള നാടന്‍ പൂവന്‍ കോഴിയായാല്‍ മാത്രമേ ഉദ്ദേശിച്ച ഫലം കിട്ടൂ. പാചകത്തിനു തലേ ദിവസം കോഴിയെ വാങ്ങി ഒരു ദിവസം ഭക്ഷണം കൊടുക്കാതെ സൂക്ഷിക്കുന്നത്‌ കോഴിയുടെ ആന്തരികാവയവങ്ങള്‍ ശുദ്ധമായിരിക്കാന്‍ നല്ലതാണ്‌. (കോഴിയും എടുക്കട്ടെ, റംസാന്‍ പ്രമാണിച്ച്‌ ഒരു ദിവസത്തെ നൊയമ്പ്‌.)

2. സവാള - മൂന്നെണ്ണം, ചെറുതാക്കി നീളത്തില്‍ മുറിച്ചത്‌.
3. ഉരുളക്കിഴങ്ങ്‌ - സാമാന്യം വലുത്‌ രണ്ടെണ്ണം, കഷണങ്ങളാക്കിയത്‌. (രണ്ട്‌ കഷണമല്ല)
4. നല്ല പച്ച നാളികേരം - രണ്ടെണ്ണം. (കൊട്ടത്തേങ്ങ പാടില്ലെന്നര്‍ത്ഥം)
5. മല്ലി, മുളക്‌(പൊടി), ഗരം മസാല, ഇഞ്ചി, ഉപ്പ്‌, വെളുത്തുള്ളി, മഞ്ഞള്‍ (അതും പൊടി തന്നെ), കടുക്‌, കറിവേപ്പില ചെറിയ ഉള്ളി, പോസ്റ്റ്‌മാന്‍ എണ്ണ എന്നിവ ആവശ്യത്തിന്‌.

പാകം ചെയ്യുന്ന വിധം:
----------------------
പാചകം തുടങ്ങുന്നതിനു മുമ്പായി കോഴിയെ നന്നായി കഴുകുക. (നന്നായി കുളിപ്പിക്കുക എന്നു വേണമെങ്കില്‍ പറയാം. കൊല്ലാന്‍ വരട്ടെ, അതിനിനിയും സമയമുണ്ട്‌.) കഴുകിക്കഴിയുമ്പോള്‍ നല്ലൊരു തോര്‍ത്തുകൊണ്ട്‌ അതിനെ നന്നായി തുടയ്ക്കുക. പിന്നീട്‌ അതിനെ കാര്‍ഷെഡ്ഡിലോ സ്കൂട്ടര്‍ സ്റ്റാന്റിലോ ഒരു കയര്‍ കൊണ്ട്‌ കെട്ടിയിടുക. (അത്‌ വീട്ടിനകത്തുകയറി സ്വീകരണമുറിയിലും മറ്റും തൂറി വയ്ക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഇങ്ങനെ കെട്ടിയിടുന്നത്‌. സങ്കോചിക്കേണ്ട, വലുതായിട്ടൊന്നും ഉണ്ടാവില്ല, ഒരു ദിവസം പട്ടിണി കിടന്നതല്ലേ?)

നാളികേരം ചിരകുക. (തിരുവനന്തപുരത്താണെങ്കില്‍ തിരുകുകയോ മറ്റോ ആണ്‌ ചെയ്യുക.). എന്നിട്ട്‌ ഒന്നാം പാല്‍ എടുക്കുക. ഒന്നാം പാല്‍ എടുത്ത നാളികേരം ഒരു പാത്രത്തിലാക്കി സൂക്ഷിച്ചു വയ്ക്കുക. രണ്ടാം പാല്‍ ഇപ്പോള്‍ എടുക്കരുത്‌.

ഒരു ചീനച്ചട്ടി അടുപ്പത്തു വച്ച്‌ സ്റ്റൗ കത്തിയ്ക്കുക. ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ മല്ലി, ഗരം മസാല, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചട്ടിയിലിട്ട്‌ നല്ലപോലെ ഇളക്കി വറുത്തെടുക്കുക. എന്നിട്ട്‌ ഒരു mixiയിലിട്ട്‌ വെള്ളമൊഴിച്ച്‌ നല്ലപോലെ അരച്ച്‌ കുഴമ്പു രൂപത്തിലാക്കി എടുക്കുക. അതവിടെ ഇരിക്കട്ടെ.

വീണ്ടും ചീനച്ചട്ടിയെടുക്കുക. എണ്ണ ഒഴിച്ച്‌ നല്ലപോലെ ചൂടാക്കുക. അതിലേയ്ക്ക്‌ ഉ.കിഴങ്ങ്‌, സവാള, ഇഞ്ചി (ചെറുതാക്കി മുറിച്ചത്‌), എന്നിവ ഇടുക. ആവശ്യത്തിന്‌ വെള്ളം ഒഴിക്കുക. ആവശ്യത്തിന്‌ ഉപ്പിടുക. നല്ലപോലെ തീ കത്തിക്കുക. കിഴങ്ങും സവാളയും നല്ലപോലെ വേവട്ടെ. അവ വെന്തു കഴിയുമ്പോള്‍ നേരത്തെ അരച്ചു വച്ചത്‌ ചേര്‍ത്തിളക്കുക. വീണ്ടും കുറച്ചു നേരം കൂടി അത്‌ വേവട്ടെ. ഇപ്പോള്‍ നേരത്തെ കരുതിവച്ച ഒന്നാം പാല്‍ ഒഴിയ്ക്കുക. നല്ല പോലെ വെന്തു കുറുകിയതിനു ശേഷം അത്‌ താഴെ ഇറക്കി വച്ച്‌ കടുക്‌, വെളുത്തുള്ളി, കറിവേപ്പില, ചെറിയ ഉള്ളി മുറിച്ചത്‌ എന്നിവ അതിലേയ്ക്ക്‌ എണ്ണയില്‍ വറുത്തിടുക.

എന്നിട്ട്‌ രണ്ടാം പാല്‍ എടുക്കാതെ സൂക്ഷിച്ചു വച്ച നാളികേരം കയറില്‍ കെട്ടിയിട്ട കോഴിക്കിട്ടുകൊടുക്കുക. റംസാന്‍ പ്രമാണിച്ച്‌ ചിക്കന്‍ പീര തിന്നട്ടെ.

വറുത്തിട്ട കൂട്ടാന്‍ മോന്തിയ്ക്ക്‌ നോമ്പ്‌ മുറിയ്ക്കുമ്പോള്‍ പത്തിരി ചേര്‍ത്തു ബയിക്കുക.

2008, സെപ്റ്റംബർ 7, ഞായറാഴ്‌ച

Watermark

ഞാനും ഫോട്ടോ വാട്ടര്‍മാര്‍ക്ക്‌ ചെയ്തു. ഈ ശ്രാവണത്തില്‍.
"ആഷാഢ"ത്തിനു നന്ദി.
Thanks also go to my School-going son G. ArEdath, who is a 'photoshoper' too.
വാട്ടര്‍മാര്‍ക്ക്‌ ചെയ്ത ഫോട്ടോ താഴെ കാണാം.

2008, സെപ്റ്റംബർ 2, ചൊവ്വാഴ്ച

ഓണത്തിനൊരു പാചകവിധി

എല്ലാ ബ്ലോഗ്‌ പുലികളും ഇപ്പോള്‍ ഓണം പ്രമാണിച്ചുള്ള പാചകവിധി തയ്യാറാക്കുന്ന തിരക്കിലായിരിക്കുമല്ലോ!
ആന പിണ്ടി ഇടുന്നു എന്നു വച്ച്‌ മുയല്‍ തന്റെ കാര്യം സാധിക്കാതിരിക്കാറില്ലല്ലോ.
അതുപോലെ തന്നെ ഞാനും.
ഓണം പ്രമാണിച്ചുള്ള എന്റെ ഒരു പാചകവിധി ഇതാ താഴെ കൊടുക്കുന്നു.
ഇതു പക്ഷേ പ്രവാസി മലയാളികള്‍ അധികമായുള്ള ഗള്‍ഫ്‌ രാജ്യങ്ങളുടെ കാലാവസ്ഥയ്ക്ക്‌ ചേര്‍ന്ന പാചകവിധിയല്ല. കേരളത്തിലാണെങ്കില്‍ മഴയും മഞ്ഞും പെയ്യുന്ന സമയത്തും കേരളത്തിനു പുറത്താണെങ്കില്‍ സൈബീരിയ പോലുള്ള സ്ഥലത്തുമൊക്കെയാണ്‌ ഈ പാചകവിധി പ്രയോജനം ചെയ്യുക.
പിന്നെ ഇതിനു ചില ബുദ്ധിമുട്ടുകളൊക്കെയുണ്ട്‌. അതുകൊണ്ട്‌ ആധുനികരീതിയില്‍ പാചകം ചെയ്യുന്നവര്‍ ഈ റെസീപ്പി ഒഴിവാക്കുന്നതാണ്‌ നല്ലത്‌. പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ കാരണം ഇത്‌ മൈക്രോവെയ്‌വ്‌ അവന്‍, ഇന്‍ഡക്‌ഷന്‍ ഹീറ്റര്‍ തുടങ്ങിയ അടുപ്പുകളില്‍ പാചകം ചെയ്യാന്‍ പറ്റില്ല. മാത്രമല്ല പാരമ്പര്യവിധിപ്രകാരം ചെയ്യേണ്ടതായതിനാല്‍ ഇലക്‌ട്രിക്‌ ഹീറ്റര്‍, ഗാസ്‌ സ്റ്റൗ എന്നിവയും ഉപയോഗിച്ചുകൂടാ. ചുരുക്കത്തില്‍ പറഞ്ഞാല്‍, നല്ല നാടന്‍ വിറകടുപ്പു തന്നെ വേണം എന്നു സാരം. എന്നാലേ വേണ്ടത്ര രുചിയും മണവും ഉണ്ടാവുകയുള്ളൂ.

പാചകം ചെയ്യേണ്ട വിധം.
-------------------------
ആദ്യമായി അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഒരുക്കി വയ്ക്കുക.

൧) നല്ലപോലെ കൊത്തി അരിഞ്ഞ സവാള, ഒരു കരണ്ടി --- ആവശ്യമില്ല.
൨) അഞ്ചു കോഴിമുട്ട വേവിച്ച്‌ അതിലെ രണ്ടെണ്ണമെടുത്ത്‌ തൊലി കളഞ്ഞെടുക്കുന്ന മഞ്ഞക്കരു -- അതും ആവശ്യമില്ല.
൩) ശുദ്ധവെള്ളം ---ഏഴര ലിറ്റര്‍ (ഫില്‍ട്ടര്‍ ചെയ്തതാണെങ്കില്‍ പാചകത്തിന്‌ ഗുണം കൂടും)
൪) നല്ല പോലെ ഉണങ്ങിയ വിറക്‌ - ഒരു കെട്ട്‌
൫) നല്ല പോലെ ഉണങ്ങിയ തെങ്ങോല, അടുപ്പ്‌ കത്തിച്ചു തുടങ്ങാനാണിത്‌.
൭) ഉണങ്ങിയ ചകിരി, ചിരട്ട എന്നിവ ആവശ്യാനുസരണം.
൮) ബോഷ്‌ & ലോമ്പിന്റെ കോണ്ടാക്റ്റ്‌ ലെന്‍സ്‌ സൊലൂഷന്റെ ഒഴിഞ്ഞ കുപ്പിയില്‍ നിറച്ചു വച്ച മണ്ണെണ്ണ - സൗകര്യത്തിന്‌ മാത്രം.
൯) ഏഴര ലിറ്റര്‍ വെളളം കൊള്ളുന്ന ഉരുളി --- ഒരെണ്ണം.
൧൦) ഒരു മണ്ണെണ്ണ വിളക്ക്‌.
൧൧) കൈക്കിലത്തുണി - രണ്ട്‌ കഷണം.

ഇനി പാചകം തുടങ്ങാം.
ആദ്യമായി ഉരുളിയില്‍ ഏഴര ലിറ്റര്‍ ജലം എടുക്കുക. അടുപ്പില്‍ ഓലക്കൊടി വയ്ക്കുക. ആവശ്യത്തിന്‌ ചകിരിയും ചിരട്ടയും അടുപ്പിലിടാവുന്നതാണ്‌. പിന്നീട്‌ തീപ്പെട്ടി ഉരച്ച്‌ മണ്ണെന്ന വിളക്ക്‌ കത്തിക്കുക. ബോഷ്‌ & ലോമ്പിന്റെ കുപ്പിയില്‍ നിന്നും കുറച്ച്‌ മണ്ണെണ്ണ അടുപ്പിലേക്ക്‌ പീച്ചുക. എന്നിട്ട്‌ മണ്ണെണ്ണ വിളക്കുപയോഗിച്ച്‌ അടുപ്പു കത്തിക്കുക.

വിറക്‌ നല്ലപോലെ കത്തുന്നതു വരെ വിറക്‌ ഇളക്കിക്കൊടുക്കുകയോ മണ്ണെണ്ണ പീച്ചുകയോ ചെയ്യാം. പിന്നീട്‌ വെള്ളമുള്ള ഉരുളി അടുപ്പത്തു വയ്ക്കുക.

അടുപ്പും വിറകും എല്ലാം കൈകാര്യം ചെയ്യുന്നത്‌ അപകടകരമായതിനാല്‍ അടുപ്പിനോട്‌ ഏറ്റവും അടുത്തുള്ള കുളിമുറിയില്‍ ഒരു വലിയ വട്ടക്കാതന്‍ ചെമ്പില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളം ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ നിറച്ചു വയ്ക്കാന്‍ അമാന്തിക്കരുത്‌.

വിറക്‌ കത്തിച്ചുകൊണ്ടേ ഇരിക്കുക. വെള്ളം (ഉരുളി) അടച്ചുവയ്ക്കേണ്ടതില്ല. വിറകു കത്തുമ്പോള്‍ പൊങ്ങിപ്പറക്കുന്ന ചാരത്തിന്റെ അവശിഷ്ടങ്ങള്‍ വെള്ളത്തില്‍ വീഴുന്നത്‌ ദോഷം ചെയ്യില്ല. അത്‌ പ്രാകൃതികമായ ഒരു ചേരുവയായിക്കൂട്ടിയാല്‍ മതി.
വിറക്‌ തീരുന്നതിനനുസരിച്ച്‌ തൊണ്ടും ചിരട്ടയും അടുപ്പില്‍ ഇട്ടുകൊണ്ടിരിക്കണം. ഇടയ്ക്കിടയ്ക്ക്‌ വെള്ളം വിരല്‍ കൊണ്ട്‌ തൊട്ടുനോക്കണം. വെള്ളം ചൂടാകുന്നു എന്നുറപ്പു വരുത്താനാണിത്‌.
കുറേ കഴിയുമ്പോള്‍ വെള്ളം മൂളാന്‍ തുടങ്ങും. തീ ശരിയായി കത്തുന്നു എന്നതിന്റെ ലക്ഷണമാണിത്‌.
തീ കത്തിയ്ക്കുന്നത്‌ തുടരുക. കുറേ കഴിയുമ്പോള്‍ വെള്ളം തിളയ്ക്കാന്‍ തുടങ്ങും.
അല്‍പ്പ നേരം കൂടി കാത്തിരിക്കുക. അപ്പോള്‍ വെള്ളം വെട്ടിവെട്ടിത്തിളയ്ക്കും. ഈ സമയത്ത്‌ കൈക്കിലത്തുണി ഉപയോഗിച്ച്‌ ഉരുളി അടുപ്പത്തുനിന്നും എടുത്ത്‌ അതിലെ വെള്ളം കുളിമുറിയില്‍ പിടിച്ചു വച്ചിരിക്കുന്ന വെള്ളത്തിലേക്കൊഴിക്കുക.

സുഖശീതളമായ കുളിവെള്ളം തയ്യാര്‍!!!!!!!!!!!

പോസ്റ്റ്‌ സ്ക്രിപ്റ്റ്‌: പാചകം തുടങ്ങിക്കഴിയുമ്പോള്ള സംശയനിവാരണത്തിന്‌ ആള്‍രൂപന്‍@ജീമെയില്‍.കോം എന്ന അഡ്രസ്സില്‍ ബന്ധപ്പെടാവുന്നതാണ്‌.