2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

കുറ്റിച്ചൂൽ

പണ്ടൊക്കെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നത് കുറ്റിച്ചൂലുകളായിരുന്നുവെന്നാണ്‌ ചരിത്രം പറയുന്നത്. പ്രതിപക്ഷങ്ങൾ നിറുത്തുന്ന നല്ല എണ്ണം പറഞ്ഞ സ്ഥാനാർത്ഥികളെ ആയിരുന്നു ഈ കുറ്റിച്ചൂലുകൾ തോൽപ്പിച്ചിരുന്നത്. കാലം പിന്നിട്ടതോടെ കോൺഗ്രസ്സിന്‌ അനായാസം സാധിച്ചിരുന്ന ഈ കഴിവ് പരിപൂർണ്ണമായി ഇല്ലാതാവുകയും കുറ്റിച്ചൂലുകളെല്ലാം തന്നെ ബി. ജെ. പി. യുടെ മുന്നിൽ തോറ്റു തുന്നം പാടുകയും ചെയ്തു. ഇതെന്താണ്‌ ഇങ്ങനെ സംഭവിക്കുന്നത് എന്ന ന്യായമായ ഒരു ഉത്ക്കണ്ഠ എന്നെ ഗ്രസിക്കുകയും ഞാനതിനെക്കുറിച്ച്‌ ഒരന്വേഷണം നടത്തുകയും ചെയ്തു. അപ്പോഴാണ്‌ ചൂലുകൾക്കും കുറ്റിച്ചൂലുകൾക്കും വന്നുപെട്ട അതിഗഹനമായ മൂല്യശോഷണം എന്റെ ശ്രദ്ധയിൽ പെട്ടത്.

കേരളീയരെ എ.പി. എൽ., ബി. പി.എൽ. എന്നിങ്ങനെ രണ്ടായിത്തിരിച്ച അടുത്ത കാലം വരെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള വ്യത്യാസം കൂടാതെ സകല മതസ്ഥരും ഒരുപോലെ ഉപയോഗിച്ചിരുന്നത് തെങ്ങിന്റെ ഈർക്കിൽ കൊണ്ടുണ്ടാക്കുന്ന ചൂലുകളായിരുന്നു. അന്നൊക്കെ 3 തരം ചൂലുകളാണ്‌ ഉണ്ടായിരുന്നത്. തെങ്ങിൽ നിന്ന് വെട്ടിയെടുത്ത നല്ല മൂത്ത ഓലയുടെ ഈർക്കിൽ കൊണ്ടുണ്ടാക്കുന്ന നല്ല നീളമുള്ള ചൂലുകളാണ്‌ ഇവയിൽ ആദ്യത്തെ ഇനം. ഇത് വീടിന്റെ അകം അടിച്ചുവാരി വൃത്തിയാക്കുന്നതിനാണ്‌ ഉപയോഗിച്ചിരുന്നത്. നല്ല നീളമുള്ളതുകാരണം ശരീരം കുനിയാതെ തന്നെ നിലം അടിച്ചുവാരാൻ ഇവ ഉപകരിക്കുമായിരുന്നു. അത്തരം ചൂലിന്റെ ചിത്രമാണ്‌ താഴെ കൊടുത്തിരിക്കുന്നത്.

വീടിന്റെ സീലിങ്ങും ചുമരുകളും മുക്കും മൂലയും എല്ലാം അടിച്ചുവാരാൻ ഇത് ഉപയോഗിച്ചു വന്നു.  ഏതു വിഭാഗത്തിലുമുണ്ടല്ലോ ആഢ്യന്മാരും അധ:കൃതരും. ചൂലുകളിലെ ആഢ്യന്മാരാണിവ. വീടിന്റെ പൂമുഖത്ത് മാത്രമല്ല, വേണ്ടിവന്നാൽ പൂജാമുറിയിലും ഈ ചൂലുകൾക്ക് പ്രവേശനം സാധ്യമാണ്‌.  എങ്കിലും അടുക്കളയോട് ചേർന്നാണ് ഇവയുടെ പൊതുവായ വിശ്രമസ്ഥലം. അതുകൊണ്ടു തന്നെ അടുക്കളയിലെ ഒരുപാടു രഹസ്യങ്ങൾക്ക് ഈ ചൂലുകൾ സാക്ഷിയാണ്‌.  രഹസ്യങ്ങൾ മാത്രമല്ല സ്ത്രീകളുടെ ഒരുപാടു കണ്ണീരും മൂക്കീരും കൂടി ഈ ചൂലുകൾ കണ്ടുകാണും. പെണ്ണുങ്ങൾ അടുക്കളയിലിരുന്നാണല്ലോ കരയുക. ഈ ചൂൽ പക്ഷേ പുരപ്പുറം തൂക്കാനൊന്നും ഉപയോഗിച്ചിരുന്നില്ല. അന്നൊക്കെ പുത്തനച്ചിയായിരുന്നു പുരപ്പുറം തൂത്തുകൊണ്ടിരുന്നത്. “പുത്തനച്ചി പുരപ്പുറം തൂക്കും” എന്നൊരു പഴഞ്ചൊല്ലു തന്നെ അന്നുണ്ടായിരുന്നു.

ഉപയോഗിക്കും തോറും നീളം കുറയുക എന്നത് ചൂലുകളുടെ ഒരു ജനിതകസ്വഭാവമാണ്‌. അങ്ങനെ, കുറേ കാലം അടിച്ചുവാരാൻ ഉപയോഗിച്ചു കഴിയുമ്പോഴാണ്‌ ഒരു സാധാരണ ചൂൽ നീളം കുറഞ്ഞ് കുറ്റിച്ചൂലാകുന്നത്.  അത്തരം ഒരു കുറ്റിച്ചൂലാണ്‌ താഴെ ചിത്രത്തിലുള്ളത്. ചൂലുകളിലെ മദ്ധ്യവർഗ്ഗമാണിവ. ഇതാണ് രണ്ടാമത്തെ ചൂല്. ഇവരുടെ സ്ഥാനം വീടിനു പുറത്താണ്‌. മുറ്റം വൃത്തിയാക്കലാണ്‌ ഇവയുടെ പ്രധാന ജോലി. പറമ്പുകൾ അടിച്ചുവാരാനും ഈ കുറ്റിച്ചൂലുകളാണ് നിയോഗിക്കപ്പെട്ടിരുന്നത്. നല്ല ശക്തിയും ധാരാളം അനുഭവജ്ഞാനവും ഈ കുറ്റിച്ചൂലുകൾക്ക് കൈമുതലാണ്‌. ഉമ്മറം മുതൽ അടുക്കളവരെയുള്ള സ്ഥലങ്ങളിൽ പ്രവർത്തിച്ചതിന്റെ ഗുണമാണത്.












മുറ്റത്തെ മണ്ണും പൊടിയും മാത്രമല്ല കല്ലും കട്ടയും വരെ തൂത്തുമാറ്റാൻ ഈ കുറ്റിച്ചൂലുകൾക്കാവും. അതുപോലെ മനുഷ്യസമൂഹത്തിലെ വേണ്ടാത്തരങ്ങളൊക്കെ പാടെ ഉന്മൂലനം ചെയ്യാനായിരിക്കും കോൺഗ്രസ്സുകാർ കുറ്റിച്ചൂലുകളെ രാഷ്ട്രീയത്തിലേക്കിറക്കി വിട്ടിട്ടുണ്ടാകുക.

കുറ്റിച്ചൂലുകൾ കുറേ ഉപയോഗിച്ചുകഴിയുമ്പോൾ അവയുടെ നീളം വളരെ കുറഞ്ഞ് വീണ്ടും കുറ്റിയാകും. അവയ്ക്ക് പിന്നെ മുറ്റമടിച്ചു വാരാനുള്ള കെൽപ്പില്ലാതാകും. എങ്കിലും അവയുടെ ശക്തിക്ക് ഒരു കുറവും സംഭവിച്ചിട്ടുണ്ടാകില്ല. കക്കൂസുകളിലായിരുന്നു പിന്നീടവയുടെ സ്ഥാനം. ൿളോസറ്റ് അടിച്ചു വൃത്തിയാക്കുക എന്നതാണ്‌ പിന്നീടവയുടെ ജോലി. ചൂലുകളിൽ അധ:കൃതസ്ഥാനമാണ്‌ ഇവയ്ക്കുള്ളത്. ഇതാണ് മൂന്നാമത്തെ തരം ചൂല്.  അധ:കൃതരാണെങ്കിലും ഇവയ്ക്ക് എവിടേയും സംവരണം ഏർപ്പെടുത്തപ്പെട്ടിട്ടില്ല.  ക്ഷേത്രങ്ങളും പൂജാമുറികളും, എന്തിന് വീടിന്റെ വരാന്ത പോലും ഇവയ്ക്ക് വർജ്ജ്യമാണ്. കക്കൂസിൽ കുറേ നാൾ ഉപയോഗിച്ചു കഴിയുമ്പോൾ ഇവയുടെ ജീവിതോദ്ദേശം പരിപൂർണ്ണമാകുകയും ആരെങ്കിലും അതിനെ വല്ല തെങ്ങിൻകുഴിയിലോ വാഴക്കുഴിയിലോ വലിച്ചെറിയുകയും ചെയ്യും.

കക്കൂസിലെ ക്‌ളോസറ്റ് കഴുകുന്ന കാര്യം പറഞ്ഞപ്പോൾ ഓർമ്മ വന്നത് ഗാന്ധിജിയെയാണ്. അദ്ദേഹം സ്വയം കക്കൂസ് കഴുകിയിരുന്നുവത്രെ. അദ്ദേഹത്തിനതാകാം. ലോകപ്രശസ്തർക്ക് എന്താ ചെയ്തു കൂടാത്തത്? നമ്മൾക്ക് പറ്റിയ പണിയല്ല അത്.  രാഷ്ട്രപിതാവാക്കുമെങ്കിൽ നമ്മളും, ഒരുപക്ഷേ, അത് ഒരു കൈ നോക്കുമായിരുന്നു.  കയ്യിൽ ധാരാളം പണവും ജോലി ചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികളും ഉള്ളപ്പോൾ നമ്മൾ ഇത്തരം പണികൾ പയറ്റുന്നത് ശരിയല്ല തന്നെ.

വീട്ടിലും പരിസരത്തുമായി ഈർക്കിൽചൂലുകൾ സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുമ്പോഴായിരുന്നു പ്ളാസ്റ്റിക്കിന്റെ രംഗപ്രവേശം.  സമൂഹത്തിലും ജനമദ്ധ്യത്തിലും സമൂലമായ മാറ്റം വരുത്താൻ ഈ പ്‌ളാറ്റിക്കുകൾക്കായി.  സാധാരണ ഗതിയിൽ സമൂഹത്തിൽ ഒരു മാറ്റത്തിനു വേണ്ടി ശ്രമിക്കുമ്പോൾ ജനങ്ങളിൽ നിന്നും ശക്തമായ എതിർപ്പ് ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. എന്നാൽ പ്‌ളാസ്റ്റിക്കിന്റെ കാര്യത്തിൽ ഇതുണ്ടായില്ല. ജാതിമതഭേദമെന്യേ, ആബാലവൃദ്ധം ജനങ്ങൾ പ്ളാസ്റ്റിക്കിനെ ഹൃദയത്തിലും കൈകളിലും ഏറ്റുവാങ്ങി. രാവിലെ എഴുന്നേറ്റാൽ പല്ലു തേക്കാനുപയോഗിക്കുന്ന ടൂത്ബ്രഷ് മുതൽ രാത്രിയിൽ കിടക്കാനുള്ള പായ വരെ പ്ളാസ്റ്റിക്കിനു വഴി മാറി. ഭൂമിയും പരിസരവും മലീമസമായെങ്കിലും ജീവിതം സൗകര്യപ്രദവും ആഹ്‌ളാദപൂർണ്ണവും ആയിത്തീർന്നു. ആനന്ദലബ്ദിക്കിനിയെന്തു വേണം?

തെങ്ങുകൾക്കെല്ലാം മണ്ഡരിരോഗം ഉണ്ടാകുകയും നാട്ടുകാർ തെങ്ങെല്ലാം വെട്ടിക്കളയുകയും ചെയ്യുമെന്ന സത്യം മുൻകൂട്ടിക്കാണാന്മാത്രം ദീർഘദൃഷ്ടി ഉള്ളവരായിരുന്നു പ്ളാസ്റ്റിക്ക് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയിലെ കമ്പനികൾ.  അവർ പ്‌ളാസ്റ്റിക്ക് കൊണ്ട് വിവിധങ്ങളായ ചൂലുകൾ ഉണ്ടാക്കി വിറ്റു. ചൂലുകൾക്ക് ഒത്തുചേർന്നു പ്രവർത്തിക്കാനുള്ള മുറം എന്ന ഉപകരണവും പ്‌ളാസ്റ്റിക്കിനാൽ നിർമ്മിതമായി. കേരളത്തിൽ തെങ്ങുകൾ ധാരാളമുണ്ടെന്നോ തങ്ങളുടെ പൂർവ്വീകർ ഈർക്കിൽചൂലുകളാണ് ഉപയോഗിച്ചിരുന്നതെന്നോ ഉള്ള തിരിച്ചറിവില്ലാതെ എല്ലാവരും പ്‌ളാസ്റ്റിക് ചൂലുപയോഗിക്കാൻ തുടങ്ങി.  ഇന്ന് വിവിധ തരത്തിലുള്ള പ്‌ളാസ്റ്റിക് ചൂലുകൾ പ്രചാരത്തിലുണ്ട്. പ്രചുരപ്രചാരം നേടിയ രണ്ടിനങ്ങളാണ് താഴെ ചിത്രത്തിൽ ഉള്ളത്. ഇവയെ ബ്രഷുകൾ എന്നു വിളിക്കാനാണ് എനിക്കിഷ്ടം. എന്നാൽ ഇന്ന് വീട് ഭരിക്കുന്ന കുടുംബിനികൾ ചൂൽ എന്ന പേർ നൽകി അവയെ ചൂലായി ഉപയോഗിക്കുന്നു. ചൂലിന്റെ ഒരു ഗുണവും ഇല്ലാത്ത ഇത്തരം ബ്രഷുകളെ ചൂൽ എന്നു വിളിക്കുന്നവരെ ചൂലേ എന്നു വിളിക്കാൻ എനിയ്ക്കു മടിയില്ലെങ്കിലും ആരും വിളി കേൾക്കില്ല എന്നാണെന്റെ അനുമാനം.

ഈയിടെ എന്റെ ഭാര്യയും ഒരു പ്ളാസ്റ്റിക് ചൂൽ വാങ്ങി. അതാണ് ഈ കുത്തിക്കുറിപ്പിനാധാരം. അതു വാങ്ങാതിരിക്കാൻ ഞാൻ ഒരു വിഫലശ്രമം നടത്താതിരുന്നില്ല. വീടിന്റെ മുറ്റത്ത് കിടക്കുന്ന നല്ല തെങ്ങോലകളായിരുന്നു അപ്പോൾ എന്റെ മനസ്സിൽ.  നല്ല ഈർക്കിൽ ചൂൽ ഒന്ന് ലീവ് കഴിഞ്ഞു പോകുന്നതിനു മുമ്പ് ഞാനുണ്ടാക്കിത്തരാം എന്നു ഞാനെന്റെ ഭാര്യയോട് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. ടൈൽ ഇട്ട നിലം അടിച്ചുവാരാൻ പ്ളാസ്റ്റിക് ചൂൽ തന്നെ വേണമത്രെ. അതു കേട്ടപ്പോൾ പണ്ടു കുറവൻ പറഞ്ഞതാണ്‌ എന്റെ ഓർമ്മയിൽ വന്നത്. വീട്ടുകാരിക്ക് ഒരു സ്റ്റാറ്റസ് ഒക്കെ വേണമെങ്കിൽ വീട്ടിൽ പ്ളാസ്റ്റിക് ചൂൽ തന്നെ വേണമെന്നാണ്‌ ഭാര്യ പറഞ്ഞതിന്റെ അർത്ഥം. വിവാഹജീവിതം എന്ന സംയുക്തപദത്തിന്‌ ഒത്തുതീർപ്പ് എന്നാണല്ലോ എന്റെ നിഖണ്ഡുവിലെ അർത്ഥം. അതുകൊണ്ട്, മറുത്തൊന്നും പറയാതെ പ്ളാസ്റ്റിക് ചൂൽ വാങ്ങാനുള്ള സമ്മതം ഞാൻ അറിയിച്ചു. ജീവിതത്തിൽ ഒരു ഭാര്യ മാത്രം ഉള്ളവർ ഇതുപോലെ എന്തെല്ലാം ഒത്തുതീർപ്പുകൾക്ക് തയ്യാറാകുന്നുണ്ടാകും!

ഡിക്ഷനറിയുടെ കാര്യം പറഞ്ഞപ്പോഴാണ് ദാമ്പത്യം എന്ന വാക്കും അതിലുണ്ടല്ലോ എന്നു ഞാൻ ഓർത്തത്. അതിന്റെ അർത്ഥം കൊടുത്തിരിക്കുന്നത് 'വിട്ടുവീഴ്ച' എന്നാണ്. മറ്റുള്ളവർക്കുവേണ്ടി സ്വന്തം നിലപാടിൽ വെള്ളം ചേർക്കുന്നത് വലിയൊരു വീഴ്ചയായതു കൊണ്ടായിരിക്കും ഇത്തരം നിലപാടുകളെ വിട്ടുവീഴ്ച എന്നു പറയുന്നത്. 

പ്‌ളാസ്റ്റിക് ബ്രഷുകൾ ഉൾപ്പെടുന്ന പ്‌ളാസ്റ്റിക് ഉത്പന്നങ്ങൾ ഉണ്ടാക്കി വിറ്റത് പ്രധാനമായും ബിജെപിയുടെ ശക്തിശ്രോതസ്സായ വ്യവസായികളായിരുന്നു.  അപ്പോൾ തെരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാർത്ഥികൾക്ക് പ്രാമുഖ്യം ലഭിക്കുക എന്നത് സ്വാഭാവികമാണല്ലോ.  അങ്ങനെയാണ് കുറ്റിച്ചൂലുകൾ തോൽക്കുകയും ബിജെപിക്കാർ തെരഞ്ഞെടുപ്പുകളിൽ ജയിച്ചു കയറുകയും ചെയ്തത്.

അരവിന്ദ് കെജ്രിവാളിനു മാത്രമാണ് പിന്നീട് ഈർക്കിൽ ചൂലുകൾക്ക് ഒരു ശാപമോക്ഷം നൽകാൻ കഴിഞ്ഞത്.പക്ഷേ അതദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ ഒതുങ്ങി നിന്നു. പ്‌ളാസ്റ്റിക്കിനെ തൊടാൻ അദ്ദേഹത്തിന്റെ ഗവണ്മെന്റിനു കഴിഞ്ഞില്ല. പ്‌ളാസ്റ്റിക് നിരോധനത്തിനെതിരേ ഡൽഹിയിൽ മുൻ ഗവണ്മെന്റ് കൊണ്ടുവന്ന നിയമങ്ങൾക്ക് കോടതിയുടെ വിലക്കുണ്ട് എന്നതു തന്നെ കാരണം. പ്‌ളാസ്റ്റിക്കിനെ വെല്ലാൻ ആർക്കും സാധ്യമല്ലെന്നു മാത്രമല്ല ജനങ്ങൾ അതിന്റെ അടിമകളായി മാറുകയും ചെയ്തിരിക്കുന്നു. ജീവിതവും ഭൂമിയും ഇപ്പോൾ പ്‌ളാസ്റ്റിക് മയമായിരിക്കുന്നു. 

3 അഭിപ്രായങ്ങൾ:

സുധി അറയ്ക്കൽ പറഞ്ഞു...

ഇത്രയും അതിഗഹനമായ രീതിയിൽ ചിന്തിയ്ക്കപ്പെട്ട മസ്തിഷ്കത്തിന്റെ ഉടമയെ ആദ്യമേ തന്നെ നമിയ്ക്കുന്നു.

കാംക്രസ്സുകാരെ അവസ്സനം കക്കൂസ്‌ കഴുകിക്കാമെന്നും,വ്യവസായികൾ ബി.ജേ.പിയെ ജയിപ്പിക്കുന്നു എന്നും,കെജ്രിവാൾ വെറും ചൂൽ ആണെന്നുമൊക്കെ ഞാൻ ചുമ്മാ അങ്ങ്‌ ചിന്തിച്ചൂ കൂട്ടി.




ആ!!!!പിന്നല്ലാതെ.ഇരുമ്പുലക്കയ്ക്കൊരിയ്ക്കലും അഭിപ്രായമാകാൻ കഴിയില്ലല്ലോ!!!

സജീവ്‌ മായൻ പറഞ്ഞു...

ചിന്തകള്‍ ഭീകരം തന്നെ! സമ്മതിക്കണം.
ഒരര്‍ത്ഥത്തില്‍ ഇതൊക്കെ ശരിയാണ്...
എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കയല്ലേ.

ആൾരൂപൻ പറഞ്ഞു...

എന്നാലും എന്റെ സുധീ, സജീവ്, ഇതൊക്കെ വായിക്കാൻ മെനക്കെടാൻ തക്ക വില കുറഞ്ഞതാണോ നിങ്ങളുടെ സമയങ്ങൾ?

ഞാനൊരു ചമ്മട്ടി കയ്യിൽ കരുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണിപ്പോൾ തോന്നുന്നത്.