2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

വെള്ളാപ്പള്ളി നടേശഗുരുവും ചെമ്പഴന്തി നാണുഗുരുവും

നോബൽ സമ്മാനം എന്നു കേൾക്കാത്തവരുണ്ടോ? ഒരു സമ്മാനം കിട്ടിയാൽ തലമുറകൾക്ക് സുഖമായി ജീവിക്കാം.... ആൽഫ്രഡ് നോബൽ തന്റെ പേരിൽ സമ്മാനങ്ങൾ ഏർപ്പെടുത്താനുള്ള കാരണം അദ്ദേഹത്തിന്റെ കണ്ടുപിടുത്തമായ ഡൈനാമിറ്റായിരുന്നില്ല. മറിച്ച് മനുഷ്യരെ പരസ്പരം കൊന്നൊടുക്കാൻ വേണ്ടി രാഷ്ട്രങ്ങൾ ഈ ഡൈനാമിറ്റിനെ ഉപയോഗിച്ചതും താനാണല്ലോ അതിനുള്ള കാരണക്കാരൻ എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവും ആയിരുന്നു. ഒരിക്കൽ കണ്ടുപിടിച്ചു കഴിഞ്ഞാൽ പിന്നെ അതിന്റെ കണ്ടുപിടുത്തം ഇല്ലാതാക്കാനാകില്ലല്ലോ. കണക്കറ്റ കൊലപാതകങ്ങൾക്ക് ഡൈനാമിറ്റ് കാരണമായതിന്റെ പ്രായശ്ചിത്തമായിരുന്നു ഈ നോബൽ സമ്മാനങ്ങൾ. സമാധാനത്തിനു വേണ്ടി ശ്രമിക്കുക എന്നല്ലാതെ കണ്ടുപിടുത്തം ഇല്ലാതാക്കാൻ അദ്ദേഹത്തിനാകുമായിരുന്നില്ല.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ബ്രാഹ്മണസമൂഹത്തെ നല്ലൊരു മനുഷ്യസമൂഹമാക്കുക എന്നതിനായിരുന്നു മഹാനായ വി. ടി. ഭട്ടതിരിപ്പാട് തന്റെ ജീവിതം ഉഴിഞ്ഞു വച്ചത്. “ബ്രാഹ്മണരെ മനുഷ്യരാക്കുക” എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം.. പക്ഷേ അദ്ദേഹത്തിന്റെ ജീവിതം അവസാനിക്കുന്നതിനു മുമ്പ് മനുഷ്യ സമൂഹത്തിൽ മൊത്തമായി പല തരത്തിലുള്ള ദുഷിച്ച പ്രവണതകളും ഉടലെടുത്തിരുന്നു. ഒടുവിൽ മരിക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞത് ഇനിയൊരു അവസരം കിട്ടിയാൽ “മനുഷ്യരെ ബ്രാഹ്മണരാക്കുക” എന്നതായിരിക്കും തന്റെ ലക്ഷ്യമെന്നാണ്‌. ഒന്നാലോചിച്ചാൽ അദ്ദേഹത്തിന്റേയും ആൽഫ്രഡ് നോബലിന്റേയും അന്ത്യകാലചിന്തകൾ തങ്ങളുടെ പ്രവർത്തികൾക്കെതിരായിരുന്നു.

ലോകോത്തര ശാസ്ത്രജ്ഞൻ ആയിരുന്നല്ലോ ഐൻസ്റ്റൈൻ. അദ്ദേഹം അവസാനകാലത്തു പറഞ്ഞത് “എനിയ്ക്ക് ഇനിയൊരു യൗവ്വനം ഉണ്ടായാൽ വല്ല തെരുവുകച്ചവടക്കാരനായോ മറ്റോ ജീവിക്കുകയേ ഉള്ളൂ” എന്നാണെന്ന് എവിടേയോ വായിച്ചിട്ടുണ്ട്. അത് ശരിയാണെങ്കിൽ അദ്ദേഹത്തിന്റെ മനോഗതി ഭട്ടതിരിപ്പാടിന്റേയും നോബലിന്റേയും അവസാനകാല കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്ഥമല്ലെന്നു വരുന്നു. ജനങ്ങളുടെ നീതിബോധത്തിലും ജീവിതവീക്ഷണങ്ങളിലും വന്ന അസഹനീയമായ വ്യതിയാനം തന്നെയായിരിക്കും അദ്ദേഹത്തിലും ഈ ചിന്ത ഉണ്ടാക്കിയിരിക്കുക.

വി. ടി. ജനിച്ച ബ്രാഹ്മണസമുദായത്തിൽ പെട്ട അരീക്കര ഇല്ലത്തു രാമൻ നമ്പൂതിരിയുടെ പൗത്രനായതു കൊണ്ടാണോ, അതോ ഐൻസ്റ്റൈനെപ്പോലെ ശാസ്ത്രജ്ഞനല്ലെങ്കിലും ഭാരത് സർക്കാറിന്റെ കീഴിൽ ‘ശാസ്ത്രജ്ഞൻ’ എന്ന ഔദ്യോഗികനാമത്തിൽ ജോലി ചെയ്യുന്നതുകൊണ്ടാണോ എന്നറിയില്ല ഞാനും തീർച്ചയാക്കിയിരിക്കുന്നത് ഇനിയൊരു ബാല്യമുണ്ടെങ്കിൽ ഒരു തെങ്ങുകയറ്റക്കാരനായി ജീവിക്കുമെന്നാണ്‌. (എന്താ ഇപ്പോൾ തെങ്ങുകയറ്റക്കാരുടെ ഒരു കൂലി!) പക്ഷേ അന്ന് കേരളത്തിൽ തെങ്ങും ഇന്ത്യയിൽ കേരളവും ഉണ്ടായിരിക്കുമോ എന്ന പേടിയാണ്‌ ഇപ്പോൾ മനസ്സിലുള്ളത്.

കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ പണ്ടു പറഞ്ഞതാണോർമ്മ വരുന്നത്. കേരളത്തിലെ ജാതിചിന്തയും അനാചാരങ്ങളും അസഹനീയമാം വണ്ണം ഹിന്ദുസമൂഹത്തിൽ ആഴ്ന്നിറങ്ങിയപ്പോഴായിരുന്നു അദ്ദേഹം ഇതു പറഞ്ഞത്. നമ്പൂതിരിക്ക് നായാടിയെ കണ്ടുകൂട, അവർണ്ണർ(?)ക്ക് ക്ഷേത്രത്തിൽ കയറിക്കൂടാ എന്നൊക്കെയുള്ള വിവേചനങ്ങൾ സമൂഹത്തിൽ അധികരിച്ചതു മൂലം മനുഷ്യൻ എന്ന സങ്കല്പം തന്നെ ചോദ്യം ചെയ്യപ്പെട്ടു.

“യഥാ ഹി ധർമ്മസ്യ ഗ്ളാനിർ ഭവതി ഭാരത: അഭ്യുത്ഥാനം അധർമ്മസ്യ തദാത്മാനം സൃജാമ്യഹം” എന്നാണല്ലോ പ്രമാണം. കേരളത്തിലെ ഈ അധർമ്മത്തെ ഉന്മൂലനം ചെയ്യാൻ ഭഗവാൻ അവതരിക്കുക തന്നെ ചെയ്തു. ചെമ്പഴന്തിയിൽ നാരായണഗുരുവിന്റെ രൂപത്തിലായിരുന്നു ഭഗവാന്റെ അവതാരം. ശ്രീകൃഷ്ണൻ യാദവകുലത്തിൽ ജനിച്ചതുപോലെ നാരായണഗുരുവും താരതമ്യേന താഴ്ന്ന ജാതിയായ ഈഴവകുലത്തിലാണ്‌ ജനിച്ചത്. അദ്ദേഹം ചിന്തയും തപസ്സും അനുഷ്ടിച്ച ശേഷം, ഉന്നതകുലജാതരെ ബുദ്ധിമുട്ടിക്കാതെ അവർണ്ണർക്ക് പ്രാർത്ഥിക്കാൻ ഒരു ശിവലിംഗപ്രതിഷ്ഠ നടത്തി. ഇതു കണ്ട് സവർണ്ണർക്ക് വിറളി പിടിച്ചത്രെ. ശിവക്ഷേത്രം നിർമ്മിക്കാൻ തനിക്കാരാണ്‌ അനുമതി തന്നത് എന്നായത്രെ സവർണ്ണർ. താൻ പ്രതിഷ്ഠിച്ചത് ഈഴവശ്ശിവനെയാണ്‌ എന്ന വിപ്ളവാത്മകമായ മറുപടിയാണ്‌ അപ്പോൾ അദ്ദേഹം മുന്നോട്ടു വച്ചത്. (ഈഴവശിവനെ പ്രതിഷ്ഠിക്കുമ്പോൾ അദ്ദേഹം ഈഴവപൂണൂൽ ധരിച്ചിരുന്നോ എന്ന കാര്യം ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.) എന്തായാലും ഇത്രയും വിപ്ളവാത്മകമായ ഒരു ചിന്തയോ പ്രവർത്തിയോ മറുപടിയോ മറ്റൊരു മഹാത്മാവിൽ നിന്നും അതുവരെ ഉണ്ടായിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ ഈഴവരായ ഈഴവരെല്ലാം താമസം വിനാ വിപ്ളവപാർട്ടിയായ മാർക്സിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കുകയും ചെയ്തു. വിപ്ളവകാരികൾ ഒന്നിച്ചു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയായിരുന്നുവല്ലോ.

അതിനു ശേഷം ഈഴവർ കൂട്ടത്തോടെ മാർക്സിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്തെങ്കിലും ഈഴവസമുദായത്തിന്റെ ഉന്നമനത്തിന്‌ പാർട്ടി വലുതായൊന്നും ചെയ്തില്ല എന്നു വേണം കരുതാൻ. ഈഴവരെ തങ്ങളുടെ വോട്ട്ബാങ്കായി കണ്ട പാർട്ടി ഗുരുവിന്റെ പേരിൽ ഒരു സർവ്വകലാശാല സ്ഥാപിക്കാനോ മഹത്തായ ഒരു സ്മാരകം തീർക്കാനോ മെനക്കെട്ടില്ല. തെങ്ങു കയറിയും കള്ളു ചെത്തിയും ഈഴവർ ഉപജീവനം കഴിച്ചു. ഈഴവർക്ക് സാമ്പത്തിക വളർച്ച ഉണ്ടായില്ലെങ്കിലും കാലക്രമേണ മറ്റു മതങ്ങൾ നല്ല പോലെ കേരളത്തിൽ ‘പച്ച’ പിടിച്ചു.

വി.ടി. ഒരു സമുദായത്തിൽ മാത്രം പ്രവർത്തിച്ചതുകൊണ്ട് അദ്ദേഹത്തിനു സമൂഹത്തിൽ വന്ന മാറ്റങ്ങൾ വേഗത്തിൽ മനസ്സിലാക്കാനായി. അതുകൊണ്ടു തന്നെ ചിന്തകളിൽ, വേണ്ട മാറ്റം വരുത്തുവാൻ അദ്ദേഹത്തിനായി. എന്നാൽ ശ്രീനാരായണഗുരു സമൂഹത്തിലും സംസ്ഥാനത്തും മൊത്തമായി പ്രവർത്തിച്ചതുകാരണം നാട്ടിലുണ്ടായ രാഷ്ട്രീയ ഉച്ചനീചത്വങ്ങൾ അദ്ദേഹത്തിനു മനസ്സിലാക്കാൻ പറ്റിയില്ല. അതുകൊണ്ടു തന്നെ സമാധിയാകുന്നതു വരെ “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന” കേരളത്തിനായി അദ്ദേഹം ശ്രമിച്ചു. എങ്കിലും, നമ്പൂതിരി മുതൽ നായാടി വരെയുള്ള ഹിന്ദുസമൂഹം ഒത്തൊരുമയോടെ പ്രവർത്തിച്ചില്ലെങ്കിൽ കേരളം മറ്റൊരു ഭ്രാന്താലയമാകുന്ന ചുറ്റുപാടുകളാണ്‌ ഉള്ളതെന്ന് തല്പരകക്ഷികൾ മനസ്സിലാക്കി.

കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. അധർമ്മത്തെ നീക്കി ധർമ്മസംസ്ഥാപനം നടത്താൻ വേണ്ടത് ഒരു പുനരവതാരം മാത്രമാണല്ലോ. ഭഗവാൻ വീണ്ടും അവതരിക്കുക തന്നെ ചെയ്തു. വെള്ളാപ്പള്ളി നടേശഗുരുവിന്റെ രൂപത്തിലായിരുന്നു ഇത്തവണ ഭഗവാന്റെ അവതാരം. ആലപ്പുഴയിൽ കുളിച്ചു തൊഴുത് നെറ്റിയിൽ കുറി തൊട്ട് അദ്ദേഹം ഹിന്ദുസമൂഹത്തിന്റെ ഐക്യത്തിനായി മുന്നിട്ടിറങ്ങുക തന്നെ ചെയ്തു. ഇനിയെല്ലാം ഭഗവാൻ നിശ്ചയിക്കുന്നതു പോലെ...

10 അഭിപ്രായങ്ങൾ:

സുധി അറയ്ക്കൽ പറഞ്ഞു...

ആൾരൂപൻജീ,

കൊള്ളാം.പരിഹാസം ആണോ എന്നും അല്ലയോ തത്പരകക്ഷികൾക്ക്‌ സ്വന്തം ഇഷ്ടം അനുസരിച്ച്‌ വ്യാഖ്യാനിയ്ക്കാം അല്ലേ???

സർവ്വശ്രീ ഡോ.ആൾരൂപൻ ഇന്നേ വരെ ഒരു പ്രവചനവും ശരിയാക്കിയിട്ടില്ലാത്ത ഇന്ത്യൻ കാലാവസ്ഥാശാസ്ത്രജ്ഞനൊന്നും അല്ലല്ലോ അല്ലേ?

യൗവനം തിരിച്ച്‌ കിട്ടി തെങ്ങ്‌ കേറാൻ ആഗ്രഹിക്കുന്ന താങ്കൾ അങ്ങനെ ചെറുപ്പക്കാരനായിട്ട്‌ സുന്ദരനും,സുമുഖനും,സുശീലനുമായി മടവാളുമായി പിന്നെ പോകേണ്ടത്‌ പാണ്ട്യാളത്തിലേക്കാണ്.കുറച്ച്‌ കാലം കഴിഞ്ഞാൽ മുല്ലപ്പെരിയാർ പൊട്ടുകയും,നാലഞ്ച്‌ ജില്ലകൾ അറബിക്കടൽ എടുക്കുകയും;ബാക്കിയുള്ളതിൽ ഏഴെണ്ണം പാണ്ടികൾക്ക്‌ കൊടുക്കാൻ താങ്കളെപ്പോലെ യൗവനം വീണ്ടുകിട്ടി വീണ്ടും സുപ്രീംകോടതിയിൽ സർവ്വീസിൽ കയറിയ ജ:കെ.ടി.തോമസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്‌ വിധിക്കും.ബാലൻസുള്ള രണ്ട്‌ ജില്ലകൾ പാകിസ്ഥാനിൽ ലയിക്കുകയോ അല്ലെങ്കിൽ സ്വതന്ത്രരാജ്യങ്ങളായി പ്രഖ്യാപിയ്ക്കുകയോ ചെയ്യും.
അങ്ങനെ ചരിത്രത്തിലെയ്ക്ക്‌ പിൻ വാങ്ങിയ കേരളത്തിന്റെ സന്തതിയായ താങ്കൾ പാണ്ട്യാളത്തിലേയ്ക്ക്‌ മടവാളും ലാംബി സ്കൂട്ടറുമായി പോകുകയില്ലെന്ന് പ്രതീക്ഷിക്കുകയും;ജരാനരകളേ ബാധിക്കുകയില്ലാത്ത ഞങ്ങടെ മാണിക്കുഞ്ഞിന്റേയും,സ്വന്തമായി പരിപ്പുകൾ വേവിക്കാൻ അറിയാവുന്ന കുഞ്ഞുമാണിയുടേയും സ്വന്തം നാട്ടുരാജ്യമായ പാലാഴിയിൽ താങ്കൾക്ക്‌ വേണ്ടുവോളം വിഹരിയ്ക്കാമെന്ന് വാക്ക്‌ തരികയും ചെയ്യുന്നു.


(ഒരു ഹിന്ദു ദൈവത്തിന്റെ നാമം പേറുന്ന കുലത്തിൽ ജനിച്ച എനിയ്ക്ക്‌ സ്വന്തമായി ഒരു സമുദായാചാര്യൻ ഇല്ല എന്ന ദുഃഖം അടക്കാൻ സാധിക്കുന്നത്‌ ഈ കുലത്തിൽ ജനിക്കുന്നവർക്ക്‌ ആചാര്യന്മാർ ആകാനേ കഴിയൂ എന്നും ,സി.പി.എമ്മിന്റെ വോട്ടുകുത്തികളും കൊടിപിടിയന്മാരുമായി കഴിയേണ്ടവർ ആണെന്ന ബോധ്യം ഉള്ളത്‌ കൊണ്ടാണെന്നും തെര്യപ്പെടുത്തിക്കൊള്ളുന്നു.

ചട്ടമ്പിസ്വാമികളെ
മറന്നില്ലെന്ന് കരുതുന്നു.പിന്നെ പെരുന്ന നായരേയും.)

ചിന്താക്രാന്തൻ പറഞ്ഞു...

വെളുത്തവരും, കറുത്തവരും,കീഴ്‌ജാതിക്കാര്‍,മേല്‍ജാതിക്കാര്‍,മനുഷ്യരെ വേര്‍തിരിക്കുന്ന ഈ പ്രവണതയാണ് ഈ ലോകത്തിന്‍റെ ഏറ്റവുംവലിയ ശാപം .മനുഷ്യര്‍ മനുഷ്യരെ മനുഷ്യരായി കാണുകയാണെങ്കില്‍ ഈ ലോകം എത്ര സുന്ദരം .മനുഷ്യര്‍ സാമ്പത്തീക ശ്രോതസ്സ് തേടിയുള്ള നെട്ടോട്ടമാണ് ഒരുനാള്‍ മരണം എന്ന യാഥാര്‍ത്ഥ്യം അവനെ പിടിക്കൂടും എന്ന നഗ്നമായ സത്യം ഓര്‍ക്കാതെ

ആൾരൂപൻ പറഞ്ഞു...

ഇല്ല സുധീ, ഞാൻ ആരേയും പരിഹസിച്ചിട്ടില്ല. നല്ല ഉദ്ദേശത്തോടെ എഴുതിയതാണ്. ഈയിടെ ഞാനൊരു ബ്ലോഗിൽ ഒരു കമന്റെഴുതിയപ്പോൾ അത് പരിഹാസമാണെന്നു കരുതി ആ ബ്ലോഗർ എന്റെ കമന്റ് നീക്കം ചെയ്യുകയുണ്ടായി. എല്ലാത്തിനേയും ഒരു തമാശയോടെ കാണുക എന്നതാണ് എന്റെ ശീലം. അതായിരിക്കാം കുഴപ്പം.... ചട്ടമ്പി സ്വാമികളെ മറന്നില്ല. പക്ഷേ പെരുന്ന നായരെ ഒഴിവാക്കി.

മനുഷ്യര്‍ മനുഷ്യരെ മനുഷ്യരായി കാണാത്തതുകൊണ്ടല്ലേ നോബലിനും ഭട്ടതിരിപ്പാടിനും ഐൻസ്റ്റൈനുമൊക്കെ തങ്ങളുടെ ചിന്താഗത്ജി മാറ്റേണ്ടി വന്നത്?

സജീവ്‌ മായൻ പറഞ്ഞു...

വിവേകാനന്ദന്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് വിശ്വസിക്കുന്ന
ഒരുവനാണ് ഞാന്‍. എത്രയൊക്കെ വിപ്ലവം പറഞ്ഞാലും ജാതിക്കാര്യത്തില്‍
നവോത്ഥാനകേരളം ഇന്നും ഭ്രാന്താലയം തന്നെ.
അല്ലെങ്കില്‍ എന്തിനാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാതി നോക്കി
സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്.
ജാതിയെ വിട്ടുകളിക്കാന്‍ ആര്‍ക്കും വയ്യ.

ആൾരൂപൻ പറഞ്ഞു...

സജീവ്, മനുഷ്യനെ (മനസ്സിനെ) മയക്കുന്ന കറുപ്പ് (opium) ആണ് മതം എന്നതാണ് അതിന്റെ കാരണം.

Bipin പറഞ്ഞു...

ഇവിടെ കേരളത്തിൽ, അല്ല ഈ ഭാരതത്തിൽ എല്ലാ ജാതികളും വോട്ട് ബാങ്ക് ആണ്. ഈഴവനും പുലയനും ( എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ഞാൻ ചോദിച്ചു ഈ പുലയർ മഹാസഭ എന്ന് പറയാതെ പുലയൻ മഹാസഭ എന്ന് പറഞ്ഞു കൂടേ. " എടെ ഞങ്ങൾക്കും നായർ എന്നൊക്കെ പറയുന്നത് പോലെ ഒരു വെയിറ്റ് വേണ്ടേ എന്ന്) നാടാരും റെ ഡ്ഢി മാരും യാദവരും മീണ മാരും ഒക്കെ രാഷ്ട്രീയ ക്കാരുടെ കയ്യിലെ കളിപ്പാവകൾ. ഓരോരുത്തരും മറ്റവനെക്കാൾ കൂടുതൽ അവകാശത്തിനും തൊ ഴിലെടുക്കാതെ പണം കിട്ടുന്നതിനും ഉള്ള മാർഗങ്ങൾ ആരായുന്നു. അത്ര തന്നെ.

ആൾരൂപൻ പറഞ്ഞു...

ബിപിൻജി, ഹിന്ദുക്കളെ അവഗണിച്ച് മറ്റുമതങ്ങൾക്ക് അനുകൂലമായ നിലപാട് കേരളത്തിലെ ഭരണപ്രതിപക്ഷങ്ങൾ എടുത്തതാണ് ഇന്നത്തെ അവസ്ഥക്ക് കാരണം....

വിനോദ് കുട്ടത്ത് പറഞ്ഞു...

പ്രിയ്യ ആള്‍രൂപന്‍......
ഞങ്ങടെ സ്വന്തം പോപ്പ് ആയ പെരുന്ന നായരെ തള്ളിയതിനാല്‍ തന്നെ .... ഈ പോസ്റ്റിന് പ്രാധാന്യമില്ല...... എന്നിരിന്നാലും....
ഒരു കാര്യം പറയാം..... താങ്കള്‍ പറഞ്ഞ ത് വസ്തു നിഷ്ഠമാണ്..... എന്തിനെയൊക്കെ ഉദ്ധരിക്കാന്‍ വേണ്ടി പ്രവർത്തിച്ചിട്ടുള്ളവര്‍ അതിനെ തള്ളി പറഞ്ഞിട്ടുള്ളത് സത്യമാണ്..... കാരണം സമൂഹത്തിന്‍റെ അപകടം പിടിച്ച മലക്കം മറിച്ചില്‍ തന്നെയാണ്....
ഈ നാടു നന്നാവാന്‍ ഒരു വഴിയേ ഉള്ളൂ...... സകല ജാതി രാഷ്ട്രീയ പാര്‍ട്ടികള്‍ നിരോധിക്കുക...... മുഴുവൻ സംവരണം .... എടുത്തു കളയണം.......
സകലമാന ജാതിമത കോമരങ്ങള്‍ക്കും ദൈവങ്ങള്‍ക്കും നല്ല ബുദ്ധി വരട്ടെ എന്നാശംസിക്കുന്നു......
നന്നായി എഴുതി ആശംസകൾ.....

ആൾരൂപൻ പറഞ്ഞു...

വിനോദേ, സംവരണം എടുത്തു കളയുകയോ? ശിവ, ശിവ, രാഷ്ട്രീയപ്പാർട്ടികൾ കേൾക്കേണ്ട. ഈയിടെ അതൊരു ഹൈന്ദവൻ പറഞ്ഞതേയുള്ളു; ഉടനെ ബിജെപി തന്നെ എതിർത്തു. അപ്പോൾ ബാക്കിയുള്ളവരുടെ കാര്യം പറയണോ? പിന്നെ, നായർക്കും നമ്പൂരിക്കുമൊക്കെ എന്തിനാ സംവരണം? വിശക്കുമ്പോൾ മുണ്ടു മുറുക്കി ഉടുത്താൽ പോരേ?

വിനോദ് കുട്ടത്ത് പറഞ്ഞു...

അതെ മുണ്ടു മുറുക്കിയുടുത്ത് വിശപ്പു മാറ്റാം....