2012, ജൂൺ 1, വെള്ളിയാഴ്‌ച

ആശ്രയം

മനുജൻ അത്താണി നിർമ്മിച്ചു, വഴിയിൽ ചുമടു താങ്ങുവാൻ
നടവഴി പെരുതാം റോഡായി, കാലചക്രം കറങ്ങവേ;
അത്താണിയ്ക്കന്ത്യമായ് പിന്നെ, ഇന്നില്ലാ അത്താണിയെങ്ങുമേ
മനുജനും ചുമടും പക്ഷേ ഇല്ലാതായില്ല വാസ്തവം.

മനുജൻ മക്കളെ സൃഷ്ടിച്ചു, വലുതായാൽ ആശ്രയിക്കുവാൻ
മക്കൾ അകലേക്ക് ചേക്കേറി, ലോകം പുരോഗമിക്കവേ;
ബന്ധങ്ങൾക്കന്ത്യമായ് പിന്നെ, ഇന്നില്ലാ ബന്ധങ്ങളെങ്ങുമേ
മനുജനും മക്കളും പക്ഷേ, ഇല്ലാതായില്ല വാസ്തവം.

മനുജൻ ദൈവത്തെ സൃഷ്ടിച്ചു, ജീവനൊരത്താണിയാകുവാൻ
ദൈവം ദൈവങ്ങളായ് പിന്നെ, ലോകം മുന്നോട്ടു പോകവേ;
മതസ്പർദ്ധകൾ വർദ്ധിക്കേ ഇല്ലാതായ് ദൈവങ്ങളെങ്ങുമേ
മനുജനും ജീവനും പക്ഷേ നിലനിന്നീടുന്നു സന്തതം.

മതവും സ്പർദ്ധയും പിന്നെ വിദ്വേഷം സർവവ്യാപിയായ്
ഉൾത്താപം താങ്ങാനാകാതെ, ഭൂമി പോലും വരണ്ടു പോയ്.
ഇന്നില്ലാ അത്താണിയെൻ ചാരേ, മക്കളും ദൈവവും തഥാ
അതിനാൽ ഞാനിന്നറിയുന്നു ഞാൻ താൻ എന്റെ ആശ്രയം.