2011, ജനുവരി 24, തിങ്കളാഴ്‌ച

ജയ്‌ മാതാ ദീ..

“അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജാ” എന്ന കാളിദാസന്റെ രണ്ട്‌ വരികൾ പഠിച്ചത് എട്ടാം ക്ലാസ്സിലായിരുന്നു. ഹിമാലയത്തിന്റെ ഔന്നത്യം വർണ്ണിക്കുകയാണ്‌ കവി. ആ വരികൾ മറ്റു പലരേയുമെന്നതുപോലെ എന്നെയും ഹിമവാനിലേയ്ക്കടുപ്പിച്ചു. ഞാൻ പതുക്കെ ഹിമവാനിൽ ആകൃഷ്ടനാകുകയായിരുന്നു. ഹിമാലയത്തിൽ പോകണമെന്നും ഹിമവാനെ കാണണമെന്നുമുള്ള ചിന്തകൾ നാമ്പിട്ടതപ്പോഴാണ്‌. പക്ഷേ, കാലങ്ങളോളം ഒന്നും നടന്നില്ലെന്നു മാത്രം.

പിന്നീട് ജോലി കിട്ടുകയും തിരുവനന്തപുരത്തു താമസമാകുകയും ചെയ്തപ്പോൾ അഗസ്ത്യകൂടം എനിയ്ക്കു വശഗതമായി. പല പല രാവുകളും പകലുകളും അഗസ്ത്യകൂടത്തിൽ ഞാൻ കഴിച്ചു കൂട്ടി. അതുവഴിയുള്ള ചിലരുടെ സഹവാസം എനിയ്ക്ക് ഹിമാലയം സന്ദർശിക്കാനുള്ള അവസരമൊരുക്കിയെങ്കിലും അവസരങ്ങൾ കളഞ്ഞു കുളിയ്ക്കാനുള്ള ഒരവസരവും പാഴാക്കാത്ത എനിയ്ക്കു ആ ഒരൊറ്റക്കാരണത്താൽ അന്നൊന്നും ഹിമാലയത്തിലെത്താനായില്ല.

പില്ക്കാലങ്ങളിൽ ഹിമാലയത്തിലെ പല പ്രദേശങ്ങളും സന്ദർശനാർത്ഥം മനസ്സിൽ കുടിയേറി. ഗംഗോത്രി, യമുനോത്രി, ഹരിദ്വാർ, ഋഷികേശ് എന്നിങ്ങനെ പല സ്ഥലങ്ങളും. പിന്നീട് എപ്പോഴോ ആണ്‌ മാതാ വൈഷ്ണോദേവിയെക്കുറിച്ചറിയാനായത്. അതെല്ലാം ലക്ഷ്യസ്ഥാനങ്ങളായി മനസ്സിലങ്ങനെ കിടന്നു.

ഞാൻ ആദ്യം ഹിമാലയം കാണുന്നത് മസൂറിയിൽ വച്ചാണ്‌. മസൂറിയെന്ന വിനോദസഞ്ചാരകേന്ദ്രത്തിന്റെ ഉച്ചിയിൽ നിന്നു നോക്കിയാൽ ഹിമാലയമലനിരകൾ കാണാം. എനിയ്ക്കതു ഹൃദ്യമായിത്തോന്നുകയും ചെയ്തു. മസൂറിയോടൊപ്പം ഡറാഡൂൺ, ഋഷികേശ്, ഹരിദ്വാർ എന്നീ സ്ഥലങ്ങളും ഹിമാലയത്തിന്റെ ചില കാഴ്ചകൾ എനിയ്ക്കു കാട്ടിത്തന്നു. എങ്കിലും ഞാനും ഹിമവാനും യഥാക്രമം ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലുമായി നിലകൊണ്ടതുകാരണം കൂടുതലൊന്നും കാണാൻ കഴിഞ്ഞില്ല.

പിന്നീടാണ്‌ അപ്രതീക്ഷിതമെങ്കിലും ഉത്തർപ്രദേശിലേയ്ക്കു കുടിയേറാൻ ഞാൻ തീരുമാനിച്ചത്. അതെന്നെ ഹിമാലയത്തിലേയ്ക്ക് ഒന്നുകൂടി അടുപ്പിച്ചെങ്കിലും ആ, അടുത്തല്ലേ, ഇനി എപ്പോൾ വേണമെങ്കിലും കാണാമല്ലോ എന്നൊരു പ്രതീതിയാണെന്നിലുണ്ടായത്.

അങ്ങനെയിരിക്കേയാണ്‌ ഒരു സഹപ്രവർത്തകനെന്തോ ഒരു കായയും കുറച്ചു കല്ക്കണ്ടവും കൊണ്ടു വന്നു തന്നത്‌. ഇതെന്താണെന്നു ചോദിച്ചപ്പോൾ പറഞ്ഞത്‌ മാതാ വൈഷ്ണോ ദേവിയുടെ പ്രസാദമാണെന്നായിരുന്നു. കടിച്ചാൽ പൊട്ടാത്ത തോടായിരുന്നു ആ കായയ്ക്ക്‌. പിന്നീടതങ്ങോട്ട് പലപ്പോഴും പതിവായി. പലരും കടിച്ചാൽ പൊട്ടാത്ത കായ പ്രസാദമായി നല്കി. അവരെല്ലാം മാതാ വൈഷ്ണൊദേവിയെ ദർശിച്ചു വന്നവരായിരുന്നു. ഓരോ പ്രസാദവും എന്നെ മാതാ വൈഷ്ണൊദേവിയിലേയ്ക്ക് അടുപ്പിച്ചുകൊണ്ട് ഇരുന്നു. ഒരിക്കൽ അടുത്ത സഹപ്രവർത്തകൻ രാഹുൽ ശർമ്മ പൊട്ടാത്ത കായ മാത്രമല്ല ദേവിയുടെ പൊട്ടാത്ത ഒരു ഫോട്ടോ കൂടി എനിയ്ക്കു തന്നു. രാഹുലും ദേവിയെ കണ്ടുവന്നതായിരുന്നു. ആ ഫോട്ടോ ഇപ്പോഴും എന്റെ ഓഫീസിലെ മേശപ്പുറത്തുണ്ട്‌. ദേവിയെ കാണാനുള്ള താല്പര്യം ഞാൻ രാഹുലിനോടു പറഞ്ഞു. അതിനെന്താ നമുക്കൊന്നിച്ചു പോകാലോ എന്നായി രാഹുൽ.

തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു അനിത എന്നെ വൈഷ്ണോദേവിയിലേയ്ക്ക്‌ ക്ഷണിച്ചത്‌. അനിത എന്റെ സഹപ്രവർത്തകയാണ്‌. രാഹുലിന്റേയും. എന്റെ താല്പര്യം രാഹുൽ അവളോടു പറഞ്ഞുകാണും. അവളാണെങ്കിൽ പോകാൻ കൂട്ടിനൊരാളെ കാത്തിരുന്നും കാണും. അവളാദ്യം അത് പറഞ്ഞപ്പോൾ ഞാനൊന്നു ചിരിച്ചതേയുള്ളു. അവളത് എന്റെ സമ്മതമായി എടുത്തോ എന്തോ?

അടുത്ത ദിവസം അവൾ ചോദ്യം വീണ്ടും ആവർത്തിച്ചു. ‘സാർ, നമുക്കൊന്നിച്ചു വൈഷ്ണോദേവിയിൽ പോയാലോ? ഇന്നവൾ കൂടുതൽ ഗൗരവത്തിലാണെന്നെനിയ്ക്കു തോന്നി. അവൾക്ക് ഞാൻ സഹപ്രവർത്തകൻ മാത്രമല്ല, മേലുദ്യോഗസ്ഥൻ കൂടിയാണ്‌. ഔദ്യോഗികമെങ്കിലും പല കാര്യങ്ങളും അവളെന്നോടു കരഞ്ഞും സങ്കടപ്പെട്ടും പറഞ്ഞിട്ടുണ്ട്‌. അപ്പോഴെല്ലാം ഞാനവളെ സമാധാനിപ്പിച്ചിട്ടുമുണ്ട്‌. ആ അടുപ്പമായിരിക്കാം യാത്രയ്ക്ക് എന്നെ കൂട്ടാൻ അവളെ പ്രേരിപ്പിച്ചത്. മാത്രമല്ല അവളുടെ അച്ഛനും അമ്മയും ഉള്ളത് ബോംബേയിലാണ്‌, കൂടെപ്പോകാൻ അവരെ കിട്ടില്ല. ഞങ്ങളാണെങ്കിൽ ഹോസ്റ്റലിലെ അടുത്തടുത്ത മുറികളിലാണ്‌ താമസം. എനിക്കവളുടെ അച്ഛന്റെ പ്രായവും വരും.

കാര്യം സ്ത്രീകളോടൊത്തുള്ള യാത്രകൾ സുഖമുള്ളതാണെങ്കിലും അതിലടങ്ങിയ അപകടവും ഞാനറിഞ്ഞു. ’അവർ രണ്ടുപേരും ക്ഷേത്രത്തിലാണ്‌ പോയത് എന്നതിനെന്താ തെളിവ്‌?‘ എന്നായിരിക്കും അറിഞ്ഞവർ ആദ്യം ചോദിക്കുക. സഹപ്രവർത്തകയേയും കൂട്ടി യാത്ര പോയത് ബോസറിയുമ്പോൾ അദ്ദേഹം എന്നെക്കുറിച്ചെന്തു കരുതും എന്ന തോന്നൽ എന്നിൽ ജാള്യത ഉണ്ടാക്കി. വിവരം ഭാര്യയോടു പറയുമ്പോൾ സംശയത്തിന്റെ മുളയ്ക്കാൻ പാകത്തിലൊരു വിത്തായിരിക്കും ഞാനവളുടെ മനസ്സിൽ വിതയ്ക്കുന്നത്‌. ആകപ്പാടെ ആലോചിച്ചപ്പോൾ ഈ യാത്ര അത്ര പന്തിയല്ലെന്നെനിയ്ക്കു തോന്നി. തന്ത്രപൂർവ്വം സംസാരിക്കാനറിയാത്ത ഞാൻ അവളോടു പറഞ്ഞു; “അനിതാ, നമ്മൾ രണ്ടുപേരും കൂടി പോയാൽ ആൾക്കാരെന്തു പറയും?” അവളതിനൊന്നും പറഞ്ഞില്ല. ഓഫീസിൽ ചെയ്തുതീർക്കാനുള്ള കാര്യങ്ങളെക്കുറിച്ചു സംസാരിച്ചാണ്‌ അവളന്നു പിരിഞ്ഞത്‌. ജമ്മുവിനടുത്തുള്ള ഒരമ്മാവനേയും കൂട്ടി വൈഷ്ണോദേവിയിൽ പോയി എന്നാണ്‌ പിന്നീടവൾ പറഞ്ഞത്‌. കടിച്ചാൽ പൊട്ടാത്ത കായ അവൾ കൊണ്ടുവന്നു തന്നോ എന്നൊന്നും ഞാനിപ്പോൾ ഓർക്കുന്നില്ല. എന്തായാലും ആ സംഭവം ഒന്നുകൂടി എന്നെ വൈഷ്ണോദേവിയിലേയ്ക്കടുപ്പിച്ചു. എങ്കിലും വൈഷ്ണോദേവിയിലേയ്ക്കുള്ള യാത്ര എപ്പോൾ, എങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങൾ ചോദ്യങ്ങളായിത്തന്നെ അവശേഷിച്ചു.

സാന്ദർഭികമായി മറ്റൊരു കാര്യം കൂടി സ്വകാര്യമായി സൂചിപ്പിച്ചോട്ടെ; നടക്കാതെ പോയ ആ യാത്രയുടെ സുഖം ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല.

ഈയിടെ നാട്ടിൽ നടന്ന ഒരു സംഭവവും എന്നെ ഒരിക്കൽ കൂടി വൈഷ്ണൊദേവിയിലേയ്ക്കടുപ്പിച്ചു. അതെന്താണെന്നല്ലേ? നാട്ടിൽ പോയപ്പോൾ കൊല്ലൂർ മൂകാംബിക ക്ഷേത്രം സന്ദർശിക്കാൻ ഞാനും ഭാര്യയും തീരുമാനിച്ചു. മൂന്നാലു തവണ അവിടെ പോയിട്ടുണ്ടെങ്കിലും ഇതു വരെ കുടജാദ്രി കണ്ടിട്ടില്ല, വളരെയധികം കേട്ടറിഞ്ഞിട്ടുള്ള സർവജ്ഞപീഠം കണ്ടിട്ടില്ല. ഞങ്ങളോടൊപ്പം കൂടാൻ ഭാര്യയുടെ സഹോദരിയും സുഹൃത്തും ഉണ്ടായിരുന്നു. മൂകാംബിക ദർശനം കഴിഞ്ഞു പിറ്റേന്നു രാവിലെ ജീപ്പിൽ ഞങ്ങൾ കുടജാദ്രിയിലേയ്ക്കു പോയി. മൂലസ്ഥാനത്തു ജീപ്പിറങ്ങിയ ഞങ്ങൾ അവിടത്തെ ക്ഷേത്രദർശനവും കഴിഞ്ഞു കാൽനടയായി സർവ്വജ്ഞപീഠം കാണാൻ നടന്നു.

ഞങ്ങൾ പതുക്കെ ശങ്കരപീഠം ലക്ഷ്യമാക്കി നടന്നു. ജീപ്പിലുണ്ടായിരുന്ന നാൽവർ സംഘം ഞങ്ങളുടെ മുന്നിൽ നടന്നു നീങ്ങുകയാണ്‌. അവർ മൂന്നാണുങ്ങളും മെലിഞ്ഞ ഒരു സ്ത്രീയുമാണ്‌. അവരുടെ വേഗം ഞങ്ങൾക്കെടുക്കാനാവില്ല. ആസ്ത്മാ രോഗികളും ശ്വാസംമുട്ടികളും സന്ധിരോഗികളും ഒക്കെയാണ്‌ എന്റെ കൂടെയുള്ള സ്ത്രീജനങ്ങൾ. പോരാത്തതിന്‌ തടിച്ച ശരീരവും.... ഞാനെല്ലാവർക്കും വഴിയിൽ നിന്നും ഓരോ വടി ഒപ്പിച്ചു കൊടുത്തു... കുത്തി നടക്കാൻ... മല കയറുമ്പോൾ കുത്താനൊരു വടിയുണ്ടെങ്കിലുള്ള സൗകര്യം ഞാനെന്റെ അഗസ്ത്യകൂടം യാത്രകളിൽനിന്നും മനസ്സിലാക്കിയിട്ടുണ്ട്‌. ഞാൻ അവരുടെ മുന്നിലും പുറകിലുമായി നടന്നു... മുന്നിലുള്ള സംഘവുമായുള്ള ബന്ധം പോകരുതല്ലോ! ദൂരെ മനോഹരമായ മലനിരകൾ കാണാം, ചെറുതും വലുതുമായി... താഴേയ്ക്കു നോക്കിയാൽ അങ്ങിങ്ങായി ജനപഥങ്ങളും....

അധികം വൈകാതെ ശങ്കരപീഠം അകലെയായി ഞങ്ങൾക്കു ദൃശ്യമായി... കാലങ്ങളായി മനസ്സിൽ പതിഞ്ഞിരുന്ന ആ മണ്ഡപം കണ്ണിനും മനസ്സിനും അനുഭൂതി പകർന്നു... ഞാൻ വേഗം മണ്ഡപത്തിലേയ്ക്ക്‌ നടന്നെത്തി. വൈകാതെ സ്ത്രീജനങ്ങളും. ആർക്കും യാത്രയിൽ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല, അമ്മയുടെ തുണ.... അത്ര തന്നെ... ശ്രീശങ്കരാചാര്യരുടെ പ്രതിഷ്ഠയ്ക്കു മുന്നിൽ ഞാൻ സാഷ്ടാംഗം നമസ്ക്കരിച്ചു. അമ്മേ, ഗൗരീ, മൂകാംബികേ....

അപ്പോഴേയ്ക്കും മുന്നിലുണ്ടായിരുന്ന നാൽവർസംഘം ശ്രീശങ്കരാചാര്യർ തപസ്സു ചെയ്തെന്നു പറയുന്ന ഗുഹയിലേയ്ക്ക്‌ പുറപ്പെടാനൊരുങ്ങിയിരുന്നു. അവർ എന്നെയും ക്ഷണിച്ചു. സ്ത്രീകളെ കൂട്ടേണ്ടെന്നും എന്നെ ഓർമ്മിപ്പിച്ചു. അവർക്കു നടക്കാനാവാത്ത തരം വഴിയാണത്രെ. ഞാനും പോകാനൊരുങ്ങി... അമ്മയുടെ അനുഗ്രഹത്താൽ ആ സ്ഥലവും കാണുമാറായി.. അല്ലെങ്കിൽ എന്റെ മുന്നിൽ അവരുണ്ടാകുമായിരുന്നില്ലല്ലൊ. അങ്ങനെ ഒരു ഗുഹയെക്കുറിച്ചു ഞാനൊട്ടറിയാനും പോകുന്നില്ല. ഞാൻ വേഗം ഗൗരിസമേതനായി അവരുടെ പുറകെ നടന്നു. എല്ലാം ഗൗരിയുടെ തുണ.

കുത്തനെ ഇറങ്ങണം എന്നതൊഴിച്ചാൽ വഴി ദുർഘടം പിടിച്ചതൊന്നുമായിരുന്നില്ല. വർഷങ്ങളായി ആളുകൾ നടന്നുണ്ടായിട്ടുള്ള വഴിയെ നടക്കുകയേ വേണ്ടൂ. ഇറക്കത്തിൽ നല്ലപോലെ സൂക്ഷിക്കണം, അത്ര തന്നെ. വഴിയുടെ ഇരുവശത്തും നിറയെ വൃക്ഷലതാദികളുണ്ട്‌. നടക്കുമ്പോൾ അവ ഒരു കൈത്താങ്ങാവും. ഏതാണ്ട്‌ അര മണിക്കൂർ ഞങ്ങൾ നടന്നുകാണും, അപ്പോഴേയ്ക്കും ഗുഹ കണ്ടെന്ന്‌ മുന്നിൽ നിന്നും അറിയിപ്പ് വന്നു. ഗുഹയ്ക്കു തൊട്ടുമുമ്പായി നീർച്ചാലുകളുണ്ട്, നല്ല ശുദ്ധ ജലം; അത് പാറയിലൂടെ ഒഴുകുന്നതുകൊണ്ട്‌ പാറയിൽ വഴുക്കലുണ്ട്‌. ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ അഗാധതയിലേയ്ക്ക് വീണതു തന്നെ... ഞങ്ങൾ ഓരോരുത്തരായി ഗുഹയ്ക്കു താഴെ മറ്റുള്ളവർക്കായി കാത്തുനിന്നു. നീർച്ചാലിൽ നിന്നും വെള്ളമെടുത്ത് ഞാൻ മുഖം തണുപ്പിച്ചു.

അല്ല, ഇതൊരു ഗുഹയല്ല; ഗുഹ എന്നൊന്നും ഇതിനെ പറഞ്ഞുകൂടാ. കുത്തനെയുള്ള മലയുടെ ഒരു വശത്ത് വഴിയിൽ നിന്നും ഒരാൾ ഉയരത്തിൽ കരിങ്കല്ലിലുള്ള വലിയൊരു വിടവ്‌; വഴി അവിടെ അവസാനിക്കുകയാണ്‌. ‘ഗുഹ’യിലേയ്ക്ക് കയറാൻ ഒരു ഇരുമ്പു ഗോവണി വച്ചിട്ടുണ്ട്‌. തുരുമ്പിച്ചും ഒരു കമ്പി ഒടിഞ്ഞുപോയും അതിന്റെ അവസ്ഥ പരിതാപകരമാണ്‌. ഒറ്റയ്ക്കും മറ്റുള്ളവരുടെ സഹായത്താലും എല്ലാവരും ആ പാറയിടുക്കിൽ കയറിപ്പറ്റി. അല്പ്പം പോലും മഴയോ വെയിലോ വെള്ളമോ അകത്തു കയറില്ല. രണ്ടുപേർക്ക് നീണ്ടു നിവർന്ന് കിടക്കാം. അവിടെ ഒരു നിലവിളക്കു കത്തുന്നുണ്ട്‌; ഒരു ശിവലിംഗമുണ്ട്‌, പോരാത്തതിന്‌ ഒരാൾ അവിടെ തഅമസിക്കുന്നതിന്റെ ലക്ഷണങ്ങളും. ഒരമ്മയാണത്രെ അവിടെ താമസിക്കുന്നതും വിളക്കു കത്തിക്കുന്നതും, പക്ഷേ അവരെ അവിടെയൊന്നും കണ്ടില്ല; അവരുടെ ജീവിതവും ജീവിതരീതിയും ആലോചിച്ച് ഞാനവരെ മനസാ നമസ്ക്കരിച്ചു...നിലവിളക്കിനുമുമ്പിൽ കുമ്പിട്ടും നമസ്ക്കരിച്ചു. ഗൗരിയുടെ കാമറയിൽ രണ്ടു സ്നാപ്സും എടുത്തു. ഗൗരി? അവൾ ഭാര്യയുടെ സുഹൃത്തിന്റെ മകളാണ്‌; അവളേയും എന്റെ കൂടെ അവർ ശങ്കരഗുഹ കാണാനയക്കുകയായിരുന്നു.

വാച്ചിൽ സമയം അതിക്രമിക്കുന്നുണ്ടായിരുന്നു. സമയത്ത് തിരിച്ചെത്തിയില്ലെങ്കിൽ ജീപ്പ് പോയതുതന്നെ. പിന്നത്തെ കാര്യം എന്താവുമെന്നു പറയാൻ പറ്റില്ല. ഞങ്ങൾ വേഗത്തിൽ തിരിച്ചു നടന്നു.

ശങ്കരപീഠത്തിൽ തിരിച്ചെത്തുമ്പോൾ എന്റെ ഭാര്യാസഹോദരി പാറപ്പുറത്തുകിടന്ന് സുഖമായുറങ്ങുകയായിരുന്നു. പ്രകൃതിയുടെ സുഖശീതളമായ കാറ്റേറ്റുള്ള ആ ഉറക്കം അവർ ജീവിതകാലം മറക്കില്ലെന്നെനിയ്ക്കുറപ്പുണ്ട്‌.

സർവ്വജ്ഞപീഠത്തിനുമുന്നിൽ എന്റെ ഭാര്യയും സുഹൃത്തും അക്ഷമരായി കാത്തിരിക്കയായിരുന്നു.... ഭാര്യ എന്നെയും അവളുടെ സുഹൃത്ത് മകളേയും... മൂവരും അവർക്കറിയാവുന്ന എല്ലാ കീർത്തനങ്ങളും ശ്രീശങ്കരന്നു മുന്നിൽ ചൊല്ലിത്തീർത്തശേഷമായിരുന്നു ആ ഉറക്കവും കാത്തിരിപ്പും....

മടങ്ങുമ്പോൾ ‘ഗുഹ’ കാണാത്തതിന്റെ വിഷമം സ്ത്രീജനങ്ങൾ പങ്കിട്ടു. ക്ഷീണമുണ്ടായിരുന്നെന്നും ഞങ്ങൾ അല്പസമയം കാത്തിരുന്നെങ്കിൽ അവരും ഞങ്ങളോടോപ്പം വരുമായിരുന്നെന്നും അവർ എന്നോടു പരാതി പറഞ്ഞു. സാധിച്ചാൽ ഇനിയും പോകാവുന്നതല്ലേയുള്ളൂ എന്നു ഞാൻ സമാധാനിച്ചു.

ജീപ്പിലിരുന്നുള്ള മടക്കയാത്ര വീരസ്യം പറച്ചിലുകളുടേതായിരുന്നു. തങ്ങളാണ്‌ ചാല പ്രദേശത്ത് ആദ്യം ശങ്കരപീഠം കയറുന്നതെന്നും ഇതറിയുമ്പോൾ അങ്ങോട്ടായിരിക്കും ഇനി സ്ത്രീജനങ്ങളുടെ ഒഴുക്കെന്നും മറ്റുമായിരുന്നു പറച്ചിലുകൾ. കൂട്ടത്തിൽ മറ്റൊരു കാര്യം ഓർമ്മിപ്പിക്കാനും അവർ മറന്നില്ല...... നമുക്കിനി വൈഷ്ണോദേവി ക്ഷേത്രത്തിലും ഒരിക്കൽ പോകണം; അതായിരുന്നു ഇപ്പോഴവരുടെ ചിന്ത... എനിയ്ക്കിത് ഒരു ഓർമ്മപ്പെടുത്തലായിരുന്നു; ശരിയാണ്‌, ഞാനും കുറച്ചുകാലമായി ഇതു ചിന്തിക്കാറുണ്ടായിരുന്നല്ലോ. മാതാ വൈഷ്ണോ ദേവിയിലേയ്ക്കുള്ള യാത്ര എന്റെ മനസ്സിൽ വീണ്ടും കയറിപ്പറ്റി.

ഡൽഹിയിൽ തിരിച്ചെത്തുമ്പോൾ ഉത്തരേന്ത്യയിലെ തണുപ്പ് വളരെ കൂടുതലായിരുന്നു. നാലു ദശാബ്ദങ്ങളിലെ ഏറ്റവും കൂടിയ തണുപ്പായിരുന്നു ഇവിടെ അനുഭവപ്പെട്ടത്‌. ദൽഹിയിലെ ജീവിതത്തിലാദ്യമായി ഞാനിത്തവണ കമ്പിളിയിൽ മൂടിപ്പുതച്ചിരുന്നു. അങ്ങനെ തണുത്തിരിയ്ക്കുമ്പോൾ ഡൽഹിയിലെ തണുപ്പറിയാൻ ഞാൻ ഇന്റെർനെറ്റിലേയ്ക്കൂളിയിട്ടു. തണുപ്പന്വേഷിച്ചിറങ്ങിയ ഞാൻ എത്തിയത് മാതാ വൈഷ്ണോദേവിയുടെ വെബ്സൈറ്റിലായിരുന്നു. ഡിസംബർ, ജാനുവരി മാസങ്ങൾ തണുപ്പുകാരണം യാത്രയ്ക്ക് അത്ര പറ്റിയതല്ലെന്നും യാത്രക്കാർ പൊതുവെ കുറവായിരിക്കുമെന്നും യാത്രികർ കുറവായിരിക്കുമ്പോൾ അവിടത്തെ ഗുഹകളിലൂടെ ദേവിയെ സന്ദർശിക്കാനാവുമെന്നും വായിച്ചപ്പോൾ എന്റെ മാ വൈഷ്ണോദേവിയാത്ര പിന്നെ വൈകിയില്ല. IRCTCയുടെ website-ൽ കയറി waitlisted ആയി ജമ്മുവിലേയ്ക്കൊരു ടിക്കറ്റ് ബുക്ക് ചെയ്തു. പിന്നീട് വിവരം ഡൽഹിയിലുള്ള മകനോടു പറഞ്ഞപ്പോൾ അവനും എന്റെ കൂടെ പോരാൻ താല്പര്യം കാട്ടി. അവനും ഞാനൊരു waitlisted ticket ബുക്ക് ചെയ്തു. അവനു ഡൽഹിയിൽ നിന്നും എനിയ്ക്ക്‌ ഗാസിയാബാദിൽനിന്നും ആണ്‌ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തത്. വണ്ടിയിൽ രണ്ടുപേരും രണ്ടു സ്ഥലത്തായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

വണ്ടി സമയത്തു തന്നെയായിരുന്നു. അതിനു തൊട്ടു മുമ്പായി അനൗൺസ്മെന്റുമുണ്ടായി..... ‘ദില്ലി സെ ചല്കർ സഹറാൻപുർ, ലുധിയാനാ കേ രാസ്തേ ജമ്മുതവി തക് ജാനേവാലീ ഗാഡീ സംഖ്യാ ഏക്, ചാർ, ഛെ, ചാർ, പാഞ്ച്, ഷാലിമാർ എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ ഏക് പർ ആ രഹീ ഹെ’. അനൗൺസ്മെന്റു കേട്ട് ഞാൻ വണ്ടിയിൽ കയറൻ റെഡിയായി ഉദ്വേഗപൂർവ്വം നിന്നു.

കുതിച്ചു കുതിച്ചു വന്ന ഷാലിമാർ എക്സ്പ്രസ് കിതച്ചു കിതച്ചു പ്ലാറ്റ്ഫോമിൽ നിന്നു. ഷാലിമാർ എക്സ്പ്രസ് എന്നു കേൾക്കുമ്പോഴുള്ള ഗമ വണ്ടി കാണുമ്പോഴില്ല. പഴഞ്ചൻ കമ്പാർട്ട്മെന്റുകൾ. പ്ലാറ്റ്ഫോമിൽ ബോഗീനമ്പറുകളൊന്നും മാർക്ക് ചെയ്തിട്ടില്ല. ഞാൻ S1 കമ്പാർട്മെന്റു വരെ ഓടി. അതിനകം നിറയെ യാത്രക്കാരാണ്‌. വാതില്ക്കലും വഴിയിലുമെല്ലാം ആളുകൾ നിറഞ്ഞിട്ടുണ്ട്... അതിൽ ടിക്കറ്റില്ലാത്തവരും കള്ളന്മാരുമൊക്കെയുണ്ടാവും... വണ്ടിയിൽ കള്ളന്മാരുടെ സേവനം ഞാൻ മുമ്പ് ഡെൽഹിയിൽ നിന്നും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്‌. ശ്രദ്ധാപൂർവ്വം ഞാൻ വണ്ടിയിൽ കയറിപ്പറ്റി.

എല്ല സീറ്റിലും ആളുകൾ കുത്തിത്തിരക്കിയിരിപ്പാണ്‌. സുഖമായി യാത്ര ചെയ്യണമെങ്കിൽ 3-Tier A/C ബുക്കു ചെയ്യണമെന്നു ആശുതോഷ് ഗുപ്ത പറഞ്ഞതു ഞാനപ്പോൾ ഓർത്തു. ഞാനും ആ ആൾക്കൂട്ടത്തിലൊരാളായി.

ഏതു തിരക്കിലും ചായക്കാരൻ വണ്ടിയിലങ്ങോട്ടുമിങ്ങോട്ടും ഒരു ബുദ്ധിമുട്ടുമില്ലാതെ നടക്കും.... അതും ഒരു ചായക്കെറ്റിലുമായി... ‘ചായ് പീയോഗീ, ചായ്, ചായ്’ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് ചായക്കാർ അങ്ങുമിങ്ങും നടന്നു. ചായയുടെ സമയമാണെങ്കിലും ഒരു ചായ വാങ്ങിക്കുടിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ഉത്തരേന്ത്യൻ വെള്ളവും വൃത്തിയും എനിക്കിനിയും അങ്ങോട്ട് പിടിച്ചിട്ടില്ല. ഞാനെന്റെ സീറ്റിൽ അമർന്നിരുന്നു.

വണ്ടിയിലിരിക്കുമ്പോൾ ഉത്തരേന്ത്യക്കാരുടെ ഉച്ചാരണത്തിലെ വ്യത്യാസം എനിക്കൊരിക്കൽ കൂടി അനുഭവപ്പെട്ടു. ‘പാനീ ബോത്ത്ൽ, പാനീ ബോത്ത്ൽ’ എന്നു വിളിച്ചു പറഞ്ഞുകൊണ്ട് കുടിവെള്ളം വില്പ്പനക്കാർ തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരുന്നു. നമ്മൾ ‘ത’ എന്നത്‌ 'tha' എന്ന് ഇംഗ്ലീഷിലെഴുതുമ്പോൾ അവർ 'ta' എന്നേ എഴുതൂ. അതൊരു കണക്കിൽ ശരിയാണുതാനും... 'ലത' എന്നത് 'Latha' എന്നു നാം ഇംഗ്ലീഷിലെഴുതും; ഇത് ഹിന്ദിക്കാർ എഴുതുമ്പോൾ 'ലഥ' ആയിട്ടുണ്ടാകും. നോക്കണേ, ലതയുടെ ഒരു വ്യഥ! നമ്മുടെ ‘ബോട്ട്ൽ (bottle) അവർക്ക് ’ബോത്ത്ൽ‘ ആണ്‌.

സമയം വൈകുന്നേരവും സന്ധ്യയും പിന്നിട്ടു രാത്രിയായി... വണ്ടി മീററ്റ്, ഖതൗളി, മുസഫർപുർ, ദേവ്ബന്ദ് എന്നീ സ്റ്റേഷനുകൾ പിന്നിട്ടു സഹറൻപുറിലെത്തി. ആളുകൾ മിക്കവരും അവിടെ ഇറങ്ങി. ഇപ്പോൾ ഞങ്ങൾ റിസർവ്വ് ചെയ്ത യാത്രക്കാർ മാത്രമേ ബോഗിയിലുള്ളൂ. ദക്ഷിണേന്ത്യക്കാരെയൊന്നും ഞാൻ അടുത്തു കണ്ടില്ല. ബേഗിൽനിന്നും ഒരു തുണിയെടുത്ത് ബെർത്ത് തുടച്ച് ഞാൻ അവിടെക്കേറി ഇരുന്നു. ചുറ്റും പെണ്ണുങ്ങളും കുട്ടികളും അടങ്ങിയ യാത്രക്കാരാണ്‌. എല്ലാവരും ഭക്ഷണം കഴിച്ചു കിടക്കാനുള്ള തിരക്കിലും. ’ഖാനാ, ഖാനാ; ഖാനാ ഭയ്യാ‘ എന്നും ’ഖാനാ, ബോലോ, ചാവൽ, ചോളേ, ദസ് രുപയാ‘ എന്നും മറ്റും ഞാൻ കേട്ടെങ്കിലും അതിനൊന്നും ഞാൻ പിടി കൊടുത്തില്ല. കയ്യിലിരുന്ന ഒരു പേക്കറ്റ് ബിസ്ക്കറ്റെടുത്ത് ഞാൻ കഴിച്ചു.

കുറച്ചു കഴിഞ്ഞു ഞാൻ ചുറ്റും നോക്കുമ്പോൾ എല്ലാ ബെർത്തുകളിലും ഓരോ കമ്പിളിക്കൂമ്പാരങ്ങളാണ്‌ എന്റെ കണ്ണുകൾ ദർശിച്ചത്‌. തണുപ്പെന്നു കേൾക്കുമ്പോഴേയ്ക്കും ഇവർക്കൊക്കെ കമ്പിളി വേണം. എനിക്കു തണുപ്പകറ്റാൻ ഒരു മേൽവസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തൃപ്തനായി ഞാൻ കിടന്നു. ഉറങ്ങാനുള്ള ചുറ്റുപാടൊന്നും ഇല്ലായിരുന്നു. മൊബൈൽ ഫോണുകളിൽ നിന്നും ഉച്ചത്തിൽ ഹിന്ദി പാട്ടൊഴുകിവരുന്നുണ്ട്; കമ്പിളികൾക്കുള്ളിൽ നിന്നും ആളുകളുടെ ഉച്ചത്തിലുള്ള സംസാരം കേൾക്കാം; പോരാത്തതിന്‌ ’ഖുർ, ഖുർർർർർർർ, ഖുർ‘ എന്നുള്ള കൂർക്കം വലികളും.

ചില സ്റ്റേഷനുകളിൽ വണ്ടി കുറേ നേരം കിടന്നു. ’ദില്ലി സെ ചല്കർ സഹറാൻപുർ, ലുധിയാനാ കേ രാസ്തേ ജമ്മുതവി കൊ ജാനേവാലീ ഗാഡീ സംഖ്യാ ഏക്, ചാർ, ഛെ, ചാർ, പാഞ്ച്, ഷാലിമാർ എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ ഏക് പർ ഖഡീ ഹെ‘ എന്ന് അവിടെ നിന്നെല്ലാം കേട്ടു.

അല്പ്പം വൈകിയാണെങ്കിലും അധികം മുഷിപ്പിക്കാതെ വണ്ടി രാവിലെ ജമ്മുവിലെത്തി. ’കനറാ ബാങ്ക് വെല്ക്കംസ് യു റ്റു ദ സിറ്റി ഓഫ് ടെമ്പിൾസ്‘ എന്ന ബോർഡാണ്‌ ഞാനാദ്യം കണ്ടത്‌. ഒരു ദക്ഷിണേന്ത്യക്കാരനെക്കണ്ട പ്രതീതിയായിരുന്നു എനിക്കപ്പോൾ. ജമ്മുവിൽ ഇത്രയും ക്ഷേത്രങ്ങളോ എന്നും ഞാൻ അതിശയിച്ചു. പ്ലാറ്റ്ഫോമിൽ വച്ച് ഞാനും മോനും സന്ധിച്ചു.

സ്റ്റേഷനു തൊട്ടു പുറത്ത് ’കട്ര‘ യിലേയ്ക്കുള്ള ബസ്സുകൾ തയ്യാറായി കിടപ്പുണ്ട്‌. ’കട്ര, കട്ര‘ എന്ന് ബസ്സുകാർ വിളിച്ചു പറയുന്നുമുണ്ട്‌. ഭക്ഷണം കഴിച്ചിട്ടാകാം ഇനി യാത്ര എന്ന് മോൻ ഉപദേശിച്ചു. ഞാൻ സമ്മതം മൂളി. ഞങ്ങൾ നേരെ അടുത്തു കണ്ട ടീസ്റ്റാളിനു മുന്നിൽ സ്ഥാനം പിടിച്ചു. അവിടെ ദോശയും മസാലദോശയും എല്ലാം കിട്ടും. അത്ഭുതം, സന്തോഷം... പല്ലുതേപ്പിനും ദിനചര്യകൾക്കും അവധി കൊടുത്ത് ഞങ്ങൾ ഓരോ പ്ലെയ്റ്റ് ദോശയും പൂരിയും ഓരോ ചായയും കഴിച്ചു.

കേരളത്തിലേതുപോലെ ജമ്മുവിലും KSRTCയും KTDCയും ഉണ്ട്‌. മുന്നിലൊരു ’J‘ ഉണ്ടെന്ന വ്യത്യാസം മാത്രം. ഈ ബസ്സുകൾ ധാരാളം ഞാനവിടെ കണ്ടു. സമയം പുലർച്ചെ ആറു മണി... വെളിച്ചം ആവുന്നതേയുള്ളു. ഞങ്ങൾ ഒരു JKTDC ബസ്സിൽ ടിക്കറ്റെടുത്ത് കയറിയിരുന്നു. ബസ്സ് പുറപ്പെടാൻ സമയമെടുത്തു. അതിനിടയ്ക്കെപ്പോഴോ ഞാനുറങ്ങിപ്പോയി. ഉണരുമ്പോൾ ബസ് കട്രയിലേയ്ക്കുള്ള കയറ്റം കയറുകയാണ്‌. വശങ്ങളിൽ മലകളും ഗർത്തങ്ങളും കാണാം. സ്ഥലം വിജനമാണ്‌. ജീവജാലങ്ങളായി കുരങ്ങന്മാരെ മാത്രമേ കണ്ടുള്ളു. മലയിലെ മണ്ണ്‌ ഉറപ്പുള്ളതായി എനിയ്ക്കു തോന്നിയില്ല. ആ മണ്ണിലുള്ള വലിയ വലിയ പാറകൾ റോഡിലേയ്ക്ക് വീഴുമോ എന്ന ഒരു ഉൾഭീതി എനിയ്ക്കുണ്ടായി. പിന്നീട്‌ ത്രികൂടാചലം നടന്നു കയറുമ്പോൾ എന്റെ സംശയം ശരിയാണെന്നെനിയ്ക്കു മനസ്സിലായി. ’പഥർ ഗിർനേ കീ സംഭാവനാ ഹെ, പഥർ ഗിർനേ കീ ആശങ്കാ ഹെ‘ എന്നൊക്കെ പലയിടത്തും മുന്നറിയിപ്പുകളുണ്ട്‌. ഭക്തർ ശ്രദ്ധാപൂർവ്വം നടക്കണമെന്നും.

രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങൾ കട്രയിലെത്തി. യാത്രക്കിടയിൽ ചായ കുടിക്കാനും മറ്റുമുള്ള സൗകര്യങ്ങളും ചെറിയ ചെറിയ ജനപഥങ്ങളുമുണ്ട്‌.

കട്രയിൽ നിന്നും ഞങ്ങൾ വേഗം ‘യാത്രാപർച്ചി’ കരസ്ഥമാക്കി. ഈ ടിക്കറ്റ് സൗജന്യമാണെങ്കിലും ഇതില്ലാതെ വൈഷ്ണവീദേവിയുടെ ദർശനം തികച്ചും അസാധ്യമാണ്‌. ധർമ്മസ്ഥല ക്ഷേത്രത്തിൽ ഭക്തരുടെ ദർശനം നിയന്ത്രിക്കുന്നതിനായി കമ്പികൾ കെട്ടിയുണ്ടാക്കിയിട്ടുള്ളതുപോലെയുള്ള വളഞ്ഞു പുളഞ്ഞ വഴികളിലൂടെ വേണം ഈ ടിക്കറ്റ് കൗണ്ടറിലെത്താൻ. എന്നാൽ ഞങ്ങളുടെ മുന്നിലോ പിന്നിലോ ഒരാൾ പോലും ടിക്കറ്റിനായി ഉണ്ടായിരുന്നില്ല. അത്രയ്ക്ക് കുറവായിരുന്നു ഈ സീസണിലെ യാത്രക്കാരുടെ തിരക്ക്‌. വൈഷ്ണവീ ദേവീ ക്ഷേത്രം സന്ദർശിക്കുന്നെങ്കിൽ അതീ സമയത്തു തന്നെ വേണം.... കാലാവസ്ഥയും സഹനീയം തന്നെ. അടുത്തു കണ്ട കടയിൽ നിന്നും ദേവിക്കു ചാർത്താൻ രണ്ടു പട്ടുകൾ വാങ്ങി സഞ്ചിയിലിട്ട് ഞങ്ങൾ ത്രികൂടാചലം കയറാൻ തുടങ്ങി.

പണ്ടത്തെപ്പോലെയൊന്നുമല്ല ഇപ്പോൾ വൈഷ്ണോദേവീക്ഷേത്രത്തിലേയ്ക്കുള്ള യാത്ര. പൈസയുള്ള ആർക്കും അവിടെ എത്താവുന്നതേയുള്ളു. അടിവാരം മുതൽ ക്ഷേത്രം വരെ സിമന്റിട്ടു നിരപ്പാക്കിയ പാതയാണ്‌. നടക്കാൻ തികച്ചും സൗകര്യപ്രദം. നല്ലപോലെ നടക്കാൻ പറ്റുന്നവർക്ക് നടന്നു കയറാൻ സിമന്റിട്ട പടികളുണ്ട്‌. പടികൾ കയറാൻ വയ്യാത്തവർക്ക് അങ്ങേയറ്റം വരെ ചെറിയ സ്ലോപ്പുള്ള പാതയിലൂടെ നടക്കാവുന്നതേയുള്ളൂ. ഇനി നടക്കാൻ വയ്യെങ്കിലോ? അങ്ങേയറ്റം വരെ ചുമക്കാൻ കുതിരകളും മഞ്ചലുകളുമുണ്ട്‌. നടന്നു നടന്നു ക്ഷീണിക്കുമ്പോഴും വഴിമദ്ധ്യേ കുതിരയെ വിളിക്കാവുന്നതേയുള്ളു. എന്തുകൊണ്ടെന്നാൽ യാത്ര തുടങ്ങുന്നതുമുതൽ മലയുടെ മുകളറ്റം വരെ കുതിരകളേയും കുതിരക്കാരേയും കാണാം. ‘ഘോഡേ, ഘോഡേ’ എന്ന്‌ കാണുന്നവരോടെല്ലാം അവർ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. (അതാണല്ലോ അവരുടെ അന്നം!) അവരോടെല്ലാം ഞാൻ മനസ്സിൽ ‘പോടേ, പോടേ’ എന്നും പറഞ്ഞുകൊണ്ടിരുന്നു. മല കയറാൻ എനിക്കു കുതിരയുടെ സഹായം വേണ്ടെന്ന ഗർവ്വ് ആണ്‌ ആ മറുപടിയ്ക്കു നിദാനം. എത്ര കാലം കാണുമോ ആവോ ഈ ഗർവ്വ്? ദൈവം മറിച്ചു കരുതീടിലരക്ഷണത്തിൽ ദേവൻ വെറും പുഴു മഹാബ്ദി മരുപ്രദേശം .....എന്നല്ലേ ആപ്തവാക്യം? ചില കുതിരക്കാർ ‘സർ, ഘോഡ; സർ, ഘോഡ’ എന്നും പറയുന്നുണ്ട്; അവരോട് ഞാൻ ‘ഡായ്, പോടാ; ഡായ്, പോടാ’ എന്നും മനസാ പറഞ്ഞു.

ഇനി നടക്കാൻ വയ്യ, കുതിരപ്പുറത്തു വയ്യ, മഞ്ചൽ വേണ്ടാ എന്നൊക്കെയാണെങ്കിലോ? അതിനും വഴിയുണ്ട്‌. പണം എവിടെയുണ്ടോ അവിടെ ഹെലിക്കോപ്റ്ററുമുണ്ട്‌. കട്രയിൽ നിന്നും സാഞ്ചിഛത് എന്ന സ്ഥലം വരെ ഹെലിക്കോപ്റ്റർ സർവ്വീസുണ്ട്‌. ഇതിനൊക്കെ പുറമെ തീരെ വയ്യാത്തവർക്കായി ബാറ്ററിയിലോടുന്ന കാറുമുണ്ട്‌; അങ്ങേയറ്റം വരെ! ആനന്ദലബ്ധിക്കിനിയെന്തുവേണം?

ഭക്തർക്കായി മാതാ വൈഷ്ണോദേവി ഷ്രൈൻ ബോർഡ് എല്ലാ വിധ യാത്രാ സൗകര്യങ്ങളും വഴിയിൽ ഒരുക്കിയിട്ടുണ്ട്‌. ഈ ഒരു കാര്യത്തിൽ അവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അതൊക്കെ നോക്കുമ്പോൾ ശബരിമലയിലെ സൗകര്യങ്ങൾ പുച്ഛിച്ചു തള്ളേണ്ടവയാണ്‌. വഴിയിൽ നിറയെ ശുചിത്വമാർന്ന ശൗചാലയങ്ങളുണ്ട്‌; സാമാന്യനിരക്കിലുള്ള ഭോജനാലയങ്ങളുണ്ട്‌. ഇതു രണ്ടുമുണ്ടെങ്കിൽ ഒരു സാധാരണ ഭക്തന്റെ ആവശ്യങ്ങളായി. കുറഞ്ഞ നിരക്കിലും സൗജന്യ നിരക്കിലുമുള്ള സത്രങ്ങളുടെ ലഭ്യതയും കുറവല്ല. ശബരിമലക്കാർ ഇവരെക്കണ്ടു പഠിക്കട്ടെ.

വഴിയിൽ ധാരാളം വഴിയോരകച്ചവടക്കാരെ കാണാം. പൂജാസാധനങ്ങൾ, കുങ്കുമം, ദേവിയുടെ ഫോട്ടോകൾ, കുത്തിനടക്കാനുള്ള വടി എന്നു വേണ്ടാ ഭക്തർക്കു വേണ്ട എല്ലാം അവിടെ ലഭ്യമാണ്‌. പിന്നെ ഒന്നുണ്ട്‌; അതു പറയാതിരിക്കാൻ വയ്യ; വഴിയിലങ്ങോളമിങ്ങോളം കുതിരച്ചാണകം കാണും. അത് അപ്പോഴപ്പോൾ ജോലിക്കാർ നീക്കം ചെയ്യുന്നുണ്ടെങ്കിലും.

വഴിയിൽ ഒന്നു മാത്രമേ ഞങ്ങളെ ബുദ്ധിമുട്ടിച്ചുള്ളു. ഇടയ്ക്കിടയ്ക്കുള്ള സെക്യൂരിറ്റി ചെൿപോസ്റ്റുകളും അവിടെയുള്ള ദേഹപരിശോധനയും ബാഗ് പരിശോധനയും. പക്ഷേ അതിന്റെ ആവശ്യകത അറിയാവുന്ന ഞങ്ങൾക്കതൊരു പ്രശ്നമായി തോന്നിയില്ല.

നടന്നു നടന്ന് ഞങ്ങൾ അഥ്ക്വാരി എന്ന സ്ഥലത്തെത്തി. ഇവിടെ ഒരു ഗുഹയിൽ വൈഷ്ണവീദേവി ഒരു കന്യകയുടെ രൂപത്തിൽ 9 മാസം തപസ്സിരുന്നിട്ടുണ്ടത്രെ. നമ്മൾ 9 മാസം മാതൃഗർഭത്തിൽ കഴിയുന്നതുപോലെയത്രെ അവരവിടെ കഴിഞ്ഞത്! അതുകൊണ്ട് ആ ഗുഹയ്ക്ക് ‘ഗർഭജൂൻ’ എന്നാണ്‌ പേര്‌!

മറ്റുള്ളവരെപ്പോലെ ഞങ്ങളും ആ ഗുഹയിലൂടെ നൂഴ്ന്നിറങ്ങി അപ്പുറത്തെത്തി. എല്ലവരും ആ ഗുഹ നൂഴുന്നുണ്ട് എന്നുണ്ടോ എന്തോ? ഞങ്ങൾ ഉള്ളപ്പോൾ വലിയ തിരക്കില്ലായിരുന്നു. ഒരു സ്ത്രീ മാത്രം തിരിച്ചുപോകുന്നതു ഞാൻ കണ്ടു. അവരെ അവരുടെ ബന്ധുക്കൾ ഗുഹനൂഴാൻ ഒരുപാടു പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. എന്നിട്ടും അവർ മടങ്ങിപ്പോയി. അവർക്ക് അതിനുള്ള ധൈര്യമോ ഭാഗ്യമോ ഏതാണാവോ ഇല്ലാത്തത്? ഗുഹയിൽ എന്നെ ആകർഷിച്ചത് ഗുഹയിലെ പാറയുടെ മിനുസമാണ്‌! നൂറ്റാണ്ടുകളായി, അല്ലെങ്കിൽ ദശാബ്ദങ്ങളെങ്കിലുമായി ശതകോടി മനുഷ്യർ നിരങ്ങി നീങ്ങിയിട്ടാണ്‌ ആ പാറകൾക്കീ മിനുസം വന്നിട്ടുള്ളത്! പാറകളുടെ ഈ മിനുസത്തെ മറ്റെന്തിനോടെങ്കിലും താരതമ്യം ചെയ്യാൻ ഞാൻ ശ്രമിച്ചു. പക്ഷേ മറ്റെന്തിനെങ്കിലും ഈ മിനുസം ഉള്ളതായി എനിയ്ക്കു തോന്നിയില്ല. വെള്ളാരങ്കല്ലുകൾക്കോ കല്ലാറിലെ കല്ലുകൾക്കോ ഇത്ര മിനുസം ഞാൻ കണ്ടിട്ടില്ല. ഈ പാറകളുടെ മിനുസം ഈ പാറകൾക്കു മാത്രം!

ഈ ഗുഹ നൂഴ്ന്നുകഴിഞ്ഞാൽ ജീവിതത്തിൽ നാം ചെയ്ത സകല പാപങ്ങളും തീരുമത്രെ! മാത്രമോ? മനസ്സിൽ ബാക്കി കിടക്കുന്ന സകല ആഗ്രഹങ്ങളും (ശുഭകാമനായേം) കൂടി സഫലമാകുമത്രെ! എന്റെ കാര്യവും അങ്ങനെയാണോ എന്തോ? എല്ലാവരേയും വിശ്വാസം രക്ഷിക്കട്ടെ, അമ്മേ, ശരണം!

യാത്ര പകുതിയായിട്ടേയുള്ളൂ. ആയിരക്കണക്കിനു പടികളാണ്‌ കയറാൻ മുന്നിലുള്ളത്. ഞാൻ ധൃതി കൂട്ടി. അടുത്തു കണ്ട ഭോജനാലയത്തിൽനിന്നും പൂരിയും ചായയും കുടിച്ചു ഞങ്ങൾ യാത്ര തുടർന്നു.

ഇവിടെ നിന്നും ഭവനിലേയ്ക്ക് രണ്ട് വഴികളുണ്ട്; ഒന്നു വലിയ കയറ്റം ഇല്ലാത്തതാണ്‌, മറ്റേത് മലയുടെവളരെമുകളിലെത്തുന്നതും. സ്വാഭാവികമായും ഞങ്ങൾ തെരഞ്ഞെടുത്തത് രണ്ടാമത്തേതായിരുന്നു.

ഞങ്ങൾ നടന്നു; അല്ല കയറി.... ഇടയ്ക്കിടയ്ക്ക് പുറകെ താഴേയ്ക്ക് നോക്കിക്കൊണ്ട്..... നോക്കുമ്പോൾ അങ്ങകലെ, താഴെ കട്ര എന്ന വിശാലമായ ടൗൺഷിപ്പ് കാണാം, ചെറിയ മലകളും...

നടക്കുമ്പോൾ ഞങ്ങൾ ദൂരെ ഭവൻ കണ്ടു. അങ്ങനെയാണ്‌ ക്ഷേത്രത്തിനെ വിളിക്കുന്നത്. ഒരു വലിയ കോൺക്രീറ്റ് സമുച്ചയം. മലയുടെ പശ്ചാത്തലത്തിൽ നിരനിരയായി കോൺക്രീറ്റ് കെട്ടിടങ്ങൾ. അതെനിയ്ക്കുൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതിനെയാണോ മാ വൈഷ്ണോദേവീ ക്ഷേത്രമെന്നു പറയുന്നത്? ഉത്തരേന്ത്യൻ ക്ഷേത്രങ്ങൾ മലയാളിയിൽ ഭക്തി ജനിപ്പിയ്ക്കാൻ പോന്നതല്ലെന്ന്‌ എനിക്കൊരിക്കൽ കൂടി ബോധ്യമായി.

ഒടുവിൽ ഞങ്ങൾ ഭവനിലുമെത്തി. ക്ഷേത്രത്തോടടുക്കുംതോറും കച്ചവടക്കാരുടെ തിരക്കാണ്‌; താഴെ പത്തു രൂപയ്ക്കു കിട്ടുന്ന സാധനം നമുക്കിവിടെ 50രൂപയ്ക്ക് വാങ്ങാം. ഞാനടുത്തുള്ള ഒരു കുളിസങ്കേതത്തിൽ നിന്നും കുളിച്ചു. തണുപ്പിനെയൊന്നും ഞാൻ വക വച്ചില്ല. ഞങ്ങളുടെ സാധനങ്ങളൊക്കെ പണം കൊടുക്കാതെ സൂക്ഷിക്കാവുന്ന ലോക്കറിൽ വച്ചു പൂട്ടി പട്ടുമായി ദേവീ സവിധത്തിലേയ്ക്കു തിരിച്ചു. കനത്ത സെക്യൂരിറ്റി ചെക്ക്! എന്റെ പോക്കറ്റിൽ കിടന്ന ചീർപ്പെടുത്തവർ കളഞ്ഞു. (എടുത്തു കളയാൻ പറ്റുന്നതായി തുണിയല്ലാതെ മറ്റൊന്നും ഞങ്ങളുടെ ദേഹത്തില്ലായിരുന്നു.)

മുന്നിൽ ചെറിയൊരു ക്യൂ ഉണ്ട്‌. തിരക്കില്ലാത്തതുകൊണ്ടുള്ള തിരക്ക്! ഇത് പക്ഷേ തിരക്കല്ല. തിരക്കില്ലാത്തപ്പോൾ ഒരു ഗുഹ വഴിയും തിരക്കുള്ളപ്പോൾ സാധാരണവഴിയിലൂടേയുമാണ്‌ ദേവീദർശനം. മുന്നിൽ കണ്ട തിരക്ക് ഗുഹയിൽ കയറുന്നതുകൊണ്ടാണ്‌.

ഈ ഗുഹയ്ക്കകത്ത് കയറുന്നതാണ്‌ പ്രയാസം. പിന്നീട് ബുദ്ധിമുട്ടില്ല. കുറച്ചു നേരം കുനിഞ്ഞും ഇഴഞ്ഞും നടക്കണം. ഗുഹയിലൂടെ തണുതണുത്ത വെള്ളമൊഴുകുന്നുണ്ട്‌. ശുദ്ധമായ ജലം. അതെടുത്തു കുടിയ്ക്കണമെന്നെനിയ്ക്കു തോന്നി... പക്ഷെ, ആളുകൾ ചവിട്ടി നടക്കുമ്പോൾ മനസ്സിനൊരു തൃപ്തി വരില്ല.. അതുകൊണ്ടു ഞാനതു കുടിച്ചില്ല. അഗസ്ത്യകൂടം യാത്ര അവസാനിപ്പിച്ച ശേഷം ഞാനിത്ര ശുദ്ധമായ ജലം കണ്ടിട്ടില്ല. ഗുഹയിലെ പാറകൾ ഞാൻ തൊട്ടുനോക്കി. ശരിയാണ്‌, ഈ പാറകളുടെ മിനുസം ഈ പാറകൾക്കു മാത്രം. ഗുഹയ്ക്കകം വ്യക്തമായി കാണത്തക്കവിധം അതിനകത്തു വൈദ്യുതിവെളിച്ചമുണ്ട്‌. ഒന്നും പേടിക്കാനില്ല. നമുക്കീ ഗുഹകളെ പുനർജ്ജനി എന്നു മലയാളത്തിൽ വിളിയ്ക്കാം. കേരളത്തിലെ ഗുഹയെ നാമങ്ങനെയല്ലെ പറയുന്നത്?

ഗുഹയിലൂടെ ഞങ്ങൾ നടന്നു. മുന്നിലും പുറകിലും ആളുകൾ ഉണ്ട്‌. ഗുഹ അവസാനിക്കുമ്പോൾ നാം അപ്രതീക്ഷിതമായി കാണുന്നത് ദേവിയുടെ അലങ്കരിച്ച രൂപങ്ങളും അടുത്തു നില്ക്കുന്ന പൂജാരിമാരേയുമാണ്‌. ഭംഗിയായി നിർമ്മിച്ച അനേകം സ്വർണ്ണ കിരീടങ്ങൾ ദേവിക്കുണ്ട്‌. പക്ഷേ, സ്വയംഭൂവായിരിക്കുന്ന ദേവിയുടെ മൂന്നു രൂപങ്ങൾ (പിണ്ഡികൾ) എന്നിൽ ഒരു വികാരവും ഉണർത്തിയില്ല. കയ്യിലിരുന്ന പട്ട് ഞാൻ മറ്റുള്ളവർ ചെയ്യുന്നതുകണ്ട് ഒരു പൂജാരിയെ ഏല്പ്പിച്ചു. അദ്ദേഹമത് പിണ്ഡിയുടെ അടുത്തേയ്ക്കൊന്നു കാട്ടി എനിയ്ക്കു തന്നെ തിരിച്ചു തന്നു. രണ്ടുമൂന്നു പൂജാരിമാരവിടെയുണ്ട്‌. ഒരാൾ ഞങ്ങളുടെ നെറ്റിയിൽ കുങ്കുമക്കുറി ചാർത്തി, മറ്റേയാൾ ഞങ്ങളെ പുറത്തേയ്ക്കു തിരിച്ചു വിട്ടു.

ദേവീദർശനം കഴിഞ്ഞിരിക്കുന്നു. ഇനി മടക്കം. ശ്രീകോവിലിൽ (മലയാളിയുടെ ഭാഷയിൽ അങ്ങനെ പറയട്ടെ) നിന്നും പുറത്തു കടക്കാൻ സാധാരണ വഴിയുണ്ട്; അതിലൂടെ ഞങ്ങൾ പുറത്തു കടന്നു. കയ്യിൽ കരുതിയ പണം പുറത്തുള്ള ഭണ്ഡാരത്തിലിട്ടു. (അകത്തു ശ്രീകോവിലിൽ പണം ഇടരുതെന്ന് കർശന നിർദേശമുണ്ട്‌) പുറത്തേയ്ക്കു നടക്കുമ്പോൾ ഒരു ശിവഗുഹയുടെ ബോർഡ് മുന്നിൽ കണ്ടു. ഞങ്ങൾ അവിടെയും ദർശനം നടത്തി. അവിടെ ഗുഹയ്ക്കുള്ളിൽ ശിവലിംഗവും വിളക്കും ഭണ്ഡാരവും പൂജാദികളും ഉണ്ട്‌. ശിവഗുഹയിൽ നിന്നു പുറത്തു കടന്ന ഞങ്ങൾ ലോക്കറിലെ സാധനങ്ങൾ കൈപ്പറ്റി തിരിച്ച് നടന്നു....

ഭവൻ മലയുടെ ഏറ്റവും മുകളി(hilltop)ലല്ല. മലമുകൾ ഭക്തർക്കപ്രാപ്യമാണ്‌. അങ്ങോട്ടു വഴികളൊന്നുമില്ല. മലമുകളിൽ മഞ്ഞുറഞ്ഞു കിടപ്പുണ്ട്. അത് മഞ്ഞു തന്നെയെന്ന് ഉറപ്പു വരുത്താൻ ഞാനല്പ്പം മേലോട്ടു കയറി വെളുത്തു കിടക്കുന്ന സാധനം വാരിയെടുത്തു. അതെ, ചെറിയ ചെറിയ iceകട്ടകളാണവ. ഞാൻ ഹിമാലയത്തിലെ ധവളഗിരി കണ്ടിട്ടില്ലെങ്കിലും മഞ്ഞുമൂടി ധവളാഭമായിക്കിടക്കുന്ന നിരവധി ‘ധവളഗിരികൾ’ ത്രികൂടാചലത്തിനു സമീപം ഞാൻ കണ്ടു.

ഒരു ദർശനം കൂടി ബാക്കി കിടക്കുന്നു. ഭൈരോബാബയെക്കൂടിക്കണ്ടാലേ ദേവീദർശനം പൂർണ്ണമാകുന്നുള്ളു. ഞങ്ങൾ ഭൈരോമന്ദിരത്തിലേയ്ക്ക് നടന്നു. അതു വീണ്ടും ഉയരത്തിലാണ്‌. അവിടെയ്ക്കുള്ള വഴികളും കോൺക്രീറ്റ് പതിച്ചതാണ്‌; ‘സർ, ഘോഡാ; സർ, ഘോഡാ’ എന്ന പല്ലവി അവിടെയും കേൾക്കാം. ‘ഡായ്, പോടാ, ഡായ്, പോടാ“ എന്നു മലയിൽ നിന്നെന്നതുപോലെ അതെന്നിൽ നിന്നു പ്രതിധ്വനിച്ചു.

ഭൈരോമന്ദിറിൽ നിന്നിറങ്ങിയ ഞാൻ വീട്ടിലേയ്ക്ക് ഭാര്യയെ വിളിച്ചു. അടുത്തുള്ള STD ബൂത്തിൽ നിന്ന്. അവിടെ നമ്മുടെ മൊബൈൽ ഫോണൊന്നും ഒന്നുമല്ല. ”ദർശനം കഴിഞ്ഞിരിക്കുന്നു, ഞങ്ങൾ മടങ്ങുകയാണ്‌!“

സമയം ഏതാണ്ട് ഉച്ചയ്ക്ക് രണ്ടു മണി. ഞങ്ങൾ വേഗം ഇറക്കം ആരംഭിച്ചു. വഴിയിൽ ഒരു ഭോജനാലയത്തിൽ കയറിയെങ്കിലും ഭക്ഷണം തീർന്നിരുന്നു. ഒരു lemon sodaയിലും ബിസ്ക്കറ്റിലും ഞങ്ങൾ ഉച്ചഭക്ഷണം ഒതുക്കി. താഴെ കട്രയിലെത്തുമ്പോൾ സമയം അഞ്ചു മണി.

ഞാനിപ്പോൾ മലയിറങ്ങിയിരിയ്ക്കുന്നു. മനമടങ്ങുകയും. മനസ്സിലിപ്പോൾ വൈഷ്ണവീദേവിയില്ല. ഹിമവാന്റെ ഔന്നത്യമില്ല. ഉടനെ നടക്കാനിടയുള്ള ഒരു ഹിമാലയൻ തീർത്ഥയാത്രയെക്കുറിച്ചുള്ള ചിന്തകളും ഇപ്പോഴില്ല. പിന്നെയുള്ളതോ? വഴിയിൽ കണ്ട പുനർജ്ജനിയിലെ മിനുമിനുത്ത പാറകളും വഴിയിൽ കണ്ട സുന്ദരികളുടെ തുടുതുടുത്ത കവിളുകളും മാത്രം...... ജയ് മാതാ ദീ..

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

രാഹുൽ ശർമ്മ ഇപ്പോൾ ചണ്ഡീഗഡിലാണ്‌. അനിത രാജി വച്ചു പോയിരിക്കുന്നു, എവിടെയാണെന്നറിയില്ല. ഞാനപ്പോൾ വളരെ നാൾ രാജസ്ഥാനിലായിരുന്നു. വൈഷ്ണോദേവിയിൽ നിന്നു തിരിച്ചു വന്ന ഞാൻ രാഹുൽ ശർമ്മയ്ക്ക് മെയിൽ ചെയ്തു. എനിക്കു നല്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട്‌; പോകുന്നതിനുമുമ്പ് ഞാൻ രാഹുലിനോട് വഴിയെല്ലാം ചോദിച്ചു മനസ്സിലാക്കിയിരുന്നു. രാഹുൽ എഴുതി, ”നിങ്ങൾ രണ്ടു ഗുഹകളിലൂടെയും പോയി എന്നതിൽ ഞാനതിയായി സന്തോഷിക്കുന്നു. മിക്കപ്പോഴും അമിതമായ തിരക്കുകാരണം ഈ ഗുഹകൾ അടഞ്ഞാണ്‌ കിടക്കുക. ആദ്യ സന്ദർശനത്തിൽ തന്നെ നിങ്ങൾക്കതിനായതിനാൽ നിങ്ങൾ ഭാഗ്യവാന്മാരാണ്‌. ഞാൻ നാലു തവണ അവിടെ പോയിട്ടുണ്ടെങ്കിലും എനിയ്ക്കായി ഗുഹ തുറന്നത് ഒരു തവണ മാത്രമാണ്‌. ജബ് മാതാ കാ ബുലാവാ ആത്താ ഹെ തൊ കൊയീ താക്കത് നഹീ രൂക്ക് സൿതി ഔർ ജബ് മാതാ കാ ബുലാവാ നഹീ ആത്താ തൊ കൊയീ ഭീ മാതാ കാ ദർശൻ നഹീ കർ സൿതാ. അതായത് എപ്പോൾ അമ്മ തന്റെ ഭക്തനെ വിളിച്ചുവോ അപ്പോൾ ഭൂമിയിലൊരു ശക്തിയ്ക്കും അമ്മയുടെ ദർശനത്തിൽ നിന്നും അവനെ തടയാനാവില്ല, അതുപോലെ അമ്മ വിളിച്ചിട്ടില്ലെങ്കിൽ ഒരാൾക്കും അമ്മയെ ദർശിക്കാനും ആവില്ല. അതുകൊണ്ട് ഞാൻ മനസ്സിലാക്കുന്നത് അമ്മ നിങ്ങളെ രണ്ടുപേരേയും ഇത്തവണ വിളിച്ചുവെന്നാണ്‌. നിങ്ങളുടെ മകന്റെ കാര്യത്തിൽ ഇതു കൂടുതൽ ശരിയാണ്‌ ; എന്തെന്നാൽ നിങ്ങൾ ഒറ്റയ്ക്കാണ്‌ യാത്ര പ്ലാൻ ചെയ്തത്; പോയത് മകനോടൊത്തും. ജയ് മാതാ ദീ. മാ വൈഷ്ണോദേവി നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിതമാക്കിത്തീർക്കട്ടെ.“

ശരിയാണ്‌; ഇത് തീർച്ചയായും അമ്മയുടെ അനുഗ്രഹം തന്നെ. അമ്മയുടെ മാത്രമല്ല സാക്ഷാൽ ശങ്കരാചാര്യസ്വാമികളുടേയും. കുടജാദ്രിയിൽ നമിച്ചിട്ടാണല്ലോ ഞാൻ ഡൽഹിയ്ക്ക്‌ വണ്ടി കയറിയത്! തീർച്ചയായും അദ്ദേഹം എന്നെ അനുഗ്രഹിച്ചിട്ടുണ്ടാകും.