2014, മാർച്ച് 29, ശനിയാഴ്‌ച

The gigantic National Flag at Connaught Place, Delhi


ഡൽഹിയിലെ കൊണാട്ട് പ്ളെയ്സിൽ ഈയിടെ അനാച്ഛാദിതമായ ഭീമാകാരമായ ദേശീയപതാകയാണ് ചിത്രത്തിൽ.

ഇതിന് 27 മീറ്റർ നീളവും 18 മീറ്റർ വീതിയും 35കിലോഗ്രാം ഭാരവുമുണ്ട്. കൊടിമരത്തിന് ഭൂതലത്തിൽ നിന്നും 63 മീറ്ററോളം ഉയരമുണ്ട്. രാവെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ വായുവിൽ പാറുന്ന ഈ ത്രിവർണ്ണ പതാക നയനാനന്ദകരം മാത്രമല്ല, കാണുന്നവരിൽ ദേശാഭിമാനവും ദേശസ്നേഹവും വളർത്താനും പര്യാപ്തമാണ്.

ഹമാരാ ഭാരത് മഹാൻ!!!!!!!!!!!


2014, മാർച്ച് 24, തിങ്കളാഴ്‌ച

ഒരു ഷോപ്പിങ്ങ് യാത്ര

ഞാൻ മുമ്പ് ഇവിടെ കുത്തിക്കുറിച്ച "ഒരു മെട്രോ യാത്ര"യുടെ ബാക്കിപത്രമാണ് ഈ കുത്തിക്കുറിപ്പ്.

മെട്രോയിൽ നിന്നിറങ്ങിയ ഞങ്ങൾ നേരേ അജ്മൽഖാൻ റോഡ് ലക്ഷ്യമായി നടന്നു. അവിടെ റോഡ് മുഴുവൻ പല തരത്തിലുള്ള തുണിത്തരങ്ങളുടെ വില്പനയാണ്. റോഡിനോട് ചേർന്ന് നല്ല തുണിക്കടകളും ഉണ്ട്. ഞങ്ങൾ അടുത്തു കണ്ട ഒരു ബ്ളൗസ്  കടയിലേക്ക് കയറി. ഇനിയിപ്പോൾ ഒരു മണിക്കൂർ കഴിയാതെ അവിടെ നിന്നിറങ്ങലുണ്ടാവില്ല. മനസ്സിനിണങ്ങുന്നതും സാരിക്ക് ചേരുന്നതുമായ നാലു 'മാച്ചിങ്ങ് ബ്ളൗസ്  പീസ്' കിട്ടാൻ ഒരു മണിക്കൂറായാൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഭാഗ്യത്തിന് മാച്ചിങ്ങ് ബ്ളൗസ്  തെരഞ്ഞെടുക്കാൻ സഹധർമ്മിണി എന്നെ വിളിക്കാറില്ല. എനിയ്ക്ക് അതിനൊന്നും ഉള്ള കഴിവില്ലെന്ന് അവൾക്ക് ബോദ്ധ്യമുണ്ട്. അതല്ലെങ്കിൽ അങ്ങനെയാണ് ഞാൻ അവളെ ബോദ്ധ്യപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഇനിയുള്ള ഒരു മണിക്കൂർ എനിക്ക് എന്റേത് മാത്രമായി ഉപയോഗിക്കാം. ഭാഗ്യത്തിന് എനിക്കിരിക്കാൻ ഒരു കസേല കിട്ടി. ഞാൻ അതിൽ ഇരുന്നു.

ഞാൻ പതുക്കെ പുതുതായി വാങ്ങിയ ആൻഡ്രോയ്ഡ് ഫോൺ കയ്യിലെടുത്തു. ജോലിയില്ലാത്ത സഹധർമ്മിണിക്ക് വീട്ടിൽ സമയം പോകാൻ ഈയിടെ വാങ്ങിക്കൊടുത്തതാണീ ഫോൺ. യാത്രയിലൊക്കെ അത് ഞാനാണ് കയ്യിൽ വയ്ക്കുക. ഞാൻ അവൾക്ക് വന്ന മെസേജുകൾ ഓരോന്നായി നോക്കാൻ തുടങ്ങി. കൂടുതലും ഉള്ളത് വീഡിയോകളാണ്. ഞാൻ അതിലൊരെണ്ണം ഓടിച്ചു നോക്കി. സന്തോഷ് പണ്ഡിറ്റിന്റെ ഒരു വീഡിയോ ക്ളിപ്പിങ്ങാണ് ഒന്ന്. ഹൊ! പഴത്തിനു തൊലിയുണ്ടെന്നു കരുതി പഴംപൊരിക്ക് തൊലിയുണ്ടെന്നു കരുതരുത്, തീപ്പെട്ടി ഉരച്ചാൽ മെഴുകുതിരി കത്തിക്കാം പക്ഷേ, മെഴുകുതിരി ഉരച്ച് തീപ്പെട്ടി കത്തിക്കരുത്, കണ്ടക്റ്ററോട് ചില്ലറ ചോദിക്കാം എന്നു വച്ച് ഡ്രൈവറോട് ചില്ലറ ചോദിക്കരുത് എന്നൊക്കെയുള്ള അയാളുടെ ഡയലോഗൊക്കെ എങ്ങനെയാണ് ആൾക്കാർ സഹിക്കുന്നത്? എനിയ്ക്ക് വയ്യ. ഞാൻ ഫോൺ പതുക്കെ പോക്കറ്റിൽ തന്നെ ഇട്ടു.

ഞാൻ പിന്നെ തുണിക്കടയിൽ വരുന്ന പെണ്ണുങ്ങളെ നോക്കി ഇരിക്കാൻ തീരുമാനിച്ചു. അതാകുമ്പോൾ സമയം പോകുന്നതറിയില്ല. മനസ്സിനൊരു ഉന്മേഷവും കിട്ടും.  എന്തൊക്കെ വേഷങ്ങളാണീ പെണ്ണുങ്ങൾ കെട്ടുന്നത്? ചിലർ സാരി, ചിലർ ചുരിദാർ, ചിലർ പാന്റും ഷർട്ടും ....... ആറു നാട്ടിൽ നൂറു ഭാഷ എന്നു പറഞ്ഞപോലെയാണീ പെണ്ണുങ്ങളുടെ വസ്ത്രധാരണം എന്നെനിയ്ക്ക് തോന്നിപ്പോയി. പെണ്ണ് പാന്റും ഷർട്ടും ഇട്ടാൽ ആണാണെന്ന്  തോന്നില്ലേ എന്നെനിയ്ക്ക് തോന്നി. അപ്പോഴാണ് പാന്റും ഷർട്ടും ഇട്ട ഒരു യുവതി കടയിൽ കേറി വന്നത്. ഞാൻ അവളെ ആകപ്പാടെ ഒന്നു നോക്കി. അപ്പോഴെനിക്ക് ഒരു കാര്യം പിടി കിട്ടി. പാന്റും ഷർട്ടും ഇടുന്ന പെണ്ണുങ്ങളെ പാന്റും ഷർട്ടും ഇടുന്ന ആണുങ്ങളിൽ നിന്ന് തിരിച്ചറിയാനായിരിക്കും ദൈവം അവർക്ക് വലിയ അമ്മിഞ്ഞ കൊടുത്തിരിക്കുന്നത് എന്നായിരുന്നു എനിയ്ക്ക് പിടി കിട്ടിയ കാര്യം. അതല്ലെങ്കിൽ പിന്നെ പെണ്ണുങ്ങൾക്കെന്തിനാണ് ഇത്രയും വലിയ അമ്മിഞ്ഞ? കരയിലെ ഏറ്റവും വലിയ സസ്തനിയായ ആനയ്ക്കു പോലും ഇത്ര വലിയ അമ്മിഞ്ഞ ഞാൻ കണ്ടിട്ടില്ല. എന്റെ ഈ കണ്ടുപിടുത്തം ഉടനെ എന്റെ സഹധർമ്മിണിയോട് പറഞ്ഞാലോ എന്നു ഞാൻ കരുതി. പക്ഷേ അവൾ ബ്ളൗസിനു തുണി തിരയുന്ന തിരക്കിലായിരുന്നു. മാത്രമല്ല ഇത്തരം കാര്യങ്ങളൊന്നും അവൾക്കിഷ്ടപ്പെടാൻ സാദ്ധ്യതയില്ലെന്നും ഞാൻ മനസ്സിലാക്കി. അതുകൊണ്ട് ഞാൻ അവിടെ മിണ്ടാതിരുന്നു. വരുന്ന പെണ്ണുങ്ങളുടെ കയ്യിലോ കാലിലോ മയിലാഞ്ചി കൊണ്ടുള്ള മനോഹരമായ ചിത്രങ്ങൾ കാണാം. ശരീരത്തിൽ ഇനി എവിടെയൊക്കെയാണവോ ഇമ്മാതിരി ചിത്രങ്ങൾ വരച്ചിട്ടുള്ളത്? ചിലർ ഇത്തരം ചിത്രങ്ങൾ പച്ച കുത്തിയിട്ടാണുള്ളത്. പച്ച കുത്തലിൽ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല.

കുറേ കഴിഞ്ഞപ്പോൾ എന്റെ ഭാര്യ സംതൃപ്തയായി അവളുടെ ഷോപ്പിങ്ങ് അവസാനിപ്പിച്ചു. അവൾക്ക് വേണ്ടതൊക്കെ കിട്ടി എന്ന് അവളുടെ മുഖഭാവത്തിൽ നിന്നറിയാമായിരുന്നു. കൗണ്ടറിൽ പണം കൊടുത്തിറങ്ങുമ്പോൾ ഇനി വേഗം വീട്ടിലേക്ക് പോകാം എന്നാണ് ഞാൻ കരുതിയത്. അപ്പോൾ അവൾ പറയുകയാണ് "നമുക്ക് ചേച്ചിയുടെ മറ്റേ സാധനം നോക്കണ്ടേ" എന്ന്. എനിക്കപ്പോൾ അവളോട് വന്ന ദേഷ്യത്തിന് അതിരില്ലായിരുന്നു. എന്നോട് എന്തു തോന്ന്യാസവും പറയാറായോ എന്ന് ചോദിക്കുന്ന വണ്ണം ഞാനവളെ ഒന്നു രൂക്ഷമായി നോക്കി. അപ്പോൾ അവൾ പറയുകയാണ്, നമുക്ക് ചേച്ചിക്ക് വാങ്ങിക്കൊടുക്കാനുള്ള 'സെറ്റി കവർ' നോക്കണ്ടേ എന്ന്. അപ്പോൾ അതായിരുന്നു അവൾ ഉദ്ദേശിച്ചത്. പക്ഷേ ഞാനുദ്ദേശിച്ചത് ആകപ്പാടെ മറ്റൊന്നായിരുന്നു.

ഏതായാലും ഇതുവരെ വന്നതല്ലേ, ഇനി അതും കൂടി വാങ്ങിയാൽ ഇനിയൊരു യാത്ര ഒഴിവാക്കമല്ലോ എന്ന് ഞാൻ സമാധാനിച്ചു. ഞാൻ അവളുടെ പുറകേ നടന്നു. ഇമ്മാതിരി സാധനങ്ങൾ റോഡിൽ തന്നെ കിട്ടും. കുറച്ചു നേരത്തെ നടത്തത്തിനുള്ളിൽ അവൾ വേണ്ടതൊക്കെ വാങ്ങുകയും ഞങ്ങൾ തിരിച്ച് കരോൾബാഗ് മെട്രോ സ്റ്റേഷനിലേക്ക് തിരിച്ച് നടക്കുകയും ചെയ്തു.

അപ്പോൾ ഒരു പറ്റം ചെറുപ്പക്കാർ ചൂലുമായി തേരാപാരാ നടക്കുന്നതു കണ്ടു. അവർ കെജ്‌രിവാളിന് വോട്ട് തേടുന്ന ആം ആദ്മിക്കാരായിരിക്കും. കഴിഞ്ഞ തവണ കുറേ വോട്ട് കിട്ടിയെന്ന് കരുതി ഇത്തവണ അവർ രക്ഷപ്പെടുകയൊന്നുമില്ല. വോട്ടർമാർ ഇത്തവണ "ചൂലേ" എന്ന് പറയാനാണ് സാദ്ധ്യത. എന്തായാലും മന്മോഹൻ സിങ്ങ് പോയേ പറ്റൂ. ഒരു 'മമത' ഇല്ലാത്ത ഗവണ്മെന്റാണ് അത് എന്നു ഞാൻ പറഞ്ഞാൽ അതെല്ലാവരും സമ്മതിക്കും. അണ്ണാ ഹസാരെ പറയുന്നത് തന്റെ മമത ബംഗാൾ ഗവണ്മെന്റിനോടാണ് എന്നാണ്. മമതയില്ലാത്ത ഗവണ്മെന്റുകൾ പോയേ പറ്റൂ. മാത്രമല്ല, ഇന്ത്യയെ "മോഡിഫൈ" ചെയ്യാൻ ബീജെപിക്കാർ കിണഞ്ഞു പണിയെടുക്കുമ്പോൾ അവരെ കണ്ടില്ലെന്നു നടിക്കാമോ? MODIfication ഇല്ലാത്ത ഇന്ത്യയെക്കുറിച്ച് എനിയ്ക്ക് ചിന്തിക്കാനാവുന്നില്ല. പക്ഷേ പാവം അധ്വാനിജി, അദ്ദേഹം ഒരു പുരുഷായുസ്സ് അദ്ധ്വാനിച്ചത് വെറുതെയായി. എന്നാലും അദ്ദേഹം പാർട്ടി വിട്ടില്ല; മാന്യൻ. താൻ പടുത്തുയർത്തിയ പാർട്ടിയിൽ നിന്ന് പോകാൻ അദ്ദേഹത്തിനാകുമോ? പാവം...........

കരോൾബാഗ് സ്റ്റേഷനിൽ നിന്ന് മെട്രോയിൽ കയറിയതും ഭാഗ്യത്തിന് ഇരിക്കാൻ സീറ്റ് കിട്ടി. മുഖത്തോട് മുഖം നോക്കിയിരിക്കുന്ന മുന്നിലെ സീറ്റിൽ ഇരിക്കുന്ന പാന്റും ഷർട്ടും ഇട്ടവരിൽ പെണ്ണുങ്ങളും ഉണ്ടെന്ന് മനസ്സിലാക്കാൻ എനിയ്ക്ക് വിഷമമുണ്ടായില്ല. വണ്ടി രാജീവ് ചൗക്കിൽ എത്തിയപ്പോൾ ഒരു പുരുഷാരം തന്നെ അതിൽ കയറി. പൂഴി വാരിയിട്ടാൽ കൊഴിയാത്ത തിരക്ക്. അതിൽ പെണ്ണുങ്ങളും ചെറുപ്പക്കാരികളും ഒക്കെ ഉണ്ടായിരുന്നു.  "Please offer your seat to someone else who needs it more than you do" എന്ന് വണ്ടിയുടെ ചുവരിൽ വലുതായി എഴുതി വച്ചത് ഞാൻ കണ്ടെങ്കിലും അങ്ങനെ ചെയ്യാൻ എനിയ്ക്ക് മനസ്സ് വന്നില്ല. ആളുകൾക്ക് അങ്ങനെ ചെയ്യാൻ ഒരു പ്രോത്സാഹനം എന്ന നിലയ്ക്ക് "ഒരുമയുണ്ടെങ്കിൽ ഉലയ്ക്ക മേലും കിടക്കാം" എന്ന പഴഞ്ചൊല്ലു കൂടി അതിന്റെ താഴെ ബ്രാക്കറ്റിൽ എഴുതി വയ്ക്കണമെന്ന് എനിയ്ക്ക് തോന്നി. പക്ഷേ ആളുകൾ തമ്മിൽ ഇപ്പോൾ ഒരുമ കുറവാണെന്നും അത് ഒരു പക്ഷേ ഈ "ഉലയ്ക്ക" എന്ന സാധനം അന്യം നിന്നു പോയതു കൊണ്ടാകാമെന്നും ഞാൻ ചിന്തിച്ചു.

പണ്ടൊക്കെ ഓരോ വീട്ടിലും ഉലയ്ക്ക ഉണ്ടായിരുന്നു........ ഉരലും. നെല്ലുകുത്തും പതിവായിരുന്നു. എന്തൊരൊരുമയോടെയായിരുന്നു പെണ്ണുങ്ങൾ നെല്ലു കുത്തിയിരുന്നത്? ചെറിയ ഉരൽക്കുഴിയിൽ ഉലയ്ക്കകൾ വന്നു വീഴുന്നത് പരസ്പരം കൂട്ടിമുട്ടാതെയായിരുന്നു. അതോർത്തപ്പോൾ ഉലയ്ക്കകൾ തമ്മിലായിരുന്നുവോ ഈ ഒരുമ എന്ന ചിന്തയും എനിയ്ക്കുണ്ടായി. എന്തായാലും ഇന്നിപ്പോൾ ഒരുമയോ ഉലയ്ക്കയോ നെല്ലുകുത്തോ ഇല്ല. എവിടെയെങ്കിലും തൊഴുത്തിൽകുത്ത് ഉണ്ടായെങ്കിലായി. തൊഴുത്തും അന്യം നിന്നു പോയെങ്കിലും തൊഴുത്തിൽകുത്ത് അന്യം നിന്നു പോകാത്തത് അതിശയമായി എനിയ്ക്ക് തോന്നി. 

ആളുകൾ തമ്മിൽ ഒരുമയുണ്ടെങ്കിൽ എന്റെ മുന്നിൽ നിന്നു നിന്നു കാലു കഴയ്ക്കുന്ന ഏതെങ്കിലും ചെറുപ്പക്കാരിയോട് എന്റെ മടിയിൽ ഇരുന്നോളാൻ പറയാമായിരുന്നു എന്ന് ഞാൻ ചിന്തിച്ചു. പക്ഷേ, സ്ത്രീ പീഡനം അധികമായി നടക്കുന്ന ഇന്നത്തെ കാലാവസ്ഥയിൽ അങ്ങനെ പറയുന്നതിലെ അപകടം എനിക്കറിയാമായിരുന്നതിനാൽ ഞാൻ ആരോടും ഒന്നും പറഞ്ഞില്ല.

അല്പം കഴിഞ്ഞപ്പോൾ മെട്രോവണ്ടി "യമുനാ ബാങ്ക്" എന്ന സ്റ്റേഷനിൽ നിന്നു. അപ്പോൾ വണ്ടിയിൽ നിന്ന് "ഇധർ ഥോഡാ സാ വിളംബ് ഹോഗാ" എന്ന അറിയിപ്പുണ്ടായി. അപ്പോൾ തുറന്നു കിടന്നിരുന്ന വാതിലിലൂടെ ചിലർ പുറത്തിറങ്ങുകയും പ്ളാറ്റ്ഫോമിലുള്ള ATM-ൽ നിന്ന് പണം എടുക്കുകയും ചെയ്തു.   ആളുകൾക്ക് പണം എടുക്കാൻ വേണ്ടിയായിരിക്കും വണ്ടി ഇവിടെ നിർത്തി ഇട്ടതെന്നും യമുനാ ബാങ്കിന്റെതാകും ഈ ATM എന്നും ഞാൻ അപ്പോൾ  ഊഹിച്ചു.  പക്ഷേ ഇങ്ങനെ ഒരു ബാങ്ക് ഞാൻ ഇതു വരെ കേട്ടിട്ടില്ലല്ലോ എന്ന് ഞാൻ ഓർത്തു. ഈ ATM നമ്മുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റേതായിരുന്നെങ്കിൽ ഈ സ്റ്റേഷന്റെ പേർ "സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ" എന്നാകുമായിരുന്നുവല്ലോ എന്നും ഞാൻ ചിന്തിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ "കൃപയ ദർവാസോം സെ ഹട്കർ ഖഡേ ഹോ" എന്ന അറിയിപ്പുണ്ടായി. വാതിൽ താനെ അടയുകയാണ്. വണ്ടി പുറപ്പെടുകയും.

ലക്ഷ്മി നഗർ, നിർമ്മാൺ വിഹാർ, പ്രീത് വിഹാർ, കർക്കർദൂമാ, ആനന്ദ് വിഹാർ എന്നീ സ്റ്റേഷനുകൾ പിന്നിട്ട് മെട്രോ ട്രെയിൻ കൗശാംബിയിലെത്തിയപ്പോൾ ഞങ്ങൾ അവിടെ ഇറങ്ങി. പിന്നീട് ഓട്ടോയിൽ എക്സ്പ്രസ് ഗാർഡനിലേക്ക്. അവിടെയാണ് ഞങ്ങളുടെ വാസം.



2014, മാർച്ച് 23, ഞായറാഴ്‌ച

ഒരു മെട്രോ യാത്ര

നാട്ടിലെ അമ്പലത്തിൽ ഉത്സവമാണ് വരുന്നത്. പോരാത്തതിന് വിഷുവും. നാട്ടിലാണെങ്കിൽ പോയിട്ട് കാലം കുറേ ആവുകയും ചെയ്തിരിക്കുന്നു. ഇതൊക്കെയാണ് നാട്ടിലൊന്ന് പോയാലോ എന്ന ചിന്ത മനസ്സിൽ വരാൻ കാരണം.  കാര്യം അറിഞ്ഞപ്പോൾ സഹധർമ്മിണിക്കാണെങ്കിൽ പാൽപ്പായസം കുടിച്ച സന്തോഷവും. അങ്ങനെയാണ് വേഗം തീവണ്ടിയ്ക്ക് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തത്. ഭാഗ്യം എന്റെ ഭാഗത്തുണ്ടായിരുന്നു. അതുകൊണ്ടാണ് ആർ ഏ സീ ആയിട്ടായാലും ടിക്കറ്റ് തരമായിക്കിട്ടിയത്.

ടിക്കറ്റ് തരമായപ്പോൾ സഹധർമ്മിണി പുതിയൊരു ആവശ്യം അവതരിപ്പിച്ചു. "നാട്ടിൽ പോകാൻ എനിയ്ക്ക് മൂന്നാലു ബ്ളൗസ്  തുന്നിക്കണമായിരുന്നു. അതിന് തുണിയെടുക്കണം." ഒരു ഭാര്യ മാത്രം ഉള്ളവർക്കറിയാം ഭാര്യയുടെ ഇമ്മാതിരി ആവശ്യങ്ങൾ അവഗണിച്ചാലുള്ള പുലിവാല്. അതുകൊണ്ട് ഞാൻ കേട്ട പാടേ 'ശരി' എന്നു പറഞ്ഞു. ഇപ്പൊ ബ്ളൗസൊക്കെ വേണമോ എന്നൊക്കെ ചോദിച്ച് ഉള്ള കഞ്ഞികുടി മുട്ടിക്കണ്ട എന്ന് ഞാൻ തീരുമാനിച്ചു.  നാട്ടിലാണെങ്കിൽ രണ്ട് ബ്ളൗസ് വാങ്ങാവുന്ന പണം വേണം തുണിക്കടയിലേക്കുള്ള യാത്രക്ക് തന്നെ. പക്ഷേ ഡൽഹിയിൽ നിന്ന് വാങ്ങിയ ബ്ളൗസാണ് എന്ന് പറയുന്ന ആ ഒരു സുഖമാണ് സഹധർമ്മിണിയുടെ മനസ്സിലുള്ളത്. അതറിയാവുന്ന ഞാൻ തികഞ്ഞ മൗനം പാലിച്ചതേയുള്ളു.

ഏതായാലും ഒരു വൈകുന്നേരം ഞങ്ങൾ വീടും പൂട്ടി ബ്ളൗസ് വാങ്ങാനിറങ്ങി. രണ്ട് ഫർലോങ്ങ് നടന്നാൽ 10 പേർക്ക് ഇരിക്കാവുന്ന വലിയ ഓട്ടോ കിട്ടും. അതാവുമ്പോൾ മെട്രോ സ്റ്റേഷനിലേക്ക് ഒരാൾക്ക് പത്തുരൂപ കൊടുത്തൽ മതി. ഞെങ്ങി ഞെരുങ്ങി ഇരിക്കണമെന്നേ ഉള്ളു. വീട്ടിൽ നിന്നാണെങ്കിൽ ഓട്ടോക്ക് 60 രൂപയാണ് ഈടാക്കുക. അതുകൊണ്ട് രണ്ട് ഫർലോങ്ങ് നടക്കാമെന്ന് കണക്ക് കൂട്ടിയാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്.

റോഡിലേക്ക് ഇറങ്ങിയ പാടേ ഒരു ഓട്ടോക്കാരൻ മുന്നിൽ വന്നു നിർത്തി എങ്ങോട്ടാണ് എന്നൊരു ചോദ്യം. വൈശാലി മെട്രോ എന്ന് സഹധർമ്മിണിയാണ് മറുപടി കൊടുത്തത്. 30 രൂപയേ ഉള്ളൂ, കയറിക്കോളൂ എന്നായി അയാൾ. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. ആദ്യം ഭാര്യയും പിന്നെ ഞാനും അതിനകത്ത് കയറി. അയാൾ പതുക്കെ ഓട്ടോ വിട്ടു. അയാൾ വേഗത്തിൽ പോകുന്ന മട്ടൊന്നും ഇല്ല. ഒരാളെക്കൂടി കിട്ടാനുള്ള തത്രപ്പാടിലാണയാൾ. ഞാൻ ഭാര്യയുടെ അടുത്തേക്ക് ചേർന്നിരുന്നു. ഇപ്പോൾ എന്റെ ഇടതു വശത്ത് ഒരാൾക്കുകൂടി സുഖമായി ഇരിക്കാം. തിരക്കുള്ള സ്ഥലത്തെത്തുമ്പോൾ അയാൾ വൈശാലി, വൈശാലി എന്നു വിളിച്ചു പറഞ്ഞ് കൊണ്ടിരുന്നു.

വൈശാലി, വൈശാലി എന്ന അയാളുടെ പല്ലവികൾ വൈശാലി എന്ന മലയാളസിനിമയിലേക്ക് എന്റെ ശ്രദ്ധ തിരിച്ചു വിട്ടു. ഞാൻ തിയേറ്ററിൽ പോയി കണ്ട് അല്പം ചില സിനിമകളിൽ ഒന്നാണത്. എം. ടി.യുടെ കഥയിലെ രതിഭാവങ്ങൾ അതേ പടി ഒപ്പിയെടുക്കാൻ സംവിധായകനും ഛായാഗ്രാഹകനും അതിൽ കഴിഞ്ഞിട്ടുണ്ട്. ഗീതയും സുപർണ്ണയും അതിനു തക്കവണ്ണം രതിഭാവത്തോടെ തന്നെയാണ് അതിൽ അഭിനയിച്ചതും. സിനിമയുടെ അവസാനമുള്ള ആ മഴയാണ് ഒട്ടും മറക്കാൻ പറ്റാത്തത്. അതോടൊപ്പമുള്ള ആ പാട്ടും. സിനിമയിലെ രതിഭാവം പോലെ തന്നെ ശ്രദ്ധയാകർഷിക്കുന്നതാണ് ആജാനബാഹുവായ ബാബു ആന്റണിയുടെ രാജാവിന്റെ വേഷം. രാജഗുരുവിന്റെ വേഷത്തിൽ നെടുമുടി വേണുവും മനസ്സിൽ തങ്ങി നിൽക്കുന്നതാണ്.

ഓട്ടോക്കാരന് 15 രൂപ കൂടി കിട്ടാനുള്ള യോഗമുണ്ടായിരുന്നു. എന്റെ ഇടത് വശത്ത് ഒഴിഞ്ഞു കിടക്കുന്ന സീറ്റിലേക്ക് അധികം വൈകാതെ ഒരാളെക്കൂടി അയാൾക്ക് കിട്ടി. അതൊരു ചെറുപ്പക്കാരിയായിരുന്നു. ഓട്ടോ നിർത്തിയ പാടേ അവളെന്റെ ഇടതുവശത്ത് ഇരിപ്പുറപ്പിച്ചു. ഓട്ടോ പോകുന്നത് പതുക്കെയാണെങ്കിലും നല്ല കാറ്റുണ്ടായിരുന്നു. അഴിഞ്ഞുലഞ്ഞു കിടക്കുന്ന അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് താളം പിടിച്ചു. പക്ഷെ, ഒന്നും സംഭവിക്കാത്തതുപോലെ ഞാനിരുന്നു.  അല്ലെങ്കിലും ഇവിടങ്ങളിൽ ഇങ്ങനെയാണ്. ഈ പെണ്ണുങ്ങളൊന്നും മുടി കെട്ടിവയ്ക്കില്ല. കഴുത്തിൽ ആഭരണങ്ങളും കാണില്ല. കഴുത്തിലേക്ക് നോക്കിയാൽ തരിശായിക്കിടക്കുന്ന പാടം പോലെ ഉണ്ടാകും.

എന്റെ ഓഫീസിലും ഉണ്ട് അങ്ങനത്തെ ഒരുത്തി. ആൾ മലയാളിയാണെങ്കിലും മുടി കെട്ടി വയ്ക്കാറില്ലേയില്ല. അവൾ നെഞ്ചും കൂർപ്പിച്ച്, അഴിഞ്ഞുലഞ്ഞ തലമുടിയോടെ എന്റെ മുന്നിൽ നിന്ന് എന്നോട് ഓഫീസ് കാര്യങ്ങളൊക്കെ പറയുമ്പോൾ എന്റെ ശ്രദ്ധ മറ്റു പലതിലും ആയിരിക്കും. അത് അവൾക്ക് മനസ്സിലാകാറുണ്ടോ എന്തോ?  ഓട്ടോ ഓരോ കുണ്ടിലും കുഴിയിലും വീഴുമ്പോൾ സഹയാത്രികയുടെ മാംസളമായ ദേഹം എന്റെ കയ്യിലും മറ്റും ഉരസിക്കൊണ്ടിരുന്നു. എന്റെ ഭാര്യ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നുവോ ആവോ? ഞാൻ മിണ്ടാതെ ഇരുന്നതേയുള്ളു. അധികം വൈകാതെ ഞങ്ങൾ മൂന്നുപേരേയും അയാൾ വൈശാലി മെട്രോയുടെ മുന്നിൽ ഇറക്കി വിട്ടു. ഓട്ടോക്കാരന് 30 രൂപ എണ്ണിക്കൊടുക്കുമ്പോൾ അധികം കൊടുക്കുന്ന 10 രൂപ നഷ്ടമായില്ല എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടിരുന്നു.

ഹോളി കഴിഞ്ഞ സമയമായതിനാൽ ആളുകൾ കമ്പിളി വസ്ത്രങ്ങൾ മുഴുവനായും ഒഴിവാക്കിയിട്ടാണുള്ളത്. ഇനിയങ്ങോട്ട് ഉഷ്ണക്കാലമാണ്; ആളുകൾ ഇനി അൽപ്പവസ്ത്രധാരി കളായിരിക്കും. അതുകൊണ്ടായിരിക്കും, ഓട്ടോയിൽ നിന്ന് ഇറങ്ങിയ പാടേ ഞാൻ കണ്ടത് സ്ലീവ്‌ലെസ്സ് ബ്ലൗസ് ഇട്ട ഒരു ചെറുപ്പക്കാരിയെ ആയിരുന്നു. മെട്രോ ഇറങ്ങി ധൃതിയിൽ പോകുകയാണവൾ. അവളുടെ കയ്യുടെ ചലനങ്ങൾക്കിടയിൽ അവളുടെ കക്ഷത്തിൽ എന്തോ പച്ച കുത്തിയത് ഞാൻ അവ്യക്തമായി കണ്ടു. ഉടനെ ഞാനത് എന്റെ സഹധർമ്മിണിയെ ധരിപ്പിക്കുകയും ചെയ്തു. അതിനവൾ പറഞ്ഞ മറുപടിയാണ് എനിക്ക് ഇഷ്ടപ്പെടാതെ പോയത്. പെണ്ണുങ്ങളെത്തന്നെ നോക്കി നടന്നാൽ ഇതല്ല, ഇതിലപ്പുറവും കാണും എന്നായിരുന്നു അവളുടെ മറുപടി. അവളൊരു പക്ഷേ ആണുങ്ങളെത്തന്നെ നോക്കിനടന്നതു കൊണ്ടായിരിക്കും ഈ സ്ലീവ്‌ലെസ്സുകാരിയെ കാണാതെ പോയത്. അത് എന്റെ കുറ്റമാണോ? ഞാനവളോട് എപ്പോഴും പറയാറുള്ളതാണ് യാത്രയിൽ ആണുങ്ങളെ നോക്കിയിരിക്കരുതെന്ന്. അക്കാര്യത്തിൽ അവൾക്കൊരു മാതൃകയായിക്കൊള്ളട്ടെ എന്ന് കരുതിയാണ് ഞാനെപ്പോഴും പെണ്ണുങ്ങളെത്തന്നെ നോക്കുന്നത്. പക്ഷേ അവൾ അവളുടെ സ്വഭാവം മാറ്റുമോ എന്നൊന്നും എനിക്കുറപ്പില്ല.അവൾ എന്നെ ഒരു മാതൃകയായൊന്നും കാണുന്ന മട്ടില്ല.

വൈശാലി മെട്രോ സ്റ്റേഷനിൽ വണ്ടി കാത്തു നിൽക്കുമ്പോൾ വീണ്ടും ഞാൻ ആ പേരിനെക്കുറിച്ച് ചിന്തിച്ചു. വൈശാലി എന്നു മാത്രമല്ല, കൗശാംബി, വസുന്ധര എന്നൊക്കെ, കേൾക്കാൻ സുഖമുള്ള പേരുകളാണ് ഇവിടത്തെ സ്ഥലങ്ങൾക്ക്. സ്ഥലപ്പേരാലോചിച്ചപ്പോഴാണ് ഒരു തമാശ എന്റെ മനസ്സിൽ കേറി വന്നത്.

സാമൂഹ്യപാഠം ക്ലാസ് നടക്കുകയാണ്.ഇന്ത്യയിലെ മൂന്നു നദികളുടെ പേര് ടീച്ചർ ചോദിച്ചു. സിന്ധു, ഗംഗ, യമുന എന്ന് ഒരു കുട്ടി പറഞ്ഞു. പാക്കിസ്ഥാനിലെ മൂന്നു നദികളുടെ പേരു പറയാനായിരുന്നു അടുത്ത ചോദ്യം. യാതൊരു സംശയവും കൂടാതെ മറ്റൊരു കുട്ടി എഴുന്നേറ്റു നിന്നു പറഞ്ഞു; ആമിന, മൈമുന, ഉമ്മുക്കുൽസു എന്ന്. ഇന്ത്യയിലെ നദികളുടെ പേരുകൾ ഹിന്ദുക്കുട്ടികളുടേതാണെങ്കിൽ പാക്കിസ്ഥാനിലേത് മാപ്പിളക്കുട്ടിക്കളുടേത് ആയിരുക്കുമെന്ന സഹജമായ യുക്തിയാണ്‌ ആ കുട്ടി പ്രയോഗിച്ചത്. അതിൽ യാതൊരു തമാശയും ഇല്ലെന്നാണ് എന്റെ അഭിപ്രായമെങ്കിലും ഈ കാര്യം എഴുതി വന്നത് ഒരു ഫലിതമായിട്ടായിരുന്നു എന്നാണെന്റെ ഓർമ്മ.

വൈശാലി മെട്രോ സ്റ്റേഷനിൽ ആളുകുറവായിരുന്നു. തിരക്കാകാൻ ഇനി സന്ധ്യയാകണം. ആളു കുറഞ്ഞ കാരണം വണ്ടിയിൽ ഇരിക്കാൻ സീറ്റ് തരപ്പെട്ടു. "യാത്രിയോം, ധ്യാൻ ദേ, ഗാഡി കീ ദിശാ മേം പഹലാ ഡിബ്ബാ മഹിളവോം കേലിയേ ആരക്ഷിത് ഹെ. പുരുഷ് യാത്രിയോം സേ അനുരോധ് ഹെ കി മഹിളവോം കേലീയെ ആരക്ഷിത് ഡിബ്ബേ മേം ന ചഡേം. ഐസാ കർനാ ദണ്ഡനീയ് അപരാധ് ഹെ" എന്ന് വണ്ടിയിൽ നിന്ന് അറിയിപ്പുണ്ടായി.  അങ്ങനെ ചെയ്യുന്നതിലെ 'അപരാധം' എന്താണെന്ന് എനിയ്ക്ക് മനസ്സിലായില്ല. അത് ദണ്ഡനീയമാകുന്നതെങ്ങനെ എന്നും എനിക്ക് പിടി കിട്ടിയില്ല. ഇതൊക്കെ ഇത്ര വേദനിപ്പിക്കുന്നതാണോ?

"ആരക്ഷിത്" എന്നു കേട്ടപ്പോൾ തീവണ്ടികളിൽ സ്ത്രീകൾക്കുള്ള അരക്ഷിതാവസ്ഥയാണ് എന്റെ ചിന്തയിൽ ഉദിച്ചത്. ഇങ്ങനെ ആരക്ഷിതമാക്കിയതുകൊണ്ടായിരിക്കും സ്ത്രീകൾ അരക്ഷിതരായത് എന്നു ഞാൻ കരുതി. എങ്കിൽ പിന്നെ ഈ റെയിൽവേക്കാർക്ക് അതങ്ങു മാറ്റിക്കൂടേ? ങ്ഹാ! ആരോട് പറയാനാണ്?

അല്പം കഴിഞ്ഞപ്പോൾ മറ്റൊരറിയിപ്പും വന്നു. "കൃപയാ, ദർവാസോം സെ ഹട്ക്കർ ഖഡെ ഹോ" എന്നായിരുന്നു അത്. വണ്ടി പുറപ്പെടാനുള്ള തിരക്കാണ്. അറിയിപ്പിനു ശേഷം വാതിൽ തനിയേ അടഞ്ഞു.

"അഗലാ സ്റ്റേഷൻ കൗശാംബി ഹെ, ദർവാസേ ബായി തരഫ് ഖുലേംഗെ,"കൃപയാ,സാവ്ധാനീ സേ ഉതരേ" എന്ന് വീണ്ടും അറിയിപ്പുണ്ടായി. അല്ലെങ്കിലും ഇവർ ഈ ഹിന്ദിക്കാർ എല്ലാം 'കൃപയാ" ചേർത്തേ പറയൂ. പിന്നീടങ്ങോട്ട് സ്റ്റേഷനുകൾ പലത് പിന്നിട്ടു. ഞങ്ങൾക്ക് ഇറങ്ങേണ്ടത് രാജീവ് ചൗക്കിലാണ്. അവിടെ എത്തുമ്പോൾ ഞാൻ ഇറങ്ങാൻ തയ്യറായി. അപ്പോഴും "കൃപയാ, സാവ്ധാനീ സേ ഉതരേ" എന്ന അറിയിപ്പുണ്ടായി. സാവധാനം ഇറങ്ങിയാൽ മതിയെന്ന് അവർ കൂടെക്കൂടെ വിളിച്ചു പറയുമ്പോൾ ഞാനെന്തിന് ധൃതി പിടിക്കണം? ഞാൻ പതുക്കെ ഇറങ്ങാമെന്ന് കരുതി. പക്ഷേ തിരക്കൊഴിഞ്ഞ് ഇറങ്ങാൻ നോക്കുന്നതിനു മുമ്പ് വണ്ടിക്ക് പുറത്തുള്ളവർ അകത്ത് കയറുകയും വാതിൽ തനിയേ അടയുകയും ചെയ്തു. ഭാര്യ ഇതൊന്നും അറിയുന്നില്ല. അവൾ വാങ്ങാനുള്ള ബ്ലൗസിനെക്കുറിച്ച് ചിന്തിക്കുകയായിരിക്കും. ഇനിയിപ്പോൾ ഞാൻ എന്തു ചെയ്യാനാണ്?  മെട്രോക്കാർ പറഞ്ഞു പറ്റിക്കുകയല്ലേ ചെയ്യുന്നത്? സാവധാനം ഇറങ്ങിയാൽ  മതി എന്ന് പറയുക. എന്നിട്ട് ഇറങ്ങാൻ സമയം തരാതെ വണ്ടി വിടുക. കൊള്ളാം!

അവർ എന്നോടാണോ കളിക്കുന്നത്? ഞാൻ ആരാ മോൻ? ഞാൻ ഉടനെ എന്റെ തീരുമാനം മാറ്റി. നമുക്ക് കരോൾബാഗിൽ ഇറങ്ങാം എന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. അവിടെയാകുമ്പോൾ വഴിവാണിഭം പൊടിപൊടിക്കുക ആയിരിക്കും, നമുക്കും എന്തെങ്കിലും വാങ്ങാം എന്നും ഞാൻ അവളോട് പറഞ്ഞു.

കരോൾബാഗ് എന്നോർത്തപ്പോൾ മന്ത്രി കബിൽ സിബലിനെയും ഞാൻ ഓർത്തു. അയാൾ അവിടത്തെ സ്ഥാനാർത്ഥിയല്ലേ? അയാൾക്ക് 110കോടി രൂപയുടെ സ്വത്ത് ഉണ്ടത്രെ! എന്തിനാണ് ഒരാൾക്ക് ഇത്രയും പണം? എനിയ്ക്ക് സുഖമായി കഴിയാൻ ഒരുകോടി പോലും വേണ്ട. ആരെങ്കിലും ഒരു കോടി തന്നിരുന്നെങ്കിൽ ഈ പണിയൊക്കെ മതിയാക്കി നാട്ടിലെ ഉത്സവവും മറ്റും കണ്ട് കഴിഞ്ഞുകൂടാമായിരുന്നു. പക്ഷേ ആരു തരാനാണ്? വേണമെങ്കിൽ ആരെങ്കിലും കോടി പുതപ്പിച്ച് കിടത്തുമായിരിക്കും. അല്ലാതെ അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കരുത്.

വണ്ടി കരോൾബാഗിൽ എത്തുമ്പോഴും "കൃപയാ, സാവ്ധാനീ സേ ഉതരേ" എന്ന അറിയിപ്പുണ്ടായി. പക്ഷേ ഇത്തവണ അവർക്കെന്നെ പറ്റിക്കാനായില്ല. ഞങ്ങൾ അവരുടെ അറിയിപ്പ് അവഗണിച്ച് വേഗത്തിൽ പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങി.

തുടരും.....................